അനന്തപുരി ചക്ക മഹോല്‍സവത്തിന് തുടക്കമായി; കാണികൾക്കായി ചക്കപ്പഴം തീറ്റ മൽസരം
ജൂലൈ ഒമ്പതുവരെ എല്ലാദിവസവും രാവിലെ 11 മുതല്‍ രാത്രി ഒമ്പതു വരെയാണ് പ്രദര്‍ശനം. കാണികൾക്കായി തിങ്കളാഴ്ച വൈകുന്നേരം നാലുമുതൽ ചക്കപ്പഴം തീറ്റമൽസരം സംഘടിപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള മാധുര്യമൂറും ചക്കപ്പഴങ്ങളും സ്വാദിഷ്ടമായ ചക്ക വിഭവങ്ങളും അണിനിരന്നതോടെ അനന്തപുരി ചക്ക മഹോൽസവത്തിന് പുത്തരിക്കണ്ടം മൈതാനിയിൽ ഇന്ന് ഉജ്ജ്വല തുടക്കം. തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി.കെ രാജു ഉദ്ഘാടനം ചെയ്തു. തേന്‍ വരിക്ക, ചെമ്പരത്തി വരിക്ക, നാടന്‍ വരിക്ക, മുള്ളന്‍ ചക്ക, കൂഴച്ചക്ക, കൊട്ട് വരിക്ക തുടങ്ങി വലിപ്പത്തിലും രുചിയിലുമുള്ള നൂറുകണക്കിന് വ്യത്യസ്തതരം ചക്കകളാണ് മേളയിലുള്ളത്.
പ്രദർശനം കാണാൻ ആദ്യ ദിനം തന്നെ ആയിരങ്ങളെത്തി. സംസ്ഥാന ഫലമായ ചക്കയുടെ പ്രചരണാർത്ഥം സിസയുടെ നേതൃത്വത്തിൽ ചക്ക കര്‍ഷകരുടെയും ചക്ക പ്രേമികളുടെയും കൂട്ടായ്മയും പ്രശസ്ത ചക്ക പ്രചാരകരായ ചക്കക്കൂട്ടവും ചേർന്നാണ് മഹോൽസവം സംഘടിപ്പിച്ചിരിക്കുന്നത്. ജൂലൈ ഒമ്പതുവരെ എല്ലാദിവസവും രാവിലെ 11 മുതല്‍ രാത്രി ഒമ്പതു വരെയാണ് പ്രദര്‍ശനം. കാണികൾക്കായി തിങ്കളാഴ്ച വൈകുന്നേരം നാലുമുതൽ ചക്കപ്പഴം തീറ്റമൽസരം സംഘടിപ്പിച്ചിട്ടുണ്ട്. പ്രദർശന നഗരിയിലെത്തുന്ന ആർക്കും മൽസരത്തിൽ പങ്കെടുക്കാം.
ഏറ്റവുമധികം വരിക്കച്ചക്കപ്പഴം കഴിക്കുന്നവർക്കാണ് സമ്മാനം. ചക്ക വിഭവങ്ങളുടെയും പ്രദര്‍ശനവും വില്‍പ്പനയുമാണ് മേളയുടെ ഒരു വശത്ത് നടക്കുന്നത്. 100ല്‍പ്പരം രുചിയേറുന്ന ചക്ക വിഭവങ്ങള്‍ മാത്രമുള്ള ഫുഡ്‌കോര്‍ട്ട് മേളയുടെ മറ്റൊരു പ്രത്യേകതയാണ്. ചക്ക മസാലദോശ, ചക്ക പഴംപൊരി, ചക്ക ബജി, ചക്ക മിക്‌സ്ചര്‍, ചക്ക അട, ചക്ക കോട്ടപ്പം, ചക്ക ചിപ്‌സ്, ചക്ക ഉള്ളിവട, ചക്ക മഞ്ചൂരി, ചക്ക മോതകം, ചക്ക മധുരചില്ലി, ചക്ക കട്‌ലറ്റ് എന്നിവയുടെ വില്‍പ്പനയുമുണ്ട്.
ചക്ക സ്‌ക്വാഷുകള്‍, ചക്ക ജാമുകള്‍ എന്നിവയുടെ വില്‍പ്പനയും പാചക പരിശീലനവും പ്രദര്‍ശനത്തിലുണ്ട്. 'നല്ലഭക്ഷണം, നല്ല ആരോഗ്യം, നല്ലജീവിതം, നമുക്കും വരും തലമുറയ്ക്കും'' എന്ന സന്ദേശമുയര്‍ത്തിയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. നഗരമാകെ പ്ലാവ് എന്ന ആശയം മുൻനിർത്തി ഓരോ വീട്ടിലും ഒരു പ്ലാവിൻ തൈ നടുക എന്ന ലക്ഷ്യത്തോടെ മുപ്പതിൽപരം വ്യത്യസ്തയിനം പ്ലാവിന്‍ തൈകൾ കുറഞ്ഞ വിലയ്ക്ക് മേളയിൽ ലഭിക്കും. ജൈവോല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ചക്കവിഭവങ്ങളും മേളയില്‍ അണിനിരക്കും. വിവിധ ദിവസങ്ങളിലായി മന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍, സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, സിനിമാതാരങ്ങള്‍ എന്നിവര്‍ മേള സന്ദര്‍ശിക്കും.
Read More : 'തലസ്ഥാനം കൊച്ചിയിലേക്ക്'; ലോജിക്കൽ ആണ്, സമ്മതിക്കണം, ഹൈബി ഈഡനെ പരിഹസിച്ച് കെ. മോഹൻകുമാർ