വംശനാശ ഭീഷണിക്കിടെ ആശ്വാസവാർത്ത; നാല് ചീറ്റപ്പുലി കുഞ്ഞുങ്ങൾ പിറന്നു, സന്തോഷത്തിൽ സൗദി ദേശീയ വന്യജീവി കേന്ദ്രം
വംശനാശഭീഷണി നേരരിടുന്നതിനിടെയാണ് ആശ്വാസ വാര്‍ത്തയെത്തിയത്.
റിയാദ്: സൗദി അറേബ്യയിൽ നാല് ചീറ്റപ്പുലി കുഞ്ഞുങ്ങൾ പിറന്നു. വംശനാശ ഭീഷണി നേരിടുന്ന ചീറ്റപ്പുലി പുനരധിവാസം സംബന്ധിച്ച പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത യോഗത്തിൽ ദേശീയ വന്യജീവി വികസന കേന്ദ്രമാണ് കുഞ്ഞുങ്ങൾ പിറന്ന കാര്യം പ്രഖ്യാപിച്ചത്. പരിസ്ഥിതി-ജലം-കൃഷി വകുപ്പ് മന്ത്രിയും ദേശീയ വന്യജീവി വികസന കേന്ദ്രം ഡയറക്ടർ ബോർഡ് ചെയർമാനുമായ എൻജി. അബ്ദുറഹ്മാൻ ബിൻ അബ്ദുൽ മുഹ്സിൻ അൽഫദ്‌ലിയുടെ രക്ഷാകർതൃത്വത്തിലാണ് ചീറ്റപ്പുലികളെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതി കേന്ദ്രം ആരംഭിച്ചത്.
നാല് ചീറ്റപ്പുലിക്കുട്ടികളുടെ ജനനത്തോടെ നാം ഇന്ന് സാക്ഷ്യം വഹിക്കുന്നത് ഏറ്റവും ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി സംയോജിത രീതിശാസ്ത്രത്തോടെ തയ്യാറാക്കിയ ചീറ്റപ്പുലി സംരക്ഷണ ദേശീയ പദ്ധതിയുടെ പൂർത്തീകരണമാണെന്ന് കേന്ദ്രം സി.ഇ.ഒ ഡോ. മുഹമ്മദ് അലി ഖുർബാൻ പറഞ്ഞു. സുപ്രധാന നേട്ടമാണിത്. സ്വാഭാവിക ആവാസ വ്യവസ്ഥകളിൽ ചീറ്റകൾക്ക് സുസ്ഥിരമായ ഭാവി ഉറപ്പാക്കുന്നതിനുള്ള ദേശീയ പരിപാടി വിജയം കാണുന്നതിെൻറ തെളിവുമാണ്. ആവാസവ്യവസ്ഥയെ പുനരുദ്ധരിക്കുന്നതിനും അതിന്‍റെ സന്തുലിതാവസ്ഥ വർധിപ്പിക്കുന്നതിനുമുള്ള കേന്ദ്രത്തിന്‍റെ ശ്രമങ്ങളുടെ വിജയവും ഇത് ഉൾക്കൊള്ളുന്നതായും ഡോ. ഖുർബാൻ പറഞ്ഞു.
40 വർഷത്തിലേറെയായി അറേബ്യൻ ഉപദ്വീപിൽ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇനങ്ങളിൽ ഒന്നാണ് ചീറ്റപ്പുലി. രാജ്യത്തിന്‍റെ വടക്കുഭാഗത്ത് ആയിരക്കണക്കിന് വർഷം പഴക്കമുള്ള ചീറ്റയുടെ എംബഡഡ് ശേഷിപ്പുകൾ കണ്ടെത്തിയിരുന്നു. ഈ ‘ചീറ്റ മമ്മി’ ശേഷിപ്പുകൾ അറേബ്യൻ ഉപദ്വീപാണ് ഈ ജീവിവർഗത്തിന്‍റെ ഉത്ഭവസ്ഥാനമാണെന്ന് തെളിയിക്കുന്നതാണ്. ചീറ്റപ്പുലി സംരക്ഷണത്തിനുള്ള ദേശീയ പദ്ധതിയുടെ വിശദാംശങ്ങൾ സെഷനിൽ വിശദീകരിച്ചു. ബ്രീഡിങ്, അതിനുള്ള സംവിധാനങ്ങൾ സ്ഥാപിക്കൽ, ഉചിതമായ സംരക്ഷിത പ്രദേശങ്ങൾ തിരിച്ചറിയൽ, പുനരധിവാസ പ്രക്രിയയ്ക്ക് തയ്യാറെടുക്കൽ എന്നിവ ഉൾപ്പെടെ നിരവധി ഘട്ടങ്ങളാണ് പുനരവധിവാസം സംബന്ധിച്ച് നടത്തിയത്.
വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിച്ചും അവയെ വളർത്തിയും പാരിസ്ഥിതിക സന്തുലിതാവസ്ഥ വർധിപ്പിക്കാനുള്ള ശ്രമങ്ങളിൽ രാജ്യത്തിെൻറ പങ്കിനെയും വിജയത്തെയും പ്രതിഫലിപ്പിക്കുന്നതാണ് കേന്ദ്രം വികസിപ്പിച്ചെടുത്ത ചീറ്റപ്പുലികളെ സംരക്ഷിക്കുന്നതിനുള്ള ദേശീയ പദ്ധതിയുടെ പൂർത്തീകരണവും നാല് കുഞ്ഞുങ്ങളുടെ ജനന പ്രഖ്യാപനവും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം