'പ്രവാസികളുമായി യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍'; പ്രതികരിച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റ്
യുഎഇയില്‍ ചില വ്യക്തികളും ട്രാവല്‍ ഏജന്‍സികളും ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉണ്ടെന്ന പേരില്‍ ഇന്ത്യക്കാരെ ബന്ധപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.
ദുബായ്: പ്രവാസി ഇന്ത്യക്കാര്‍ക്ക് നാട്ടിലെത്തുന്നതിനായി യുഎഇയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ പുറപ്പെടുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. കോണ്‍സുലേറ്റ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം സംബന്ധിച്ച് വിശദീകരണം നല്‍കിയത്.
യുഎഇയില്‍ ചില വ്യക്തികളും ട്രാവല്‍ ഏജന്‍സികളും ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉണ്ടെന്ന പേരില്‍ ഇന്ത്യക്കാരെ ബന്ധപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്കായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ പുറപ്പെടുമെന്ന തരത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന ഇത്തരക്കാര്‍ ടിക്കറ്റ് നിരക്കിന്റെ അഡ്വാന്‍സ് തുകയും ഇന്ത്യയില്‍ ക്വാറന്റൈനില്‍ കഴിയാനുള്ള സംവിധാനങ്ങള്‍ക്കായുള്ള തുകയുമുള്‍പ്പെടെ ആവശ്യപ്പെടുന്നതായും വിവരം ലഭിച്ചിട്ടുണ്ടെന്ന് കോണ്‍സുലേറ്റ് വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കുള്ള അനുമതി ഇന്ത്യന്‍ ഗവണ്‍മെന്റ് ഇതുവരെ നല്‍കിയിട്ടില്ലെന്നും അഭ്യൂഹങ്ങളില്‍ വഞ്ചിതരാകരുതെന്നും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ യുഎഇയിലെ ഇന്ത്യക്കാരോട് അഭ്യര്‍ത്ഥിച്ചു. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കുള്ള അനുമതിക്കായുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും അനുമതി ലഭിച്ചാലുടന്‍ കോണ്‍സുലേറ്റ് അറിയിക്കുമെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.