ബജറങ് പുനിയയും വിനേഷ് ഫോഗത്തും പരിശീലനത്തിന് വിദേശത്തേക്ക്
സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ 8 വരെയാണ് ചൈനയില്‍ ഏഷ്യാഡ് നടക്കുക. ബെല്‍ഗ്രേഡിലെ ലോക ചാമ്പ്യന്‍ഷിപ്പാവട്ടെ സെപ്റ്റംബര്‍ 16 മുതല്‍ 24 വരെയും.
ദില്ലി: ഗുസ്‌തി ഫെഡറേഷന്‍ തലവന്‍ ബ്രിജ് ഭൂഷന്‍ സിംഗിനെതിരായ പ്രതിഷേധങ്ങള്‍ അയഞ്ഞതിന് പിന്നാലെ വിദേശ പരിശീലനത്തിന് താരങ്ങൾ. ബജറങ് പുനിയക്കും വിനേഷ് ഫോഗത്തിനും വിദേശത്ത് പരിശീലനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ബജറങ് പുനിയ കിര്‍ഗിസ്ഥാനിലെ ഇസ്സിക് കുളിലും വിനേഷ് ഫോഗത്ത് ഹങ്കറിയിലെ ബുഡാപെസ്റ്റിലുമാണ് പരിശീലനം നടത്തുക. ഏഷ്യന്‍ ഗെയിംസ്, ലോക ചാമ്പ്യന്‍ഷിപ്പ് എന്നിവ മുന്‍നിര്‍ത്തിയാണ് ഇരുവരുടേയും വിദേശ പരിശീലനം. താരങ്ങള്‍ ജൂലൈ ആദ്യ വാരം വിദേശത്തേക്ക് തിരിക്കും. പരിശീലകൻ അടക്കം 7 പേർക്ക് ഒപ്പം പോകാനും അനുമതിയുണ്ട്.
ലൈംഗിക പീഡന കേസില്‍ ഗുസ്‌തി ഫെഡറേഷന്‍ പ്രസിഡന്‍റും ബിജെപി എംപിയുമായി ബ്രിജ് ഭൂഷന്‍ സിംഗിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ മുന്നില്‍ നിന്ന താരങ്ങളാണ് ബജറങ് പുനിയയും വിനേഷ് ഫോഗത്തും. കേസ് തുടരുന്ന സാഹചര്യത്തില്‍ പ്രത്യക്ഷ സമരം അവസാനിപ്പിച്ചതോടെ ഇനി പരിശീലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരങ്ങളുടെ ആലോചന. ഏഷ്യന്‍ ഗെയിംസ്, ലോക ചാമ്പ്യന്‍ഷിപ്പ് എന്നിവയ്‌ക്കായുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുകയാണ് പുനിയയുടെയും ഫോഗത്തിന്‍റേയും ലക്ഷ്യം. ചൈനയിലെ ഹാങ്ഝൗവില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിനും സെര്‍ബിയിലെ ബെല്‍ഗ്രേഡില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിനും മുന്നോടിയായി വിദേശ പരിശീലനത്തിന് അനുമതി തരണമെന്ന് ഇരുവരും സ്പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. താരങ്ങളുടെ അപേക്ഷ 24 മണിക്കൂറിനുള്ളിൽ അനുവദിച്ചെന്നാണ് കായിക മന്ത്രാലയം വ്യക്തമാക്കുന്നത്.
സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ 8 വരെയാണ് ചൈനയില്‍ ഏഷ്യാഡ് നടക്കുക. ബെല്‍ഗ്രേഡിലെ ലോക ചാമ്പ്യന്‍ഷിപ്പാവട്ടെ സെപ്റ്റംബര്‍ 16 മുതല്‍ 24 വരെയും. 2024ലെ പാരിസ് ഒളിംപിക്‌സിനുള്ള യോഗ്യതാ മത്സരം കൂടിയാണ് ബെല്‍ഗ്രേഡിലെ ചാമ്പ്യന്‍ഷിപ്പ്. വിനേഷ് ഫോഗത്തിനൊപ്പം വിദേശ പരിശീലനത്തില്‍ ഫിസിയോ അശ്വിനി ജീവന്‍ പാട്ടീലും സഹതാരം സംഗീത ഫോഗത്തും പരിശീലകന്‍ സുധേഷുമുണ്ടാകും എന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. ഇതില്‍ പാട്ടീലിന്‍റെ യാത്രയുടെ ചിലവ് വഹിക്കുക കേന്ദ്ര സര്‍ക്കാരായിരിക്കില്ല. ബജറങ് പുനിയക്കൊപ്പം പരിശീലകന്‍ സുജീത് മാനും ഫിസിയോ അനുജ് ഗുപ്‌തയും സഹതാരം ജിതേന്ദര്‍ കിന്‍ഹയും സ്ടെങ്‌ത് ആന്‍ഡ് കണ്ടീഷനിംഗ് വിദഗ്‌ധന്‍ കാസി കിറോണ്‍ മുസ്‌തഫ ഹസനും വിദേശത്തേക്കുണ്ടാകും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം