ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു
കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതിനാൽ രണ്ടാഴ്ചയായി ബുറൈദ സെൻട്രൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അസുഖം മൂർഛിച്ചതിനെതുടർന്ന് രണ്ടു ദിവസം മുമ്പ് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.
റിയാദ്: കൊവിഡ് ബാധിച്ച് കൊല്ലം സ്വദേശി സൗദി അറേബ്യയിലെ ഖസിം പ്രവിശ്യയിൽ മരിച്ചു. ബുറൈദയിൽ നിന്നും 250 കിലോമീറ്റർ അകലെയുള്ള ദറഇയയിൽ വർക് ഷോപ്പ് ജീവനക്കാരനായ കൊല്ലം അഞ്ചാലുംമൂട് വെട്ടുവിള സ്വദേശി താനിമൂല വയലിൽവീട് അഴകേശൻ (57) ആണ് മരിച്ചത്.
35 വർഷമായി പ്രവാസിയായിരുന്ന അദ്ദേഹത്തിന് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതിനാൽ രണ്ടാഴ്ചയായി ബുറൈദ സെൻട്രൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അസുഖം മൂർഛിച്ചതിനെതുടർന്ന് രണ്ടു ദിവസം മുമ്പ് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.
ഭാര്യ: ഉഷ, മക്കൾ: അതീഷ്, അനീഷ്. സഹോദരൻ ശിവൻകുട്ടിയും ദറഇയയിൽ ജോലി ചെയ്യുകയാണ്. ബുറൈദ കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകരായ ഫൈസൽ ആലത്തൂർ, സക്കീർ മാടാല എന്നിവരാണ് മരണാന്തര നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനായി രംഗത്തുള്ളത്.