കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വിവാഹ ചടങ്ങുകള്‍; യുഎഇയില്‍ എട്ട് പേര്‍ അറസ്റ്റില്‍
കൊവിഡ് വ്യാപനത്തിനെതിരായ പ്രതിരോധ നടപടികളുടെ ഭാഗമായി യുഎഇയില്‍ ഇത്തരത്തിലുള്ള വിവാഹ ചടങ്ങുകള്‍ക്ക് വിലക്കുണ്ടെന്ന് ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷനിലെ എമര്‍ജന്‍സി ആന്റ് ക്രൈസിസ് പ്രോസിക്യൂഷന്‍ വിഭാഗം അറിയിച്ചു.
അബുദാബി: കൊവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിച്ച് വിവാഹ ചടങ്ങകള്‍ സംഘടിപ്പിച്ച എട്ട് പേര്‍ യുഎഇയില്‍ അറസ്റ്റിലായി. ഏറ്റവും അടുത്ത ബന്ധുക്കളല്ലാത്തവര്‍ ചടങ്ങുകളില്‍ പങ്കെടുത്തതിന് ഉള്‍പ്പെടെയാണ് നടപടി. അബുദാബിയിലും റാസല്‍ഖൈമയിലും നടത്തിയ വിവാഹ ചടങ്ങുകളില്‍ മാസ്‍ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും അതിഥികള്‍ ഇടപഴകിയതും നടപടിക്ക് കാരണമായി.
കൊവിഡ് വ്യാപനത്തിനെതിരായ പ്രതിരോധ നടപടികളുടെ ഭാഗമായി യുഎഇയില്‍ ഇത്തരത്തിലുള്ള വിവാഹ ചടങ്ങുകള്‍ക്ക് വിലക്കുണ്ടെന്ന് ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷനിലെ എമര്‍ജന്‍സി ആന്റ് ക്രൈസിസ് പ്രോസിക്യൂഷന്‍ വിഭാഗം അറിയിച്ചു. ജനങ്ങളെ കൊവിഡില്‍ നിന്ന് രക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാ നടപടികള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. കുടുംബ ചടങ്ങുകളില്‍ പത്ത് പേരില്‍ കൂടുതല്‍ പങ്കെടുക്കരുതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയവും നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റിയും അറിയിച്ചിരുന്നു. ഏറ്റവുമടുത്ത ബന്ധുക്കള്‍ മാത്രമേ ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പാടുള്ളൂ എന്നാണ് നിര്‍ദേശം.