യുഎഇയിൽ നിന്നുള്ള തുടർ വിമാന സർവീസുകൾ പൊതുമാപ്പ് ഉപയോഗിക്കുന്നവർക്ക് വേണ്ടിയെന്ന് ദുബായ് കെഎംസിസി

യുഎഇയിൽ നിന്ന് ചാറ്റേർഡ് ഫ്ലൈറ്റ് തുടരുന്നത് സംബന്ധിച്ച് വിശദീകരണവുമായി ദുബായ് കെഎംസിസി.  കൊവിഡ് പശ്ചാത്തതലത്തിൽ യുഎഇ ഗവൺമെന്റ് അനുവദിച്ച ഹ്രസ്വകാല പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർക്കായാണ് നിലവിൽ ചുരുക്കും ചാർട്ടേഡ് വിമാന സർവീസുകൾ തുടരുന്നതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

KMCC says followup services from the UAE are for amnesty users

ദുബായ്: യുഎഇയിൽ നിന്ന് ചാറ്റേർഡ് ഫ്ലൈറ്റ് തുടരുന്നത് സംബന്ധിച്ച് വിശദീകരണവുമായി ദുബായ് കെഎംസിസി. കൊവിഡ് പശ്ചാത്തതലത്തിൽ യുഎഇ ഗവൺമെന്റ് അനുവദിച്ച ഹ്രസ്വകാല പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർക്കായാണ് നിലവിൽ ചുരുക്കും ചാർട്ടേഡ് വിമാന സർവീസുകൾ തുടരുന്നതെന്ന് ഭാരവാഹികൾ വ്യക്തമാക്കി. 

ദുബായ് കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, ആക്റ്റിംഗ് പ്രസിഡന്റ് മുസ്തഫ വേങ്ങര, ഓര്‍ഗ.സെക്രട്ടറി ഹംസ തൊട്ടി, സെക്രട്ടറിയും ഫ്‌ളൈറ്റ് ചാര്‍ട്ടറിംഗ് കോഓര്‍ഡിനേറ്ററുമായ അഡ്വ. ഇബ്രാഹിം ഖലീല്‍ അരിമല എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

യുഎഇ ഗവണ്‍മെന്റ് പ്രഖ്യാപിച്ച താല്‍ക്കാലിക പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്ന നിരവധി പേർ കെഎംസിസിയെ സമീപിച്ചിരുന്നു. കുറഞ്ഞ നിരക്കിൽ നാട്ടിലെത്താൻ സൌകര്യമൊരുക്കണമെന്നായിരുന്നു ആവശ്യം.  ഈ അഭ്യര്‍ത്ഥന പരിഗണിച്ചാണ് പത്തോളം ചാര്‍ട്ടേഡ് സര്‍വീസുകള്‍ കൂടി ദുബായ് കെഎംസിസി ഏര്‍പ്പെടുത്തുന്നത്. 

ദുബായ് കെഎംസിസിക്ക് അനുമതി ലഭിച്ച 33 വിമാന സര്‍വീസുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. പത്തോളം സര്‍വീസുകള്‍ കൂടിയാണ് ഇനി ബാക്കിയുള്ളത്. ആകെ 43 ചാര്‍ട്ടേഡ് വിമാന സര്‍വീസുകളാണ് ദുബായ് കെഎംസിസിക്കായുള്ളത്. ഇവ പൂര്‍ത്തിയാകുന്നതോടെ പുതിയ ചാര്‍ട്ടേഡ് വിമാനങ്ങള്‍ വേണ്ടതില്ലെന്നാണ് ഇപ്പോഴത്ത തീരുമാനം.  അനന്ത കാലം ദുബായ് കെഎംസിസി ഈ സേവനം നടത്താന്‍ ഉദ്ദേശിക്കുന്നില്ല. 

ഈ സര്‍വീസുകള്‍ ട്രാവല്‍ ഏജന്‍സികളുടെ നിലനില്‍പ്പിന് ബാധിക്കുന്നതല്ല. ഇതുമായി ബന്ധപ്പെട്ട് ചിലര്‍ ഉയര്‍ത്തിയ ആശങ്കകള്‍ അസ്ഥാനത്താണെന്നും ഭാരവാഹികൾ വ്യക്തമാക്കി. വന്ദേ ഭാരത് മിഷന്‍ വിമാന സര്‍വീസുകള്‍ അപര്യാപ്തമായപ്പോള്‍ ചാര്‍ട്ടേഡ് സര്‍വീസുകള്‍ക്കായി ദുബായ് കെഎംസിസിയാണ് ആദ്യം രംഗത്ത് വന്നത്.

ദുബായ് കെഎംസിസിക്ക് ലഭിച്ച വ്യാപക പിന്തുണയെ ഇകഴ്ത്താനും അവമതിക്കാനും ചിലര്‍ നടത്തുന്ന ദുഷ്ട നീക്കമായേ ഇപ്പോഴത്തെ വില കുറഞ്ഞ പ്രചാരണങ്ങളെ കാണുന്നുള്ളൂ. ഇത് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുകയാണെന്നും മഹത്തായ ജനസേവന താല്‍പര്യവുമായി ദുബായ് കെഎംസിസി മുന്നോട്ടു പോകുമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

Latest Videos
Follow Us:
Download App:
  • android
  • ios