'പണിപാളിയെന്ന് തോന്നുന്നു'; കൊവിഡിന് കീഴടങ്ങും മുമ്പ് സഫ്‍വാന്‍ സുഹൃത്തിനയച്ച ശബ്ദ സന്ദേശം പുറത്ത്
'കുറച്ച് ദിവസമായി തലവേദനയും പനിയുമുണ്ട്'. കൂടാതെ ഇപ്പോള്‍ ശ്വാസം മുട്ടലുമുണ്ടെന്നും എന്ത് ചെയ്യണമെന്ന് അറിയില്ലെന്നുമാണ് സഫാന്‍ വിശദീകരിക്കുന്നത്.
റിയാദ്: സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ച സഫ്‍വാന്‍ മരണത്തിന് തൊട്ടുമുമ്പ് രോഗവിവരം വിശദീകരിച്ച് സുഹൃത്തിന് അയച്ച ഓഡിയോ പുറത്ത്. രണ്ട് ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും കുറവില്ലെന്ന് ഓഡിയോ സന്ദേശത്തില്‍ സഫാന്‍ പറയുന്നുണ്ട്. കുറച്ച് ദിവസമായി തലവേദനയും പനിയുമുണ്ട്. കൂടാതെ ഇപ്പോള്‍ ശ്വാസം മുട്ടലുമുണ്ടെന്നും തനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലെന്നുമാണ് സഫ്‍വാന്‍ സുഹൃത്തിനോട് പറയുന്നത്.
സഫ്‍വാന്‍റെ വാക്കുകള്‍
പണിപാളിയെന്നാണ് തോന്നുന്നത്. തലവേദനയും പനിയും തുടങ്ങിയിട്ട് കുറെ ദിവസമായി. ആശുപത്രിയില്‍ കാണിച്ച് രക്തവും മൂത്രവും പരിശോധിച്ചു. ഒരാഴ്‍ച്ചത്തെ മരുന്ന് കുടിച്ചു. ശിഫ അൽ ജസീറയില്‍ കാണിച്ച് എക്സറേ എടുത്തു. മരുന്നും കുടിച്ചു. എന്നിട്ടുമൊരു കുറവില്ല. രണ്ട് ദിവസമായിട്ട് ശ്വാസം മുട്ടലുമുണ്ട്. എന്ത് ചെയ്യണമെന്നറിയില്ല.
ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് മലപ്പുറം, തിരൂരങ്ങാടി, ചെമ്മാട് സ്വദേശി നടമ്മൽ പുതിയകത്ത് സഫ്‍വാൻ (37) റിയാദില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. റിയാദിൽ ടാക്സി ഡ്രൈവറായിരുന്നു സഫ്‍വാന്‍. 10 ദിവസം മുമ്പാണ് ഇയാള്‍ക്ക് പനി ബാധിച്ചത്. തുടര്‍ന്ന് അഞ്ചുദിവസമായി റിയാദിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സഫ്‍വാന് ഹൃദയ സംബന്ധമായ മറ്റ് രോഗങ്ങളും ഉണ്ടായിരുന്നയാണ് ബന്ധുക്കള്‍ അറിയിച്ചത്.
അസുഖങ്ങള്‍ കാരണം ആശുപത്രിയിലാണെന്നായിരുന്നു ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്ന വിവരം. മരണ ശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്ന വിവരം നാട്ടിലെ ബന്ധുക്കള്‍ അറിഞ്ഞത്. സന്ദർശക വിസയിൽ മാർച്ച് എട്ടിന് റിയാദിലെത്തിയ ഭാര്യ ഖമറുന്നിസ ഒപ്പമുണ്ടായിരുന്നു. ഇവരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. പരേതരായ കെ.എൻ.പി മുഹമ്മദ്, ഫാത്തിമ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: അസീസ്, ശംസുദ്ദീൻ, അബ്ദുൽ സലാം, ഇല്യാസ്, മുസ്തഫ, റിസ്വാൻ (ദുബൈ), ലുഖ്മാൻ (ഖുൻഫുദ), സൈഫുനിസ, ഹാജറ, ഷംസാദ്, ഖദീജ, ആതിഖ.
"