നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ എണ്ണം കുറഞ്ഞു; വന്ദേ ഭാരത് അഞ്ചാം ഘട്ടത്തില്‍ യാത്രക്കാര്‍ കുറവ്
ജൂലൈയില്‍ 450 പേരോളം ദിവസവും ടിക്കറ്റുകള്‍ക്കായി ഇവിടെ എത്തിയിരുന്നു. കാലാവധി കഴിഞ്ഞ സന്ദര്‍ശക വിസക്കാര്‍ക്ക് രാജ്യം വിടാന്‍ നേരത്തെ അനുവദിച്ചിരുന്ന സമയപരിധിയായ ഓഗസ്റ്റ് 10 വരെ 500 പേരോളം ടിക്കറ്റുകള്‍ക്കായി എത്തിയിരുന്നു. എന്നാല്‍ ഇതിന് ശേഷം ആള് കുറഞ്ഞു.
അബുദാബി: വന്ദേഭാരത് അഞ്ചാം ഘട്ടത്തില്‍ നാട്ടിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ എണ്ണം കുറഞ്ഞു. ഇതോടെ അബുദാബി ഇലക്ട്ര സ്ട്രീറ്റിലുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് ഓഫീസിന്റെ പ്രവര്‍ത്തനവും സാധാരണ നിലയിലായി. ജൂലൈ ആദ്യം യാത്രക്കാരുടെ വന്‍തിരക്ക് പരിഗണിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് ജനറല്‍ സെയില്‍സ് ഏജന്റായ അറേബ്യന്‍ ട്രാവല്‍ ഏജന്‍സി, അന്‍ മിനയിലെ ഇന്ത്യന്‍ സോഷ്യല്‍ ആന്റ് കള്‍ച്ചര്‍ സെന്ററിലേക്ക് ബുക്കിങ് ഓഫീസ് മാറ്റിയിരുന്നു.
ജൂലൈയില്‍ 450 പേരോളം ദിവസവും ടിക്കറ്റുകള്‍ക്കായി ഇവിടെ എത്തിയിരുന്നു. കാലാവധി കഴിഞ്ഞ സന്ദര്‍ശക വിസക്കാര്‍ക്ക് രാജ്യം വിടാന്‍ നേരത്തെ അനുവദിച്ചിരുന്ന സമയപരിധിയായ ഓഗസ്റ്റ് 10 വരെ 500 പേരോളം ടിക്കറ്റുകള്‍ക്കായി എത്തിയിരുന്നു. എന്നാല്‍ ഇതിന് ശേഷം ആള് കുറഞ്ഞു. ഇപ്പോള്‍ വന്ദേ ഭാരത് അഞ്ചാം ഘട്ടത്തില്‍ ടിക്കറ്റുകള്‍ക്കായി ശരാശരി 100 പേരാണ് എത്തുന്നതെന്ന് ഏജന്‍സി വൃത്തങ്ങള്‍ പറയുന്നു.
ജോലി നഷ്ടപ്പെട്ടും മറ്റും ദുരിതമനുഭവിച്ചിരുന്നവരും അത്യാവശ്യമായി നാട്ടിലേക്ക് പോകേണ്ടിയിരുന്നവരുമൊക്കെ ഇതിനോടകം തന്നെ നാടണഞ്ഞതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ വലിയ തിരക്കിനും സാധ്യത കാണുന്നില്ല. യാത്രാ തീയ്യതി മാറ്റുന്നതിനു മറ്റുമായി എത്തുന്നവരുമുണ്ട്. സന്ദര്‍ശക വിസക്കാര്‍ക്ക് രാജ്യം വിടാന്‍ കൂടുതല്‍ സമയം അനുവദിച്ചതും തിരക്ക് കുറയാന്‍ കാരണമായി. ഓഗസ്റ്റ് 31 വരെയാണ് വന്ദേ ഭാരത് അഞ്ചാം ഘട്ട സര്‍വീസുകള്‍.