Asianet News MalayalamAsianet News Malayalam

നായയുമായി ഐഎഎസ് ഓഫീസറുടെ നടത്തം; ദില്ലിയില്‍ സ്റ്റേഡിയം ഒഴിപ്പിക്കുന്നതായി അത്‌ലറ്റുകളുടെ പരാതി

ഐഎഎസ് ഓഫീസറുടെ വാദങ്ങളെല്ലാം തള്ളിക്കളയുന്ന റിപ്പോര്‍ട്ടാണ് ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്‌പ്രസ് പ്രസിദ്ധീകരിച്ചത്

athletes told to leave Stadium for IAS officer can walk with dog report
Author
Delhi, First Published May 26, 2022, 11:38 AM IST | Last Updated May 26, 2022, 12:17 PM IST

ദില്ലി: ദില്ലി സര്‍ക്കാരിന് കീഴിലുള്ള ത്യാഗ്‌രാജ് സ്റ്റേഡിയത്തില്‍(Thyagraj Stadium) നായയെ കൊണ്ട് ഐഎഎസ് ഓഫീസര്‍ക്ക് നടക്കാനായി അത്‌ലറ്റുകളെയും പരിശീലകരേയും പരിശീലനം പൂര്‍ത്തിയാകും മുമ്പ് ഒഴിപ്പിക്കുന്നതായി പരാതി. ദില്ലി സര്‍ക്കാരിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജീവ് ഖീര്‍വറിനായാണ്(Sanjeev Khirwar) സ്റ്റേഡിയം വൈകിട്ട് ഏഴ് മണിയോടെ കാലിയാക്കുന്നത് എന്നാണ് അത്‌ലറ്റുകളും പരിശീലകരും ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് വ്യക്തമാക്കിയത്. എന്നാല്‍ ആരോപണങ്ങളെല്ലാം നിഷേധിച്ച് അദേഹം രംഗത്തെത്തി. 

'ലൈറ്റുകള്‍ക്ക് കീഴെ രാത്രി എട്ടര വരെ മുമ്പ് പരിശീലനം നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏഴ് മണിയോടെ സ്റ്റേഡിയം വിടാന്‍ ഞങ്ങളോട് ആവശ്യപ്പെടുകയാണ്. ഐഎഎസ് ഒഫീസര്‍ക്കും അദേഹത്തിന്‍റെ നായക്കും നടക്കാന്‍ വേണ്ടിയാണിത്. ഇതോടെ ഞങ്ങളുടെ പരിശീലനം തടസപ്പെടുന്നു' എന്നാണ് അത്‌ലറ്റുകള്‍ ആരോപിച്ചത്. ഐഎസ്എസ് ഓഫീസറുടെ നടത്തം കുട്ടികളുടെ പരിശീലനത്തെ ബാധിക്കുന്നതായി മാതാപിതാക്കളും പറയുന്നു. 

എന്നാല്‍ ഈ ആരോപണങ്ങളെല്ലാം പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജീവ് ഖീര്‍വര്‍ നിഷേധിച്ചു. ചിലപ്പോഴൊക്കെ നായയെ കൊണ്ട് സ്റ്റേഡിയത്തില്‍ പോകാറുണ്ട് എന്ന് സമ്മതിച്ച അദേഹം, അത്‌ലറ്റുകളുടെ പരിശീലനം തടസപ്പെടുത്തിയിട്ടില്ല എന്ന് വാദിച്ചു. നായയെ ട്രാക്കില്‍ സ്വതന്ത്രനായി വിടാറില്ലെന്നും അദേഹം പറഞ്ഞു. അത്‌ലറ്റുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന എന്തെങ്കിലും കാര്യം ചെയ്‌താല്‍ തിരുത്താന്‍ തയ്യാറാണെന്ന് എന്നും സഞ്ജീവ് ഖീര്‍വര്‍ വ്യക്തമാക്കി. 

എന്നാല്‍ ഐഎഎസ് ഓഫീസറുടെ വാദങ്ങളെല്ലാം തള്ളിക്കളയുന്ന റിപ്പോര്‍ട്ടാണ് ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്‌പ്രസ് പ്രസിദ്ധീകരിച്ചത്. ഒരാഴ്‌ചയ്‌ക്കിടെ മൂന്ന് തവണ മൈതാനം സന്ദര്‍ശിച്ചപ്പോള്‍ വൈകിട്ട് ആറരയോടെ സ്റ്റേഡിയത്തില്‍ നിന്ന് സെക്യൂരിറ്റികള്‍ അത്‌‌ലറ്റുകളെയും പരിശീലകരെയും ഒഴിപ്പിക്കുന്നത് കാണാനായി എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രാത്രി ഏഴരയ്‌ക്ക് ശേഷം സഞ്ജീവ് ഖീര്‍വര്‍ സ്റ്റേഡിയത്തില്‍ നടക്കുന്നതിന്‍റെയും നായ ട്രാക്കിലൂടെയും ഫുട്ബോള്‍ മൈതാനത്തിലൂടെയും ഓടുന്നതിന്‍റേയും ചിത്രങ്ങള്‍ ഇന്ത്യന്‍ എക്‌സ്‌പ്രസിന്‍റെ വാര്‍ത്തയിലുണ്ട്. ഈസമയം സ്റ്റേഡിയത്തിലെ സെക്യൂരിറ്റികള്‍ വെറും കാഴ‌്‌ചക്കാരായി നോക്കിനില്‍ക്കുകയാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

അതേസമയം സ്റ്റേഡിയത്തിലെ പരിശീലനസമയം വൈകിട്ട് നാല് മുതല്‍ ആറ് വരെയാണ് എന്നാണ് ഗ്രൗണ്ടിന്‍റെ അഡ്‌മിനിസ്ട്രൈറ്റര്‍ അജിത് ചൗധരിയുടെ പ്രതികരണം. ചൂട് പരിഗണിച്ചാണ് ഏഴ് മണിവരെ പരിശീലനത്തിന് താരങ്ങളെ അനുവദിക്കുന്നത് എന്നും അദേഹം വ്യക്തമാക്കി. ഏഴ് മണിക്ക് ശേഷം ഗവര്‍ണമെന്‍റ് പ്രതിനിധി ഗ്രൗണ്ട് ഉപയോഗിക്കുന്നതിനെ കുറിച്ച് തനിക്കറിയില്ല എന്നും ചൗധരി വാദിച്ചു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസിനായി നിര്‍മ്മിച്ചതാണ് ത്യാഗ്‌രാജ് സ്റ്റേഡിയം. ദേശീയ, സംസ്ഥാന അത്‌ലറ്റുകളും ഫുട്ബോള്‍ താരങ്ങളും ഇവിടെ പരിശീലനം നടത്തിവരുന്നു. 

'ഐഒഎ പ്രസിഡന്‍റ് സ്ഥാനം രാജിവച്ചിട്ടില്ല'; മാധ്യമവാര്‍ത്തകള്‍ നിഷേധിച്ച് നരീന്ദർ ധ്രുവ് ബത്ര

Latest Videos
Follow Us:
Download App:
  • android
  • ios