വിജയമുറപ്പിച്ചപ്പോൾ വേഗം കുറച്ചു; 200 മീറ്റർ ഓട്ടത്തിൽ ഒന്നാമനാവേണ്ടിയിരുന്ന യുവതാരം ഫിനിഷ് ചെയ്തത് നാലാമനായി

വിജയമുറപ്പിച്ച് പകുതിയിലധികം പിന്നിട്ടിരുന്നു ആ പതിനാറുകാരൻ, പെട്ടെന്നായിരുന്നു ആ നാടകീയ രംഗം.

British Runners big blunder during 200m race goes Viral

ബന്‍സാക്ക(സ്ലോവാക്യ): ജയിക്കുമെന്നുറപ്പായാൽ അൽപം വിശ്രമിച്ചാലോ, ആമയും മുയലും നടത്തിയ ഓട്ടമത്സരത്തിന്‍റെ കഥയല്ല ഇത്. സ്ലൊവാക്യയിൽ നടന്ന അണ്ടർ 18 യൂറോപ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലായിരുന്നു ആമയും മുയലും കഥയുടെ തനിയാവർത്തനം. വേദി സ്ലൊവാക്യയിലെ ദേശീയ അത്ലലറ്റിക് സ്റ്റേഡിയം, 18 വയസിനു താഴെയുളള ആണ്‍കുട്ടികളുടെ 200 മീറ്റർ ഓട്ട മത്സരത്തിന്‍റെ ഹീറ്റ്സ്, ട്രാക്കിൽ അഞ്ചാമത്തെ ലൈനിൽ ബ്രിട്ടന്‍റെ ഭാവിതാരം ജെയ്ക്ക് ഒഡെയ് ജോർദാൻ, ആദ്യ വിസിലിൽ മറ്റു താരങ്ങളെ ബഹുദൂരം പിന്നിലാക്കി ജോർദാന്‍റെ കുതിപ്പ്.

വിജയമുറപ്പിച്ച് പകുതിയിലധികം പിന്നിട്ടിരുന്നു ആ പതിനാറുകാരൻ, പെട്ടെന്നായിരുന്നു ആ നാടകീയ രംഗം. എതിരാളികളെക്കാള്‍ ബഹുദൂരം മുന്നിലായിരുന്ന ജോര്‍ദാന്‍ ഫിനിഷിംഗിന് 50 മീറ്റര്‍ അകലെയെത്തിയപ്പോള്‍ പെട്ടെന്ന് ഓട്ടത്തിന്‍റെ വേഗം കുറച്ചു. ഫിനിഷ് ലൈനില്‍ ഒന്നാമനായി എത്തുമെന്ന അമിത ആത്മവിശ്വാസത്തിലായിരുന്നു ജോര്‍ദാന്‍ അപ്പോള്‍. എന്നാല്‍ വേഗം കുറച്ച് ഫിനിഷ് ലൈന്‍ മറികടന്ന ജോര്‍ദ്ദാന് മുന്നിലേക്ക് മറ്റ് മൂന്നുപേര്‍ ഓടിക്കയറി. ഇതോടെ ജോർദാൻ ഫിനിഷ് ചെയ്തത് നാലാമനായി.

മികച്ച സമയം കുറിച്ച ആദ്യ മൂന്ന് താരങ്ങൾ ഫൈനലിലേക്ക് മുന്നേറിയപ്പോള്‍, ജോർദാൻ പുറത്തായി. അമിത ആത്മവിശ്വാസമോ , ആരോടെങ്കിലും ഉള്ള പ്രതിഷേധമോ, ജോർദാന്‍റെ മെല്ലപ്പോക്കിന് കാരണം തേടി കാണികളും കൂടെയോടിയവരും തലപുകച്ചു. അപ്പോഴാണ് അമളി പറ്റിയ കാര്യം ജോര്‍ദാന്‍ തന്നെ മത്സരത്തിന് ശേഷം സമ്മതിച്ചത്. ഫൈനലിനായി കുറച്ച് ഊർജ്ജം ബാക്കിവക്കാനായിട്ടായിരുന്നു വേഗം കുറച്ചത്. അത് മുതലാക്കി മറ്റുള്ളവ‍ർ ഓടിക്കയറുമെന്ന് കരുതിയതേയില്ലെന്ന് ജോര്‍ദാന്‍ പറഞ്ഞു. എന്തായാലും ലോക ചാംപ്യൻഷിപ്പ് ജോർദാന് നഷ്ടമായി. ജീവിതത്തിൽ ഇനി ഒരിക്കലും തിരിഞ്ഞുനോക്കാൻ ഇഷ്ടമല്ലാത്ത ഒരു തിരിഞ്ഞുനോട്ടത്തിലൂടെ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios