വിസാ കാലാവധി തടസ്സമാകില്ല; യുഎഇയിലേക്ക് മടങ്ങുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശ്വാസം
യുഎഇ സര്‍ക്കാര്‍ എല്ലാ വിസക്കാര്‍ക്കും ഡിസംബര്‍ അവസാനം വരെ കാലാവധി നീട്ടി നല്കിയതിനാല് പ്രവാസി ഇന്ത്യക്കാരുടെ യുഎഇയിലേക്കുള്ള മടക്കയാത്രയ്ക്ക് തടസ്സം ഉണ്ടാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
അബുദാബി: യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള തടസ്സങ്ങള്‍ നീങ്ങിയതായി അധികൃതര്‍. വിസ കാലാവധി അവസാനിച്ചവര്‍ക്ക് വിദേശയാത്രയ്ക്കുള്ള അനുമതി നല്‍കേണ്ടെന്ന കേന്ദ്ര തീരുമാനം യുഎഇ താമസ വിസക്കാര്‍ക്ക് ബാധകമാകില്ലെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുലിനെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.
യുഎഇ സര്‍ക്കാര്‍ എല്ലാ വിസക്കാര്‍ക്കും ഡിസംബര്‍ അവസാനം വരെ കാലാവധി നീട്ടി നല്കിയതിനാല് പ്രവാസി ഇന്ത്യക്കാരുടെ യുഎഇയിലേക്കുള്ള മടക്കയാത്രയ്ക്ക് തടസ്സം ഉണ്ടാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രവാസികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പൊതുമാര്‍ഗ നിര്‍ദ്ദേശം യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് വെല്ലുവിളിയാകില്ല. ഇത് സംബന്ധിച്ച് എയര്‍ലൈന്‍സിനും എമിഗ്രേഷന്‍ വിഭാഗത്തിനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കോണ്‍സുല്‍ ജനറല്‍ വിപുല്‍ പറഞ്ഞു.
വിസ കാലാവധി സംബന്ധിച്ച പുതിയ കേന്ദ്ര തീരുമാനം ശ്രദ്ധയില്‍പ്പെട്ടതോടെ കേന്ദ്ര സര്‍ക്കാരുമായി സംസാരിച്ചിരുന്നു. യുഎഇയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തടസ്സമുണ്ടാകില്ലെന്ന് കേന്ദ്രം അറിയിച്ചതായും താമസ വിസക്കാര്‍ക്ക് തിരിച്ചുവരവിന് അപേക്ഷ നല്‍കാമെന്നും കോണ്‍സുല്‍ ജനറല്‍ വിശദമാക്കി.
മൂന്നുമാസം വിസ കാലാവധി ബാക്കിയുള്ളവര്‍ക്ക് മാത്രമെ വിദേശത്തേക്ക് മടങ്ങാനാകൂ എന്ന് ചൂണ്ടിക്കാണിച്ച് ഇന്ത്യ നേരത്തെ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എമിഗ്രേഷന്‍ വിഭാഗവും എയര്‍ലൈന്‍സുകളും യാത്രക്കാര്‍ക്ക് അനുമതി നിഷേധിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ തടസ്സങ്ങള്‍ നീങ്ങിയതായി അധികൃതര്‍ അറിയിച്ചത്.
മാര്‍ച്ച് ഒന്നിന് ശേഷം കാലാവധി അവസാനിച്ച വിസയുള്ളവര്‍ക്ക് ഡിസംബര്‍ 31 വരെ രാജ്യത്ത് തങ്ങാമെന്ന് യുഎഇ വ്യക്തമാക്കിയിരുന്നു. കാലാവധി അവസാനിച്ച താമസ വിസക്കാര്‍ നാട്ടിലാണെങ്കില്‍ ഇവര്‍ക്ക് മടങ്ങി വരാനും അനുമതി നല്‍കിയിരുന്നു. യുഎഇയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ www .smartservices.ica.gov.ae ലൂടെ അപേക്ഷ സമര്‍പ്പിക്കണം. വിസയുടെ കോപ്പി, പാസ്പോർട്ടിന്റെ കോപ്പി, യു.എ.ഇ സന്ദർശിക്കാനുള്ള കാരണം വ്യക്തമാക്കുന്ന രേഖകള്‍ എന്നിവയും അപേക്ഷയോടൊപ്പം ചേര്‍ക്കണം.