ആരാണ് സോഷ്യല്‍ മീഡിയ ഇളക്കിമറിച്ച 'ബച്ച്പന്‍ ക്യാ പ്യാര്‍' ഗായകന്‍; സഹദേവിന്‍റെ ആല്‍ബവും വന്‍ ഹിറ്റ്.!
ചത്തീസ്ഗഡിലെ ബസ്തര്‍ ജില്ലയിലെ സുഗമ എന്ന ഗ്രാമതത്തിലാണ് ഈ കുട്ടി ജനിച്ചത്. 2009ലാണ് ജനനം ഇപ്പോള്‍ 12 വയസുണ്ടെന്നാണ് ഔദ്യോഗിക രേഖകള്‍ പറയുന്നത്, പക്ഷെ പത്ത് വയസാണ് ഉള്ളതെന്നാണ് ചില മാധ്യമ റിപ്പോര്‍ട്ടുകള്‍.
ഇന്റര്‍നെറ്റ് വന്നതോടെ ഏതൊരു വ്യക്തിയും അതിവേഗം പ്രശസ്തിയിലേക്ക് ഉയരും. റാണു മണ്ഡല്‍ എന്ന ഗായികയെ റെയില്‍ പ്ലാറ്റ്ഫോമിലെ ഒരു ഗാനം ദേശീയ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയതും, അവര്‍ക്ക് അവസരങ്ങള്‍ ലഭിച്ചതും വൈറലായിരുന്നു. അത് പോലെ ഒരു കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ശ്രദ്ധ കേന്ദ്രം. പേര് സഹദേവ് ഡിര്‍ഡോ. ചത്തീസ്ഗഡ് സ്വദേശിയായ ഈ സ്കൂള്‍ കുട്ടി പാടിയ 'ബച്ച്പന്‍ ക്യാ പ്യാര്‍' എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ചത്തീസ്ഗഡിലെ ബസ്തര്‍ ജില്ലയിലെ സുഗമ എന്ന ഗ്രാമതത്തിലാണ് ഈ കുട്ടി ജനിച്ചത്. 2009ലാണ് ജനനം. ഇപ്പോള്‍ 12 വയസുണ്ടെന്നാണ് ഔദ്യോഗിക രേഖകള്‍ പറയുന്നത്, പക്ഷെ പത്ത് വയസാണ് ഉള്ളതെന്നാണ് ചില മാധ്യമ റിപ്പോര്‍ട്ടുകള്‍. ഒരു തമാശയ്ക്കാണ് വീഡിയോ ചെയ്തിട്ടത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഈ കുട്ടിയുടെ വേഗത്തിലുള്ള പാട്ട് വൈറലായി. ഇന്‍സ്റ്റഗ്രാം റീല്‍സിലും മറ്റും വീഡിയോകള്‍ക്ക് അനുബന്ധമായി ഈ ഗാനം വന്നതോടെയാണ് ഇത് പ്രചാരം നേടിയത്.
ശരിക്കും ചത്തീസ്ഗഡിലെ തന്നെ ഒരു ഫോക്ക് ഗായകനായ കമലേഷ് ബരോട്ട് പാടിയ ഫോക്ക് ഗാനമാണ് സഹദേവ് പാടിയത്. തന്‍റെ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളില്‍ ഏഴാം ക്ലാസിലാണ് ഈ കുട്ടി പഠിക്കുന്നത്. യഥാര്‍ത്ഥ ഗാനം പാടി കമലേഷിന്റെ ഗാനത്തേക്കാള്‍ ഇത് ഹിറ്റായി അതില്‍ സന്തോഷം എന്നാണ് കമലേഷ് ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. അതേ സമയം സഹദേവിന്‍റെ ഗാനം വൈറലായി പ്രദേശിക മാധ്യമങ്ങള്‍ ഗായകനെ കണ്ടെത്തിയതോടെ ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഗാല്‍ നേരിട്ട് കുട്ടിയെ അഭിനന്ദിച്ചു. ഈ വീഡിയോയും വൈറലായി.
അച്ഛനും അമ്മയും മൂന്ന് സഹോദരങ്ങള്‍ അടങ്ങുന്ന ആദിവാസി വിഭാഗത്തില്‍പ്പെടുന്ന കുടുംബത്തില്‍ നിന്നാണ് സഹദേവ് വരുന്നത്. കുട്ടിയെ കണ്ടുപിടിച്ചതിന് പിന്നാലെ സെലബ്രേറ്റി സ്റ്റാറ്റസായിരുന്നു സഹദേവിന്, ബോളിവുഡില്‍ നിന്നും അടക്കം വിളിവന്നു. പ്രശസ്ത ഗായകന്‍ ബാദ്ഷ സഹദേവുമായി 'ബച്ച്പന്‍ ക്യാ പ്യാര്‍' എന്ന ആല്‍ബം ചെയ്തു. ആഗസ്റ്റ് 11 നാണ് ആല്‍ബം യൂട്യൂബില്‍ റിലീസായത്. ഇതുവരെ കണക്ക് കൂട്ടുമ്പോള്‍ 48 മണിക്കൂര്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് വീഡിയോ വ്യൂ 3.43 കോടിയാണ്. ശരിക്കും ഹിറ്റ്.
ഇന്ത്യന്‍ ഐഡല്‍ സംഗീത മത്സര പരിപാടി വേദിയില്‍ പ്രത്യേക അതിഥിയായും സഹദേവ് എത്തിയിരുന്നു. അനുമാലിക്ക് അടക്കമുള്ള പ്രശസ്ത സംഗീതജ്ഞരുടെ മുന്നിലും 'ബച്ച്പന്‍ ക്യാ പ്യാര്‍' അവിടെ സഹദേവ് പാടി. നിരവധി ചടങ്ങുകളില്‍ അനുമോദനം ഏറ്റുവാങ്ങുകയാണ് സഹദേവ്. അതേ സമയം തന്നെ അടുത്തിടെ എംജി ഹെക്ടര്‍ സഹദേവിന് കാര്‍ സമ്മാനമായി നല്‍കിയെന്ന് വാര്‍ത്ത വന്നു. ഒരു വീഡിയോ സഹിതമാണ് വാര്‍ത്ത. പക്ഷെ അത് ഒരു എംജി ഹെക്ടര്‍ കാര്‍ ഷോറൂം ഉദ്ഘാടനം സഹദേവ് നിര്‍വഹിച്ചതാണ് എന്ന് പിന്നീട് വിശദീകരണം വന്നു.