രഹസ്യ വിവാഹങ്ങള്‍ പുറത്തായി; കൊവിഡിനിടെ സൗദിയില്‍ വിവാഹ മോചനങ്ങള്‍ 30 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്

വിവാഹത്തിന് ശേഷം ഭര്‍ത്താവ് രഹസ്യമായി മറ്റ് സ്ത്രീകളുമായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് കണ്ടെത്തിയതാണ് വനിതാ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ജോലിക്കാരായ സ്ത്രീകളെ വിവാഹ മോചനത്തിന് പ്രേരിപ്പിക്കുന്നത്.

Divorce deeds increased 30 percentage in Saudi Arabia during covid crisis

റിയാദ്: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളും മുന്‍കരുതലുകളും തുടരുന്നതിനിടെ സൗദി അറേബ്യയില്‍ വിവാഹ മോചനങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. സൗദിയില്‍ വിവാഹ മോചനം, ഖുല്‍അ എന്നിവ ആവശ്യപ്പെട്ടുള്ള അപേക്ഷകള്‍ 30 ശതമാനം വര്‍ധിച്ചതായി പ്രമുഖ ദിനപ്പത്രമായ 'സൗദി ഗസറ്റ്' റിപ്പോര്‍ട്ട് ചെയ്തു. 

ഫെബ്രുവരിയില്‍ 13,000 വിവാഹങ്ങളാണ് സൗദിയില്‍ നിയമപ്രകാരം നടന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നടന്ന വിവാഹങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അഞ്ച് ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതേ മാസം തന്നെ 7,482 വിവാഹ മോചന കരാറുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഇതില്‍ വിവാഹമൂല്യം(മഹര്‍)തിരികെ നല്‍കി കൊണ്ട് സ്ത്രീ ഭര്‍ത്താവില്‍ നിന്ന് ബന്ധം വേര്‍പെടുത്തുന്ന ഖുല്‍ഉം ഉള്‍പ്പെടുന്നു. ഇതനുസരിച്ച് വിവാഹ സമയത്ത് പുരുഷന്‍ നല്‍കുന്ന മഹറുള്‍പ്പെടെ സ്വീകരിച്ച വസ്തുക്കള്‍ ഭര്‍ത്താവിന്റെ സമ്മതത്തോടെയോ കോടതി ഉത്തരവ് പ്രകാരമോ തിരികെ നല്‍കി ബന്ധം വേര്‍പെടുത്താം. ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിയാന്‍ ശക്തമായ കാരണമുണ്ടെന്ന് തെളിയിക്കുകയാണെങ്കില്‍ സ്ത്രീയ്ക്ക് നഷ്ടപരിഹാരം നല്‍കാതെയും വിവാഹ ബന്ധം വേര്‍പെടുത്താം.

വിവാഹത്തിന് ശേഷം ഭര്‍ത്താവ് രഹസ്യമായി മറ്റ് സ്ത്രീകളുമായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് കണ്ടെത്തിയതാണ് വനിതാ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ജോലിക്കാരായ സ്ത്രീകളെ വിവാഹ മോചനത്തിന് പ്രേരിപ്പിക്കുന്നതെന്ന് അറബിക് ദിനപ്പത്രമായ 'ഒക്കാസി'നെ ഉദ്ധരിച്ചു കൊണ്ടുള്ള 'സൗദി ഗസറ്റി'ന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് ചെയ്ത 7,482 വിവാഹ മോചന കരാറുകളില്‍ 52 ശതമാനവും മക്കയില്‍ നിന്നും റിയാദില്‍ നിന്നുമാണ്. കൊവിഡ് പ്രതിസന്ധിക്ക് മുമ്പ് 163 നും 489നും ഇടയിലായിരുന്നു രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്തിരുന്ന വിവാഹ മോചന കരാറുകള്‍. കഴിഞ്ഞ ഒരു വര്‍ഷമായി പ്രതിമാസം 3,397 നും 7,693 നും ഇടയിലായിരുന്നു വിവാഹ മോചന ആവശ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

അധ്യാപകര്‍, ഡോക്ടര്‍മാര്‍, വനിതാ ബിസിനസുകാര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 22 പേര്‍ വിവാഹ മോചനം ഫയല്‍ ചെയ്തെന്ന് അഭിഭാഷകന്‍ വെളിപ്പെടുത്തിയതായും കൊവിഡ് മഹാമാരിയും ലോക്ക് ഡൗണും ഹോം ക്വാറന്റൈനുമാണ് ഇത്തരത്തിലുള്ള വിവാഹ മോചന കേസുകള്‍ പുറത്തെത്തിക്കാന്‍ കാരണമായെതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

 

Latest Videos
Follow Us:
Download App:
  • android
  • ios