കേരളത്തിലേക്കുള്ള ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് പുതിയ നിബന്ധന; തീരുമാനം സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശ പ്രകാരം

ടിക്കറ്റ് നിരക്കിന് സംസ്ഥാന സര്‍ക്കാര്‍ പരിധി നിശ്ചയിച്ചതായി ഇന്ത്യന്‍ അംബാസഡര്‍ ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു. സംസ്ഥാനത്തേക്ക് ഇനി മുതലുള്ള വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യുന്നവര്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ അധികം പണം വാങ്ങില്ലെന്ന് രേഖാമൂലം അറിയിക്കണം.

Charter flights from UAE to Kerala cannot charge more than special repatriation flights

അബുദാബി: കേരളത്തിലേക്ക് പ്രവാസികളെ കൊണ്ടുപോകുന്ന ചാര്‍ട്ടര്‍ വിമാനങ്ങളില്‍ അധിക നിരക്ക് ഈടാക്കാന്‍ അനുവദിക്കില്ല. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി നിശ്ചയിച്ച വിമാന ടിക്കറ്റ് നിരക്ക് മാത്രമേ ചാര്‍ട്ടര്‍ വിമാനങ്ങളിലും അനുവദിക്കൂ. ഇക്കാര്യം കേരളം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ പറഞ്ഞു.

ടിക്കറ്റ് നിരക്കിന് സംസ്ഥാന സര്‍ക്കാര്‍ പരിധി നിശ്ചയിച്ചതായി ഇന്ത്യന്‍ അംബാസഡര്‍ ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു. സംസ്ഥാനത്തേക്ക് ഇനി മുതലുള്ള വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യുന്നവര്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ അധികം പണം വാങ്ങില്ലെന്ന് രേഖാമൂലം അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇനി മുതല്‍ കേരളത്തിലേക്ക് വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യുന്നതിനായി ആര് സമീപിച്ചാലും ഇത് ബാധകമാണ്. ഇത് അംഗീകരിക്കാത്തവര്‍ക്ക് സംസ്ഥാനം അനുമതി നല്‍കില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

നിലവില്‍ കേരളത്തിലേക്ക് കെ.എം.സി.സിയുടെ നേതൃത്വത്തില്‍ സജ്ജമാക്കിയ രണ്ട് ചാര്‍ട്ടര്‍ വിമാനങ്ങളിലും 1250 ദിര്‍ഹം വീതമാണ് ഈടാക്കിയതെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങളിലെ ശരാശരി നിരക്ക് 725 ദിര്‍ഹമാണ്. വരും ദിവസങ്ങളില്‍ കേരളത്തിലേക്കുള്ള ചാര്‍ട്ടര്‍ വിമാനങ്ങളില്‍ പരമാവധി നിരക്ക് സംബന്ധിച്ച നിബന്ധന പ്രാബല്യത്തില്‍ വരും.

അതേസമയം ഗോ എയര്‍ വിമാനത്തില്‍ 900 ദിര്‍ഹം വരെ ഈടാക്കി പ്രവാസികളെ കൊണ്ടുപോകാന്‍ കഴിയുമായിരുന്നെങ്കിലും ആ കമ്പനിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെന്ന് കെ.എം.സി.സി നേതാക്കള്‍ പറഞ്ഞു. പിന്നീട് സ്‍പൈസ് ജെറ്റില്‍ നിന്ന് ഏറെ വിലപേശലുകള്‍ക്ക് ശേഷമാണ് ഈ നിരക്ക് ലഭിച്ചത്. ദുബായിലും ഷാര്‍ജയിലും ഹാന്റ്‍ലിങ് ചാര്‍ജുകള്‍ അധികമായതിനാല്‍ റാസല്‍ഖൈമയില്‍ നിന്നാണ് വിമാനങ്ങള്‍ സജ്ജമാക്കിയത്. ഓരോ വിമാനങ്ങളിലും 160 യാത്രക്കാരെ കൊണ്ടുപോകാന്‍ കഴിയുമെന്നും കെ.എം.സി.സി നേതാക്കള്‍ പറഞ്ഞു.

ദുരിതമനുഭവിക്കുന്ന പ്രവാസികളില്‍ നിന്നാണ് പത്ത് ശതമാനം യാത്രക്കാരെ തെരഞ്ഞെടുത്തത്. അവര്‍ക്ക് ഫ്രീ ടിക്കറ്റുകളാണ് നല്‍കിയത്. എന്നാല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ഈടാക്കുന്ന അതേ നിരക്കില്‍ വിമാനം ചാര്‍ട്ടര്‍ ചെയ്യാന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ കേരളത്തിലേക്ക് ഒരു ചാര്‍ട്ടര്‍ വിമാനവും പറക്കില്ല. വിമാനക്കമ്പനികളുമായി വിലപേശി നിരക്ക് കുറയ്ക്കാന്‍ ശ്രമിക്കുമെന്നും സര്‍ക്കാര്‍ അനുമതിയ്ക്കായി വീണ്ടും ശ്രമിക്കുമെന്നും കെ.എം.സി.സി നേതാക്കള്‍ പറഞ്ഞു.

ചാര്‍ട്ടര്‍ വിമാനങ്ങളില്‍ അമിത നിരക്ക് ഈടാക്കുന്നതായി പരാതികളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് മാത്രമേ ഈടാക്കാവൂ എന്നും മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് പ്രഥമ പരിഗണന ഇത്തരം വിമാനങ്ങളിലും നല്‍കണമെന്നുമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. അതേസമയം മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി സര്‍ക്കാര്‍ കൂടുതല്‍ വിമാനങ്ങള്‍ അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്.

Latest Videos
Follow Us:
Download App:
  • android
  • ios