സൗദി അറേബ്യയിൽ ഇന്ന് 39 കൊവിഡ് മരണം; പുതിയ രോഗികളുടെ എണ്ണത്തില്‍ കുറവ്
സൗദി അറേബ്യയിലെ രോഗമുക്തി നിരക്ക് 90.9 ശതമാനത്തിലെത്തി. ചികിത്സയിൽ കഴിയുന്നവരുടെ 24,310 പേരിൽ 1652 പേർക്ക് മാത്രമാണ് ഗുരുതരാവസ്ഥയുള്ളത്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്.
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 39 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 3619 ആയി. പുതിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളുടെ എണ്ണത്തിൽ കുറവുണ്ട്. 1184 പേർക്ക് മാത്രമാണ് ശനിയാഴ്ച കൊവിഡ് പോസിറ്റീവായത്. 1374 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ആകെ റിപ്പോർട്ട് ചെയ്ത 306370 കേസുകളിൽ 278441ഉം സുഖപ്പെട്ടു.
സൗദി അറേബ്യയിലെ രോഗമുക്തി നിരക്ക് 90.9 ശതമാനത്തിലെത്തി. ചികിത്സയിൽ കഴിയുന്നവരുടെ 24,310 പേരിൽ 1652 പേർക്ക് മാത്രമാണ് ഗുരുതരാവസ്ഥയുള്ളത്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ശനിയാഴ്ച റിയാദ് (2), ജിദ്ദ (4), മക്ക (3), ഹുഫൂഫ് (2), മദീന (2), ത്വാഇഫ് (2), മുബറസ് (2), ഖമീസ് മുശൈത്ത് (2), ബുറൈദ (3), അബഹ (2), ഹാഇൽ (4), തബൂക്ക് (1), മഹായിൽ (1), ബീഷ (1), അൽറസ് (1), സബ്യ (1), അറാർ (1), അൽനമാസ് (1), സകാക (1), അൽമജാരിദ (1), അൽബാഹ (2), അൽഖുവയ്യ (1), ദർബ് (1), അൽഅർദ (1) എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ മക്കയിലാണ് പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത്, 91. സാംതയിൽ 73ഉം റിയാദിൽ 53ഉം ഹാഇലിൽ 50ഉം ജീസാനിൽ 49ഉം ബെയ്ഷിൽ 47ഉം മദീനയിൽ 38ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച രാജ്യത്ത് 59,120 കൊവിഡ് ടെസ്റ്റുകൾ നടത്തി. ഇതുവരെ 46,22,637 കൊവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്.