ഹോക്കിയിൽ ആവേശജയം, ഷൂട്ടിംഗിൽ മെഡൽ പ്രതീക്ഷ, ബാഡ്മിന്‍റണിലും വിജയത്തുടക്കം; ഇന്ത്യയുടെ ആദ്യ ദിനം ഇങ്ങനെ

വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ചരിത്രനേട്ടം കുറിച്ച മനു ഭാക്കര്‍ ഫൈനലിലെത്തിയപ്പോള്‍ പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ സരബ്ജോത് സിങും അര്‍ജുന്‍ സിങ് ചീമയും ഫൈനലിലെത്താതെ പുറത്തായി.

Paris Olympics 2024 Live Updates: How India performed in Day 1,Hope in Badminton and Shooting

പാരീസ്: ഒളിംപിക്സ് ആദ്യദിനം ഇന്ത്യക്ക് നിരാശയും പ്രതീക്ഷയും. ഷൂട്ടിംഗ് റേഞ്ചില്‍ നിരാശക്ക് പിന്നാലെ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ചരിത്രനേട്ടം കുറിച്ച മനു ഭാക്കര്‍ ഫൈനലിലെത്തിയത് പ്രതീക്ഷയായി. ഹോക്കിയില്‍ ന്യൂസിലന്‍ഡിനെതിരെ 3-2ന്‍റെ ആവേശജയവുമായി പുരുഷ ടീമും ബാഡ്മിന്‍റൺ സിംഗിൾസില്‍ ലക്ഷ്യ സെന്നും ഡബിള്‍സില്‍ സാത്വവിക് സായ് രാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ ഹര്‍മീത് ദേശായിയും ജയത്തോടെ തുടങ്ങിയത് പ്രതീക്ഷയായി.

വനിതാ ഷൂട്ടിംഗ് 10 മീറ്റര്‍ എയര്‍ പിസ്റ്റൾ യോഗ്യതാ റൗണ്ടില്‍ 580 പോയന്‍റുമായി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയായ മനു ഭാക്കര്‍ ഫൈനലിലെത്തിയത്. ഞായറാഴ്ച ഇന്ത്യൻ സമയം 3.30നാണ് മെഡല്‍ പോരാട്ടം.പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ സരബ്ജോത് സിങും അര്‍ജുന്‍ സിങ് ചീമയും ഫൈനലിലെത്താതെ പുറത്തായതായിരുന്നു വലിയ നിരാശ. യോഗ്യതാ റൗണ്ടില്‍ ഒരു പോയന്‍റ് വ്യത്യാസത്തിലാണ് സരബ്ജോതിന് ഫൈനല്‍ യോഗ്യത നഷ്ടമായത്. സരബ്ജോത് ഒമ്പതാം സ്ഥാനത്തായപ്പോള്‍ അര്‍ജുന്‍ സിങ് പതിനെട്ടാമതാണ് ഫിനിഷ് ചെയ്തത്. നേരത്തെ മിക്സഡ് ഇനത്തില്‍ ഇന്ത്യയുടെ രമിത ജിന്‍ഡാല്‍-അര്‍ജുന്‍ ബബുത ജോഡിയും എലവേനില്‍ വലറിവാന്‍-സന്ദീപ് സിങ് ജോഡിയും ഫൈനലിലേക്ക് യോഗ്യത നേടാതെ പുറത്തായിരുന്നു.

ബാഡ്മിന്‍റണില്‍ പ്രതീക്ഷ

ബാഡ്മിന്‍റണ്‍ പുരുഷ സിംഗിള്‍സില്‍ ലക്ഷ്യ സെന്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് ഗ്വാട്ടിമാലയുടെ കെവിന്‍ കോര്‍ഡനെ തോല്‍പ്പിച്ച് രണ്ടാം റൗണ്ടിലെത്തി. സ്കോര്‍( 21-9, 22-20). പുരുഷ ഡബിള്‍സിലെ ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയായ സാത്വവിക് സായ് രാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും രണ്ടാം റൗണ്ടിലെത്തി. ഫ്രഞ്ച് സഖ്യമായ കോര്‍വി-ലാബര്‍ ജോഡിയെ നേരിട്ടുള്ള ഗെയിമുകളില്‍ തകര്‍ത്താണ് ഇന്ത്യന്‍ സഖ്യത്തിന്‍റെ മുന്നേറ്റം. സ്കോര്‍ 21-17, 21-14.

ടേബിള്‍ ടെന്നീസിലും വിജയത്തുടക്കം

ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ ഹര്‍മീത് ദേശായി ജോര്‍ദാന്‍റെ  അബോ യമന്‍ സയിദിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ച് രണ്ടാം റൗണ്ടിലെത്തി.

ഹോക്കിയില്‍ ജയിച്ചു തുടങ്ങി

പുരുഷ ഹോക്കിയില്‍ ന്യൂസിലന്‍ഡിനെതിരെ ഒരു ഗോളിന് പിന്നില്‍ നിന്നശേഷം മൂന്ന് ഗോള്‍ തിരിച്ചടിച്ച് ഇന്ത്യ വിജയത്തുടക്കമിട്ടു. ആദ്യ ക്വാര്‍ട്ടറില്‍ ലീഡെടുത്ത ന്യൂസിലന്‍ഡിനെതിരെ രണ്ടാം ക്വാര്‍ട്ടറിലും മൂന്നാം ക്വാര്‍ട്ടറിലും ഗോളടിച്ചാണ് ഇന്ത്യ 2-1ന് മുന്നിലെത്ത. അവസാന ക്വാര്‍ട്ടറില്‍ സമനില പിടിച്ച ന്യൂസിലന്‍ഡിനെതിരെ അവസാന നിമിഷം ഗോളടിച്ചാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്.. എട്ടാം മിനിറ്റില്‍ മുന്നിലെത്തിയ ന്യൂസിലന്‍ഡിനെതിരെ മന്‍ദീപ് സിംഗിലൂടെ ഒപ്പം പിടിച്ച ഇന്ത്യ 34-ാം മിനിറ്റില്‍ വിവേക് സാഗറിലൂടെ ലീഡെടുക്കുകയായിരുന്നു. എന്നാല്‍ 53-ാം മിനിറ്റില്‍ ന്യൂസിലന്‍ഡ് സമനില പിടിച്ചെങ്കിലും കളി തീരാന്‍ ഒരു മിനിറ്റ് മാത്രം ബാക്കിയിരിക്കെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗിന്‍റെ ഗോളിലൂടെ ഇന്ത്യ വിജയം പിടിച്ചെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios