'ചാർട്ടേഡ് വിമാനമുണ്ടോ ഇനി?', പ്രവാസിയോട് അങ്ങോട്ട് വിവരം തിരക്കി മന്ത്രി ജലീൽ

പ്രവാസി മലയാളിയും വളാഞ്ചേരി സ്വദേശിയുമായ ശ്രീജിത്തിനോട് മന്ത്രി കെ ടി ജലീൽ നടത്തിയ ഫോൺ സംഭാഷണത്തെച്ചൊല്ലിയാണ് വിവാദം. ട്രോളുകളുമായി യുഡിഎഫ് പ്രവർത്തകർ സാമൂഹ്യമാധ്യമങ്ങളിൽ പരിഹാസം തുടങ്ങി.

covid 19 minister kt jaleel and chartered flight controversy

കോഴിക്കോട്/ തിരുവനന്തപുരം: പ്രവാസി മലയാളിയോട് ഫോണിൽ വിളിച്ച് അവിടെ നിന്ന് പുറപ്പെടുന്ന ചാർട്ടേഡ് വിമാനങ്ങളുടെ കാര്യമന്വേഷിച്ച മന്ത്രി കെ ടി ജലീലിനെതിരെ സാമൂഹികമാധ്യമങ്ങളിൽ യുഡിഎഫ് പ്രവർത്തകരുടെ ട്രോളുകൾ. സർക്കാരിന്‍റെയും മന്ത്രിയുടെയും കഴിവ് കേടാണിതെന്നാണ് ആക്ഷേപം. എന്നാൽ തന്‍റെ നാട്ടുകാരനായ ഒരാളെ ഫോണിൽ വിളിച്ച കൂട്ടത്തിൽ കുശലാന്വേഷണം നടത്തിയതാണെന്നാണ് മന്ത്രിയുടെ വിശദീകരണം.

പ്രവാസി മലയാളിയും വളാഞ്ചേരി സ്വദേശിയുമായ ശ്രീജിത്തിനോട് മന്ത്രി കെ ടി ജലീൽ നടത്തിയ ഫോൺ സംഭാഷണത്തെച്ചൊല്ലിയാണ് വിവാദം. അതിങ്ങനെ:

കെ.ടി.ജലീൽ, മന്ത്രി

ശ്രീജിത്താണോ?

ശ്രീജിത്ത്

അതെ, ശ്രീജിത്താണ്

കെ.ടി.ജലീൽ, മന്ത്രി

ഞാൻ ജലീലാണ്. കെ.ടി. ജലീലാണ്.

ശ്രീജിത്ത്

സൗണ്ട് കേട്ടപ്പോൾ മനസ്സിലായി

കെ.ടി.ജലീൽ, മന്ത്രി

എന്താണ് ശ്രീജിത്തേ, കുഞ്ഞേട്ടന്‍റെ അവിടെയാണ് വീട്, അല്ലേ?

ശ്രീജിത്ത്

അതെ. കുഞ്ഞേട്ടന്‍റെ അവിടെയാണ്

കെ.ടി.ജലീൽ, മന്ത്രി

ശ്രീജിത്ത് ഖത്തറിൽ എവിടെയാണ്?

ശ്രീജിത്ത്

ഞാൻ ഖത്തറിൽ ദോഹയിൽ തന്നെയാണ്

കെ.ടി.ജലീൽ, മന്ത്രി

ഖത്തറിലെ ഫ്ലൈറ്റ് ചാർട്ടർ ചെയ്യുന്നത് ആരൊക്കെയാണ്?

ശ്രീജിത്ത്

എംബസി മുഖേനയാണ്. എംബസിയും കെഎംസിസിയും ഒക്കെയാണെന്ന് തോന്നുന്നു

കെ.ടി.ജലീൽ, മന്ത്രി

അവിടെ ഈ  എ.പി.അബൂബക്കർ മുസ്ലിയാരുടെ വിഭാഗക്കാർ ഫ്ലൈറ്റ് ചാർട്ടർ ചെയ്യുന്നുണ്ടോ എന്ന് നോക്കണേ. ഉണ്ടെങ്കിൽ എന്നെ അറിയിക്കണം. നമ്മുടെ നാട്ടുകാരായ ആളുകൾ ഉണ്ടെങ്കിൽ ഉൾക്കൊള്ളിക്കാൻ വേണ്ടിയാണ്.

ഫോൺ റിക്കോഡ് പുറത്ത് വന്നതിന് പിന്നാലെ മന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചാരണവും ശക്തമായി. പ്രവാസികളെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ സർക്കാരിനും മന്ത്രിക്കും ഒന്നും ചെയ്യാനാവില്ലെന്ന് തെളിഞ്ഞതായാണ് ആക്ഷേപം. എന്നാലിത് കാര്യമായെടുക്കുന്നില്ലെന്നും നാട്ടുകാരനായ പ്രവാസി പ്രവർത്തകനെ അഭിനന്ദിക്കാനാണ് വിളിച്ചതെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ വാക്കുകളിങ്ങനെ:

കെ.ടി.ജലീൽ, മന്ത്രി

ശ്രീജിത്തിനെ വിളിച്ച് അഭിനന്ദിച്ചതല്ലേ,  എപിയുടെ അവർ ഫ്ലൈറ്റ് വല്ലതും ചാർട്ടർ ചെയ്യുന്നുണ്ടോ എന്ന് അന്വേഷിച്ചു. സാധാരണ നമ്മൾ സംസാരിക്കുമ്പോൾ അങ്ങനെ എന്തേലും ഒക്കെ സംസാരിക്കണ്ടേ? നമുക്ക് ഇവിടുന്ന് ലെറ്റർ പാഡിൽ എഴുതികൊടുത്താൽ ആളെ കൊണ്ടുവരാൻ പറ്റുമോ മന്ത്രിയെന്ന നിലയിൽ? അത് ആർക്കാ പറ്റുക?

എന്നാലീ വിശദീകരണത്തിനൊന്നും ചെവി കൊടുക്കാതെ ട്രോളുകളുമായി പരിഹാസം നിറയ്ക്കുകയാണ് യുഡിഎഫ് പ്രവർത്തകർ സാമൂഹ്യമാധ്യമങ്ങളിൽ. 

Latest Videos
Follow Us:
Download App:
  • android
  • ios