ഒമാനിലെ പ്രവാസികൾക്ക് ആശ്വാസമായി ആദ്യ ചാർട്ടേർഡ് വിമാനം നാളെ കോഴിക്കോട്ടേക്ക്
115 ഒമാനി റിയാലാണ് ടിക്കറ്റ് നിരക്കെങ്കിലും 75 ഒമാനി റിയൽ മാത്രമേ യാത്രക്കാരിൽ നിന്നും വസൂലാക്കുന്നുള്ളുവെന്നും ബാക്കി തുക മസ്കത്ത് കെ.എം.സി.സി വഹിക്കുകയാണെന്നും ട്രഷറർ യൂസഫ് സലീം പറഞ്ഞു.
മസ്‍കത്ത്: കെ.എം.സി.സിയുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ ആദ്യ ചാർട്ടേർഡ് വിമാനം നാളെ രാവിലെ 8 മണിക്ക് മസ്കത്തിൽ നിന്ന് കോഴിക്കോടേക്ക് പുറപ്പെടും. ഒമാനിൽ നിന്ന് ഒരു ഇന്ത്യൻ പ്രവാസി സംഘടനയുടെ നേതൃത്വത്തിലുള്ള ആദ്യ ചാർട്ടേർഡ് വിമാനമാണിത്. നാളെ 180 യാത്രക്കാരുമായി പറന്നുയരുന്ന സലാം എയറിന്റെ OV 1481 നമ്പർ വിമാനം ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിക്ക് കോഴിക്കോട് എത്തും.
115 ഒമാനി റിയാലാണ് ടിക്കറ്റ് നിരക്കെങ്കിലും 75 ഒമാനി റിയാൽ മാത്രമേ യാത്രക്കാരിൽ നിന്നും ഈടാക്കുന്നുള്ളുവെന്നും ബാക്കി തുക മസ്കത്ത് കെ.എം.സി.സി വഹിക്കുകയാണെന്നും ട്രഷറർ യൂസഫ് സലീം പറഞ്ഞു. കേന്ദ്ര,സംസ്ഥാന ഗവൺമെന്റുകൾ പ്രഖ്യാപിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്, വന്ദേ ഭാരത് മിഷൻ ഏർപ്പെടുത്തിയ സർക്കാർ നിരക്കിനു തുല്യമായ തുകയിലാണ് യാത്രക്കാർക്ക് ടിക്കറ്റ് നിരക്ക് ഏർപെടുത്തിയത്. എന്നാൽ ക്വാറന്റീൻ ചെലവ് കേന്ദ്ര, സംസ്ഥാന സർക്കാർ നിബന്ധനകൾക്ക് വിധേയമായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
61 രോഗികൾ, 17 കുട്ടികൾ, 24 ഗർഭിണികൾ, വിസാ കാലാവധി കഴിഞ്ഞ 24 പേര്‍, ബന്ധുക്കളുടെ മരണവുമായി ബന്ധപെട്ടു നാട്ടിൽ എത്തേണ്ടവർ, തൊഴിൽ നഷ്ടമായവരും ടിക്കറ്റ് ചാർജ് വഹിക്കാൻ കഴിയാത്തവരും എന്നിവര്‍ അടങ്ങിയതാണ് യാത്രക്കാർ. ടിക്കറ്റ് തുക അടച്ചവരും, യാത്രാ അനുമതി ലഭിച്ചവരും രാവിലെ 4 മണിക്ക് തന്നെ ബന്ധപ്പെട്ട രേഖകളുമായി മസ്കത്ത് അന്താരാഷ്ട്ര കോർഡിനേറ്ററുമായ കെ. യൂസുഫ് സലീം അറിയിച്ചു.