ഒമാനിലെ പ്രവാസികള്‍ക്ക് ആശങ്ക കുറയ്‌ക്കാം; കൂടുതല്‍ ചാർട്ടേർഡ് വിമാനങ്ങള്‍ ഉടന്‍
ആയിരക്കണക്കിന് പ്രവാസികളാണ് ഒമാനിൽ നിന്നുമുള്ള മടക്കയാത്രക്കായി കാത്തിരിക്കുന്നത്
മസ്‌കറ്റ്: കേരളത്തിലേക്കുള്ള മൂന്ന് സർവീസുകൾ ഉൾപ്പെടെ ആറ് വിമാനങ്ങളിലായി ഒമാനിൽ നിന്ന് 1055 പ്രവാസികൾ കൂടി ഇന്ത്യയിലേക്ക് മടങ്ങി. കൂടുതൽ ചാർട്ടേർഡ് വിമാനങ്ങൾ ഉടൻ ഒമാനിൽനിന്ന് ഉണ്ടാകുമെന്ന് സാമൂഹ്യ സംഘടനകൾ അറിയിച്ചു. ആയിരക്കണക്കിന് പ്രവാസികളാണ് ഒമാനിൽ നിന്നുമുള്ള മടക്കയാത്രക്കായി കാത്തിരിക്കുന്നത്.
വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായ രണ്ടു വിമാനങ്ങൾക്കു പുറമെ നാല് ചാർട്ടേർഡ് വിമാനങ്ങളാണ് ഒമാനിൽ നിന്നും പ്രവാസികളുമായി ഇന്ത്യയിലേക്ക് മടങ്ങിയത്. സലാലയിൽ നിന്നും കൊച്ചിയിലേക്കും മസ്കറ്റിൽ നിന്നും കോഴിക്കോട്ടേക്കും പുറപ്പെട്ട വിമാനങ്ങളായിരുന്നു വന്ദേഭാരത് ദൗത്യത്തിൽ ഉൾപെട്ടിരുന്നത്. ചാർട്ടേർഡ് വിമാനങ്ങളിൽ രണ്ടെണ്ണം ലക്‌നോവിലേക്കും തിരുവന്തപുരത്തേക്കും ബിഹാറിലേക്കും ഓരോന്ന് വീതവുമാണ് മസ്കറ്റിൽ നിന്നും പുറപെട്ടതെന്നു മസ്കറ്റ് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി അനുജ് സ്വരൂപ് വ്യക്തമാക്കി. ആറു വിമാനങ്ങളിലായി 1055 യാത്രക്കാർ ഉണ്ടായിരുന്നുവെന്നും അനൂജ് സ്വരൂപ് സ്ഥിരീകരിച്ചു.
മസ്കറ്റ് കെഎംസിസി ക്രമീകരിക്കുന്ന ചാർട്ടേഡ് വിമാനം നാളെ രാവിലെ 8 മണിക്ക് കണ്ണൂരിലേക്കു പുറപ്പെടും. ഇത് കെഎംസിസിയുടെ മസ്കറ്റിൽ നിന്നുമുള്ള മൂന്നാമത്തെ ചാർട്ടേർഡ് വിമാനമാണ്. വരും ദിവസങ്ങളിൽ കൂടുതൽ ചാർട്ടേർഡ് വിമാന സർവീസുകൾ കേരളത്തിലേക്ക് ഉണ്ടാകുമെന്ന് സാമൂഹ്യ സംഘടനാ ഭാരവാഹികൾ പറഞ്ഞു.
തൊഴിൽ നഷ്ടപ്പെട്ട് മാസങ്ങളോളം ശമ്പളവും ലഭിക്കാതെ ധാരാളം പ്രവാസികളാണ് ഒമാന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങി കിടക്കുന്നത്. കഴിഞ്ഞ 30 ദിവസങ്ങൾക്കുള്ളിൽ ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് 6000 പേരാണ് മടങ്ങിയത്.
Read more: പ്രവാസികള്‍ക്ക് ആശ്വാസം; വന്ദേഭാരത് മിഷന്‍ മൂന്നാം ഘട്ടത്തിൽ കൂടുതൽ വിമാനങ്ങൾ