കേരളത്തില്‍ നിന്ന് ബഹ്‌റൈനിലെത്തിയ മലയാളിക്ക് കൊവിഡ്; പയ്യോളിയില്‍ ജാഗ്രത
നാട്ടില്‍ വേറെ വരുമാന മാര്‍ഗമൊന്നുമില്ലാത്തതിനാലാണ് 39,600 രൂപക്ക് ടിക്കെറ്റടുത്ത് ബഹ്‌റൈനിലേക്ക് പെട്ടെന്ന് വന്നതെന്ന്, സ്വകാര്യ കമ്പനിയില്‍ ഹെല്‍പറായി ജോലി ചെയ്യുന്ന അദ്ദേഹം പറഞ്ഞു. ഒരു തവണ വെള്ളം കുടിക്കുന്നതിനൊഴികെ യാത്രയിലൂടനീളം മാസ്‌കും ഗ്ലൗസും ധരിച്ചിരുന്നെന്നും എവിടെ നിന്നാണ് കൊവിഡ് പകര്‍ന്നതെന്ന് നിശ്ചയമില്ലെന്നും അദ്ദേഹം പറഞ്ഞു.
മനാമ: കോഴിക്കോട് നിന്ന് ബഹ്‌റൈനിലേക്ക് വന്ന എയര്‍ ഇന്ത്യാ എക്‌സ്‍പ്രസിലെ യാത്രക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പയ്യോളിയില്‍ ജാഗ്രത. ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ നടത്തിയ പി.സി.ആര്‍ ടെസ്റ്റിലാണ് പയ്യോളി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്. ഇക്കാര്യം കുടുംബ വൃത്തങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പുറത്തറിഞ്ഞതിനെ തുടര്‍ന്നാണ് പ്രതിരോധ നടപടി സ്വീകരിക്കാന്‍ നഗരസഭ മുന്നിട്ടിറങ്ങിയത്.
ജൂണ്‍ രണ്ടിന് ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയയുടന്‍ ടെസ്റ്റിനായി മൂക്കില്‍ നിന്ന് സ്രവമെടുത്ത ശേഷം ക്വാറന്റീന്‍ നിരീക്ഷണത്തിനുള്ള ഇലക്ട്രോണിക് ബാന്‍ഡ് കൈയില്‍ ധരിപ്പിച്ചാണ് പയ്യോളി സ്വദേശിയെ പുറത്തേക്ക് വിട്ടത്. കമ്പനി അക്കമഡേഷനില്‍ ധാരാളം പേര്‍ താമസിക്കുന്നതിനാല്‍ സാമൂഹിക സംഘടന ഏര്‍പ്പെടുത്തിയ ഹൂറയിലെ ക്വാറന്റീന്‍ അപ്പാര്‍ട്ടമെന്റിലേക്കാണ് അദ്ദേഹം പോയത്. പിറ്റേ ദിവസം തന്നെ ടെസ്റ്റിന്റെ ഫലം പോസിറ്റീവാണെന്ന വിവരം മൊബൈല്‍ ആപ്ലിക്കേഷനില്‍ നിന്ന് അറിഞ്ഞു. അന്നുതന്നെ ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം പ്രത്യേക വാഹനത്തില്‍ സിത്രയിലെ കൊവിഡ് ചികിത്സാ ക്യാമ്പിലേക്ക് മാറ്റി.
ഈ വിവരം നാട്ടിലെ ഭാര്യയെയും ബഹ്‌റൈനിലുള്ള ബന്ധുവിനെയും അദ്ദേഹം അറിയിച്ചു. അടുത്ത ബന്ധുക്കളില്‍ ചിലര്‍ നാട്ടിലെ ആരോഗ്യ പ്രവര്‍ത്തകരെയും ഇക്കാര്യം അറിയിച്ചതായി ചികിത്സയിലുള്ള പയ്യോളി സ്വദേശി പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് ജൂണ്‍ നാലിന് നഗരസഭക്ക് കീഴില്‍ മുന്‍ കരുതല്‍ നടപടികള്‍ സജീവമാക്കിയത്. പ്രാഥമിക സമ്പര്‍ക്കത്തിലുളള ഭാര്യയുള്‍പ്പെടെയുള്ളവരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചു. ചികിത്സയിലുള്ളയാളെ ഫോണില്‍ ബന്ധപ്പെട്ട് റൂട്ട് മാപ്പും തയ്യാറാക്കിയിട്ടുണ്ട്.
സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് നഗരസഭാ ഹാളില്‍ റാപിഡ് റെസ്‌പോണ്‍സ് ടീമിന്റെ (ആര്‍.ആര്‍.പി) യോഗവും ചേര്‍ന്നു. ഫെബ്രുവരിയില്‍ അവധിക്ക് നാട്ടില്‍ പോയ ഇദ്ദേഹം ഏപ്രില്‍ ഏഴിനാണ് മടക്കയാത്രക്കുള്ള ടിക്കറ്റ് എടുത്തിരുന്നത്. ഈ ടിക്കറ്റ് മാറ്റിയെടുക്കാനായി കരിപ്പൂര്‍ വിമാനത്താവളത്തിലെ എയര്‍ ഇന്ത്യാ എക്‌സ്‍പ്രസ് ഓഫീസില്‍ മേയ് 25ന് പോയിരുന്നു. വന്ദേഭാരത് മിഷന്റെ ഭാഗമായി ബഹ്‌റൈനില്‍ നിന്ന് പ്രവാസികളെ കൊണ്ടുവരാന്‍ കോഴിക്കോട് നിന്നുവന്ന എയര്‍ഇന്ത്യാ എക്‌സ്പ്രസില്‍ പിന്നീടാണ് ടിക്കറ്റെടുത്തത്.
നാട്ടില്‍ വേറെ വരുമാന മാര്‍ഗമൊന്നുമില്ലാത്തതിനാലാണ് 39,600 രൂപക്ക് ടിക്കെറ്റടുത്ത് ബഹ്‌റൈനിലേക്ക് പെട്ടെന്ന് വന്നതെന്ന്, സ്വകാര്യ കമ്പനിയില്‍ ഹെല്‍പറായി ജോലി ചെയ്യുന്ന അദ്ദേഹം പറഞ്ഞു. ഒരു തവണ വെള്ളം കുടിക്കുന്നതിനൊഴികെ യാത്രയിലൂടനീളം മാസ്‌കും ഗ്ലൗസും ധരിച്ചിരുന്നെന്നും എവിടെ നിന്നാണ് കൊവിഡ് പകര്‍ന്നതെന്ന് നിശ്ചയമില്ലെന്നും അദ്ദേഹം പറഞ്ഞു. വിമാനത്തില്‍ യാത്ര ചെയ്യുന്നതിന് മുമ്പ്, കൊവിഡ് ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന് വേണ്ടി ആരോഗ്യ വകുപ്പിനെ സമീപിച്ചിരുന്നെങ്കിലും അതിനുള്ള സംവിധാനമില്ലെന്ന വിവരമാണ് കിട്ടിയത്. ഇതുവരെ കൊവിഡിന്റെ ഒരു ലക്ഷണവും തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ശരീരോഷ്മാവ് മാത്രമാണ് പരിശോധിച്ചത്. വന്ദേഭാരത് മിഷന്റെ ഭാഗമായുളള വിമാനങ്ങളില്‍ നൂറുകണക്കിനാളുകള്‍ ബഹ്‌റൈനില്‍ എത്തിയിട്ടുണ്ട്. വിമാനത്താവളത്തിലിറങ്ങുന്ന എല്ലാവയെും ടെസ്റ്റ് ചെയ്യുന്നുണ്ടെങ്കിലും ഇതില്‍ എത്ര ഇന്ത്യക്കാര്‍ പോസിറ്റീവ് ആണെന്ന് വിവരം ഔദ്യോഗികമായി ലഭ്യമല്ല. രോഗബാധിതനായ വ്യക്തി പുറത്തറിയിച്ചതു കൊണ്ടാണ് നാട്ടിലുള്ളവര്‍ക്ക് മുന്‍കരുതല്‍ സ്വീകരിക്കാന്‍ കഴിഞ്ഞത്.