ജാസിറ അന്തിയുറങ്ങുന്ന മണ്ണില്‍ നിന്ന് ഭര്‍ത്താവ് നാട്ടിലേക്ക് മടങ്ങി, അമ്മയുടെ വേര്‍പാടറിയാതെ നാലുവയസ്സുകാരനും
ഏതാണ്ട് മൂന്നു മാസം മുന്‍പ് ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ് ജാസിറയും മകനും ജിദ്ദയിലെത്തിയത്. ഗര്‍ഭകാല ക്ഷീണവും അവശതകളും ഉണ്ടായിരുന്നുവെങ്കിലും ഭര്‍ത്താവിനടുത്തെത്തിയതിന്റെ സന്തോഷത്തിലായിരുന്നു. അതിനിടെയാണ് കൊവിഡ് പടര്‍ന്നു പിടിച്ചതും ലോകമൊന്നാകെ ലോക്ഡൗണിലായതും.
റിയാദ്: പ്രിയതമനോടൊപ്പം കഴിയാനെത്തിയ ജാസിറ അന്തിയുറങ്ങുന്ന മണ്ണില്‍ നിന്ന് ഭര്‍ത്താവും മകനും നൊമ്പരങ്ങളുമായി നാട്ടിലേക്കു മടങ്ങി. രണ്ടു ദിവസം മുന്‍പ് ജിദ്ദയില്‍ ഗര്‍ഭിണിയായിരിക്കെ മരിച്ച ജാസിറയുടെ (27) ഭര്‍ത്താവ് തിരൂരങ്ങാടി കുണ്ടൂര്‍ സ്വദേശി അനസ് ഉള്ളക്കംതൈയിലും നാലു വയസുകാരന്‍ മകനും ഇന്നലെ കരിപ്പൂരിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് നാട്ടിലേക്കു യാത്രയായത്.
റുവൈസ് ഖബറിസ്ഥാനില്‍ കഴിഞ്ഞ ദിവസം ജാസിറയെ ഖബറടക്കിയിരുന്നു. മാതാവിന്‍റെ വേര്‍പാട് ഇനിയും അറിയാതെയാണ് നാലു വയസുകാരന്‍ പിതാവിനൊപ്പം വിമാനം കയറിയത്. ഏതാണ്ട് മൂന്നു മാസം മുന്‍പ് ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ് ജാസിറയും മകനും ജിദ്ദയിലെത്തിയത്. ഗര്‍ഭകാല ക്ഷീണവും അവശതകളും ഉണ്ടായിരുന്നുവെങ്കിലും ഭര്‍ത്താവിനടുത്തെത്തിയതിന്റെ സന്തോഷത്തിലായിരുന്നു. അതിനിടെയാണ് കൊവിഡ് പടര്‍ന്നു പിടിച്ചതും ലോകമൊന്നാകെ ലോക്ഡൗണിലായതും.
ഇതോടെ എങ്ങോട്ടും പോകാനാവാതെ അനസിന്റെ കുടുംബം കുടുങ്ങിപ്പോവുകയായിരുന്നു. അതിനിടെ ഗര്‍ഭകാല അവശതകള്‍ കൂടി വരികയും ചെയ്തു. അഞ്ചുമാസം ഗര്‍ഭിണിയായിരിക്കെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ജാസിറ മരിച്ചത്. പെട്ടെന്നുള്ള ജാസിറയുടെ മരണം അനസിനെ തളര്‍ത്തിയെങ്കിലും സാമൂഹിക സംഘടനകളുടെയും നാട്ടുകാരുടെയും സുഹൃത്തുക്കളുടെയുമെല്ലാം സഹായവും സ്നേഹവുമാണ് അനസിന് ആശ്വാസം പകര്‍ന്നത്.
ഉമ്മ എവിടെ പോയെന്നറിയാതെ ഉമ്മയുടെ വരവ് പ്രതീക്ഷിച്ച് ഒന്നുമറിയാതെ കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരന്‍ എല്ലാവര്‍ക്കും നൊമ്പരമായി മാറിയിരുന്നു. ജാസിറയുടെ ഖബറടക്കം കഴിഞ്ഞ ഉടന്‍ കരിപ്പൂരിലേക്കുള്ള അടിയന്തര വിമാന സര്‍വീസില്‍ തന്നെ അനസിനും മകനും ഇടം കിട്ടിയത് ആശ്വാസമായി. അനസിനുവേണ്ട സഹായങ്ങളുമായി ജിദ്ദ കെഎംസിസി പ്രവര്‍ത്തകര്‍ യാത്രയാകുന്നതുവരെ ഇവര്‍ക്കൊപ്പം പിന്തുണയുമായി കൂടെയുണ്ടായിരുന്നു.