ബ്രേക്ക് ഡാൻസിനിടെ അഫ്ഗാനിലെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനായി സന്ദേശമുയർത്തിയ അഭയാർത്ഥി ടീമംഗത്തെ അയോഗ്യാക്കി

ഈ സന്ദേശം വായിച്ചശേഷം എതിരാളിയായ ഡച്ച് താരം ഇന്ത്യ സാര്‍ദ്‌ജോ അടക്കമുള്ളവര്‍ കൈയടിക്കുകയും ചെയ്തിരുന്നു.

Paris Olympics 2024: Afgan's Refugee athlete Manizha Talash was disqualified from the Breaking Competition

പാരീസ്: ഒളിംപിക്സില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ ബ്രേക്ക് ഡാന്‍സ്(ബ്രേക്കിംഗ്) മത്സരത്തിനിടെ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനായുള്ള സന്ദേശമുയര്‍ത്തിയ അഭയാര്‍ത്ഥി സംഘത്തിലെ അഫ്ഗാന്‍ വനിതാ താരം മനിഴ തലാശിനെ അയോഗ്യയാക്കി. നെതര്‍ലന്‍ഡ്സ് താരം ഇന്ത്യ സാര്‍ദ്‌ജോക്കെതിരായ മത്സരത്തിനായി വേദിയിലെത്തിയപ്പോഴാണ് തലാശ് തന്‍റെ മേല്‍ക്കുപ്പായം ഊരി മാറ്റി അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ സ്വതന്ത്രയാക്കൂ എന്ന സന്ദേശമെഴുതിയ ടീ ഷര്‍ട്ട് ഡാന്‍സ് വേദിയില്‍ പ്രദര്‍ശിപ്പിച്ചത്.

ഈ സന്ദേശം വായിച്ചശേഷം എതിരാളിയായ ഡച്ച് താരം ഇന്ത്യ സാര്‍ദ്‌ജോ അടക്കമുള്ളവര്‍ കൈയടിക്കുകയും ചെയ്തിരുന്നു. യോഗ്യതാ മത്സരത്തില്‍ തലാശ് തോറ്റ് പുറത്തായിരുന്നു. ഇതിനുശേഷമാണ് രാജ്യാന്തര ഒളിംപിക് കമ്മിറ്റിയും വേള്‍ഡ് ഡാന്‍സ് സ്പോര്‍ട് ഫെഡറേഷനും തലാശിനെ അയോഗ്യയാക്കിയ കാര്യം പ്രഖ്യാപിച്ചത്. ഒളിംപിക് വേദികളിലോ മെഡല്‍ പോഡിയത്തിലോ രാഷ്ട്രീയ, മത, വംശീയപരമായ സന്ദേശങ്ങളോ മുദ്രാവാക്യങ്ങളോ വിളിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും വിലക്കുണ്ട്. ഇത് ലംഘിച്ചതിനാണ് നടപടി. കാബൂളില്‍ നിന്നുള്ള തലാശ് ഇപ്പോള്‍ സ്പെയിനിലാണ് താമസിക്കുന്നത്.

2021ല്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരമേറ്റെടുത്തതോടെയാണ് തലാശിന്‍റെ കുടുംബം സ്പെയിനിലേക്ക് പലായനം ചെയ്തത്. അഫ്ഗാനില്‍ സ്ത്രീകള്‍ക്ക് പൊതുവേദികളില്‍ സംഗീത,നൃത്ത പരിപാടികള്‍ അവതരിപ്പിക്കുന്നതിന് വിലക്കുണ്ട്. സ്ത്രീകള്‍ക്ക് സ്കൂളുകളിലോ ജിംനേഷ്യത്തിലോ പോകാനാവില്ല. ഇതൊക്കെ ചൂണ്ടിക്കാട്ടാനാണ് തലാശിന്‍റെ പ്രതിഷേധം.

കനല്‍ വഴികള്‍ താണ്ടി അമന്‍; പാരീസില്‍ കുറിച്ചത് മറ്റൊരു ഇന്ത്യൻ താരത്തിനുമില്ലാത്ത അപൂര്‍വ നേട്ടം

ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായെങ്കിലും താന്‍ ഉയര്‍ത്തിയ സന്ദേശം ലോക വേദിയിലെത്തിയെന്നതിന്‍റെ സന്തോഷത്തിലാണ് തലാശ് പാരീസില്‍ നിന്ന് മടങ്ങുന്നത്. തനിക്കെന്ത് ചെയ്യാനാവുമെന്ന് ലോകത്തിന് കാട്ടിക്കൊടുക്കാനയതില്‍ സന്തോഷമുണ്ടെന്ന് മത്സരശേഷം തലാശ് പറഞ്ഞിരുന്നു. ഒളിംപിക്സില്‍ ആദ്യമായി അവതരിപ്പിച്ച ബ്രേക്കിംഗ് പക്ഷെ 2028ലെ ലോസാഞ്ചല്‍സ് ഒളിംപിക്സിലെ മത്സര ഇനമല്ലാത്തതിനാല്‍ തലാശിന് മത്സരിക്കാനാവില്ല. 2032ലെ ബ്രിസ്ബേന്‍ ഒളിംപിക്സിൽ ബ്രേക്കിംഗ് മത്സരയിനമാക്കിയാല്‍ തലാശിന് അവസരം ലഭിക്കുമെന്നാണ് കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios