ഐ.സി.എഫിന്റെ നേതൃത്വത്തിൽ ഒമാനില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനം നാളെ കോഴിക്കോട്ടേക്ക്

പതിനൊന്ന് ഗര്‍ഭിണികള്‍, അടിയന്തര ചികിത്സ ആവശ്യമുള്ള 42 രോഗികള്‍, സന്ദര്‍ശന വിസയിലെത്തി ഒമാനില്‍ കുടുങ്ങിയ 50 പേര്‍, തൊഴില്‍ നഷ്ടപ്പെട്ട 48 പ്രവാസികള്‍ എന്നിവരുള്‍പ്പെടുന്നതാണ് ആദ്യ വിമാനത്തിലെ യാത്രക്കാര്‍. ഇതിൽ 20 ശതമാനം യാത്രക്കാർ സൗജന്യമായാണ് കോഴിക്കോട്ടെത്തുന്നത്.

ICF chartered flight from oman to kozhikode on saturday

മസ്‍കത്ത്: ഐ.സി.എഫ് ഒമാന്‍ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒമാനില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനം ശനിയാഴ്ച മസ്കറ്റിൽ  നിന്നും പുറപ്പെടുമെന്ന് ജനറല്‍ സെക്രട്ടറി മുഹമ്മദ് റാസിഖ് അറിയിച്ചു. ഒമാൻ സമയം രാവിലെ 10.30ന് കോഴിക്കോട്ടേക്ക് പുറപ്പെടുന്ന  വിമാനത്തിൽ 180 യാത്രക്കാർ ഉണ്ടാകുമെന്നും ഐ.സി.എഫ് ഒമാന്‍ നാഷനല്‍ കമ്മിറ്റി അറിയിച്ചു.

പതിനൊന്ന് ഗര്‍ഭിണികള്‍, അടിയന്തര ചികിത്സ ആവശ്യമുള്ള 42 രോഗികള്‍, സന്ദര്‍ശന വിസയിലെത്തി ഒമാനില്‍ കുടുങ്ങിയ 50 പേര്‍, തൊഴില്‍ നഷ്ടപ്പെട്ട 48 പ്രവാസികള്‍ എന്നിവരുള്‍പ്പെടുന്നതാണ് ആദ്യ വിമാനത്തിലെ യാത്രക്കാര്‍. ഇതിൽ 20 ശതമാനം യാത്രക്കാർ സൗജന്യമായാണ് കോഴിക്കോട്ടെത്തുന്നത്. 50 ശതമാനം യാത്രക്കാര്‍ക്ക് 10 മുതല്‍ 50 ശതമാനം വരെ നിരക്കിളവും നല്‍കിയിട്ടുണ്ടെന്ന് ഐ.സി.എഫ് നാഷനല്‍ കമ്മിറ്റി അറിയിച്ചു. മറ്റ് യാത്രക്കാരിൽ നിന്ന് 100 ഒമാനി റിയാലാണ് ടിക്കറ്റ് നിരക്കായി ഇടാക്കിയിരിക്കുന്നത്.

അതേസമയം ക്വാറന്റീന്‍ ചെലവ് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിബന്ധനകൾക്ക് വിധേയമായിരിക്കുമെന്നും, ഇതുമായി ബന്ധപ്പെട്ട ഉത്തരവാദിത്വം ഐ.സി.എഫ് നാഷനല്‍ കമ്മിറ്റിയ്ക്കില്ലെന്നും ജനറല്‍ സെക്രട്ടറി മുഹമ്മദ് റാസിഖ് വ്യക്തമാക്കി. എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരും എംബസിയുടെ മുന്‍ഗണനാ ക്രമത്തില്‍ ഉൾപെട്ടവരുമാണ് ഐ.സി.എഫ് ചാര്‍ട്ടേഡ് വിമാനത്തിൽ  നാളെ മടങ്ങുന്നത് .

കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെയും കേരള മുസ്ലിം ജമാഅത്തിന്റെയും നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവരുമായി ചർച്ചകൾ നടത്തിയിരുന്നു. ഇക്കാര്യത്തില്‍ കേരള, കേന്ദ്ര സര്‍ക്കാറുകള്‍ അനുഭാവ പൂര്‍ണമായ നിലപാടാണ് സ്വീകരിച്ചതെന്നും ഐ.സി.എഫ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. ഒമാന്‍ അധികൃതരുടെയും കേന്ദ്രത്തിന്റെയും കേരള സര്‍ക്കാറിന്റെയും മുഴുവന്‍ നിര്‍ദേശങ്ങളും പാലിച്ചാണ് ചാര്‍ട്ടേഡ് വിമാനം സജ്ജമാക്കിയത്. വരും ദിവസങ്ങളില്‍ കണ്ണൂര്‍, കൊച്ചി എന്നിവടങ്ങളിലേക്കും ഒമാനിൽ നിന്ന് സർവീസുകൾ നടത്തുന്നതിന്  ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മറ്റ് ജി.സി.സി രാജ്യങ്ങളിൽ നിന്നും ഐ.സി.എഫിന് കീഴില്‍ ചാര്‍ട്ടേഡ് സര്‍വീസുകള്‍  കേരളത്തിലേക്ക് പുറപ്പെടുന്നുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios