പ്രവാസികള്‍ക്ക് ആശ്വാസം; യുഎഇയിലേക്കുള്ള പ്രത്യേക വിമാന സര്‍വീസുകള്‍ നീട്ടി

ഒരു മാസത്തിനിടെ എഴുനൂറോളം സര്‍വീസുകള്‍ നടത്തുമെന്നാണ് പ്രതീക്ഷ. എത്ര പേര്‍ യാത്ര ചെയ്യാനുണ്ടാവും എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ഒരു നിശ്ചിത എണ്ണം സര്‍വീസുകള്‍ ആദ്യം പ്രഖ്യാപിക്കുകയും യാത്ര ചെയ്യാന്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ സര്‍വീസുകളുടെ എണ്ണം കൂട്ടുകയും ചെയ്യും. 

India UAE special travel arrangement extended until August 31

അബുദാബി: ഇന്ത്യ-യുഎഇ ധാരണ പ്രകാരം ആരംഭിച്ച പ്രത്യക വിമാന സര്‍വീസുകള്‍ ഓഗസ്റ്റ് 31 വരെ തുടരുമെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ പറഞ്ഞു. ഓഗസ്റ്റ് അഞ്ച് മുതല്‍ ഈ വിമാനങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ ലഭ്യമാവും. നടപടികള്‍ ലഘൂകരിക്കുകയാണെന്നും സര്‍വീസ് നടത്തുന്ന എല്ലാ ഇന്ത്യന്‍, യുഎഇ വിമാനക്കമ്പനികളുടെയും വെബ്സൈറ്റുകളും ഓഫീസുകളും ഏജന്റുമാരും വഴി ടിക്കറ്റുകള്‍ ലഭ്യമാവുമെന്നും അദ്ദേഹം ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് ഓഗസ്റ്റ് അവസാനം വരെ നീട്ടിയതിന് പിന്നാലെയാണ് പ്രവാസികള്‍ക്ക് ആശ്വാസമായി പുതിയ പ്രഖ്യാപനമെത്തുന്നത്. ജൂലെ 12 മുതല്‍ 26 വരെ നേരത്തെ നടത്തിയ പ്രത്യേക സര്‍വീസുകള്‍ ഉപയോഗപ്പെടുത്തി കാല്‍ ലക്ഷത്തോളം ഇന്ത്യക്കാര്‍ യുഎഇയിലേക്ക് മടങ്ങി വന്നതായും ഇനിയും നിരവധിപ്പേര്‍ അനുമതി കാത്തിരിക്കുകയാണെന്നും അംബാസഡര്‍ പറഞ്ഞു.

ഒരു മാസത്തിനിടെ എഴുനൂറോളം സര്‍വീസുകള്‍ നടത്തുമെന്നാണ് പ്രതീക്ഷ. എത്ര പേര്‍ യാത്ര ചെയ്യാനുണ്ടാവും എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ഒരു നിശ്ചിത എണ്ണം സര്‍വീസുകള്‍ ആദ്യം പ്രഖ്യാപിക്കുകയും യാത്ര ചെയ്യാന്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ സര്‍വീസുകളുടെ എണ്ണം കൂട്ടുകയും ചെയ്യും. എത്ര പേര്‍ യുഎഇയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നു എന്നത് സംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാറിന്റെ പക്കല്‍ വിവരങ്ങളില്ല. രണ്ടാഴ്ച മുമ്പ് ലഭിച്ച വിവരമനുസരിച്ച് മുപ്പതിനായിരത്തോളം പേര്‍ക്ക് യുഎഇ മടങ്ങിവരാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മടങ്ങിവരുന്നവര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാറിന്റെ അംഗീകാരമുള്ള ലാബുകളില്‍ നിന്നുള്ള കൊവിഡ് നെഗറ്റീവ് റിസള്‍ട്ട് മതിയെന്ന യുഎഇയുടെ നിര്‍ദേശം പ്രവാസികള്‍ക്ക് ആശ്വാസമാണ്. ഇന്ത്യയിലേക്കും തിരിച്ചുമുള്ള സാധാരണ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ ഇപ്പോഴും സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. അതത് സംസ്ഥാനങ്ങളുടെ ക്വാറന്റീന്‍ സംവിധാനങ്ങളും മറ്റു് നടപടിക്രമങ്ങളും കണക്കാക്കിയ ശേഷമേ വിമാന സര്‍വീസിന് അനുമതി നല്‍കാനാവൂ. എന്നാല്‍ ഒരു മാസത്തെ പ്രത്യേക സര്‍വീസുകള്‍ക്ക് അനുമതി ലഭിച്ചത് സാധാരണ സര്‍വീസുകള്‍ തുടങ്ങുന്നതിലേക്കുള്ള ഒരു പടി കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios