കൊവിഡ് രോഗികളെ കൊണ്ടുപോകാന്‍ ഐസൊലേഷന്‍ ക്യാപ്‍സ്യൂള്‍ ഒരുക്കി യുഎഇ
കൊവിഡ് ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ വ്യാപനം പ്രതിരോധിക്കുന്നതിന് പുതിയ സംവിധാനം സഹായകമാവുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച അധികൃതര്‍ മേഖലയില്‍ ഇത്തരത്തിലുള്ള ആദ്യത്തെ സംവിധാനമാണിതെന്നും അറിയിച്ചു.
അബുദാബി: കൊവിഡ് രോഗബാധിതരെ എയര്‍ ആംബുലന്‍സില്‍ കൊണ്ടുപോകാനുള്ള ഐസൊലേഷന്‍ ക്യാപ്‍സൂള്‍ തയ്യാറാക്കി അബുദാബി പൊലീസ്. കൊവിഡിന് പുറമെ മറ്റ് പകര്‍ച്ച വ്യാധികള്‍ പിടിപെട്ട രോഗികളെയും എയര്‍ ആംബുലന്‍സില്‍ കൊണ്ടുപോകാന്‍ കഴിയുന്ന സംവിധാനം വെള്ളിയാഴ്ചയാണ് പൊലീസ് പുറത്തിറക്കിറയത്. കൊവിഡ് ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ വ്യാപനം പ്രതിരോധിക്കുന്നതിന് പുതിയ സംവിധാനം സഹായകമാവുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച അധികൃതര്‍ മേഖലയില്‍ ഇത്തരത്തിലുള്ള ആദ്യത്തെ സംവിധാനമാണിതെന്നും അറിയിച്ചു.
ജനങ്ങള്‍ക്ക് ഏറ്റവും നല്ല സേവനം ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്ന യുഎഇ ഭരണനേതൃത്വത്തിന്റെ കാഴ്ചപ്പാടാണ് ഇത്തരമൊരു സംവിധാനമൊരുക്കാന്‍ കാരണമായതെന്ന് അബുദാബി പൊലീസ് ഏവിയേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ പൈലറ്റ് ഉബൈദ് മുഹമ്മദ് അല്‍ ശമീലി പറഞ്ഞു. രോഗാണുക്കള്‍ ബന്ധുക്കളും ആരോഗ്യ പ്രവര്‍ത്തകരും അടക്കം അടുത്തുള്ളവരിലേക്ക് പകരുന്നത് പൂര്‍ണമായി തടയാന്‍ കഴിയുന്ന മെഡിക്കല്‍ ഐസൊലേഷന്‍ സംവിധാനമാണ് ക്യാപ്‍സ്യൂളില്‍ ഒരുക്കിയിട്ടുള്ളത്. ഐസൊലേഷന്‍ ക്യാപ്‍സ്യൂളിന്റെ വീഡിയോയും അബുദാബി പൊലീസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.