അവിശ്വസനീയം; കത്തിയമരുന്ന റഷ്യന്‍ സൈനിക വിമാനത്തില്‍ നിന്നും പാരച്യൂട്ട് വഴി രക്ഷപ്പെടുന്ന പൈലറ്റിന്‍റെ വീഡിയോ
കത്തിയമര്‍ന്ന Su-25SM വിമാനം യുക്രൈന്‍ യുദ്ധത്തില്‍ പങ്കെടുക്കുന്നതാണെന്ന് സംശയിക്കുന്നു.
കഴിഞ്ഞ ജൂണില്‍ കത്തിമയമര്‍ന്നതെന്ന് കരുതപ്പെടുന്ന റഷ്യന്‍ സൈനിക വിമാനത്തില്‍ നിന്നും അപകട സമയത്ത് പാരച്യൂട്ട് വഴി രക്ഷപ്പെട്ട പൈലറ്റിന്‍റെ വീഡിയോ പുറത്ത്. റഷ്യയിലെ ബെൽഗൊറോഡിന് മുകളിലൂടെ പറന്നു പോകുകയായിരുന്ന Su-25 ജെറ്റ് നിയന്ത്രണം വിട്ട് കത്തിയമരുമ്പോള്‍ പൈലറ്റ് രക്ഷപെടുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തായത്. പൈലറ്റിന്‍റെ ഹെൽമെറ്റില്‍ ഘടിപ്പിച്ച ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളാണിവ. വിമാനം ഒരു ഇലക്ട്രിക്ക് കമ്പിയില്‍ തട്ടി തകരുകയായിരുന്നെന്ന് റഷ്യയുടെ യുദ്ധ ബ്ലോഗർമാർ അപകടസമയത്ത് റിപ്പോർട്ട് ചെയ്തിരുന്നു. പുതിയ വീഡിയോ പൈലറ്റിന്‍റെ ഹെല്‍മറ്റില്‍ നിന്നുള്ളതാണ്. വിമാനം ഇടിച്ച് നിമിഷങ്ങൾക്ക് ശേഷം വീഡിയോയിലെ ദൃശ്യങ്ങൾ തുടങ്ങുന്നു. അപകടം വിമാനവേധ മിസൈൽ നിന്നാണോ അതോ വൈദ്യുതി ലൈനില്‍ നിന്നാണോ ഉണ്ടായതെന്ന് വ്യക്തമല്ല.
വിമാനത്തിന്‍റെ വാലിന് തീ പിടിച്ചതിനെ തുടര്‍ന്ന് അത് വശത്തേക്ക് തിരിഞ്ഞ് തലകീഴായി ഭൂമി ലക്ഷ്യമാക്കി പറന്നു. ഇതിന് തൊട്ട് മുമ്പാണ് പൈലറ്റ് വിമാനത്തില്‍ നിന്നും പാരച്യൂട്ട് ഉപയോഗിച്ച് പുറത്ത് കടക്കുന്നത്. പിന്നാലെ നിമിഷങ്ങള്‍ക്കുള്ളില്‍ വിജനമായ പുല്‍മേട്ടില്‍ വിമാനം ഇടിച്ച് കത്തിയമരുന്നു. കത്തിയമര്‍ന്ന Su-25SM വിമാനം യുക്രൈന്‍ യുദ്ധത്തില്‍ പങ്കെടുക്കുന്നതാണെന്ന് സംശയിക്കുന്നു. കത്തുന്ന വിമാനത്തില്‍ നിന്നും പുറത്തേക്ക് തെറിക്കുന്ന പൈലറ്റ് ഏറെ ദൂരെയ്ക്ക് തെറിച്ച് വീഴുന്നു. നിമിഷങ്ങള്‍ക്കം വിമാനം നിലത്ത് കുത്തി പൊട്ടിത്തെറിക്കുന്നതും വീഡിയോയില്‍ കാണാം.
കഴിഞ്ഞ ഞായറാഴ്ച റഷ്യയിലെ ഇർകുട്‌സ്‌കിന് മുകളിലൂടെ പരിശീലന പറക്കലിൽ പങ്കെടുത്ത Su-30 വിമാനം തകര്‍ന്ന് വീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഈ വീഡിയോ പുറത്ത് വന്നത്. മാക്സിം കൊന്യുഷിൻ, (50), മേജർ വിക്ടർ ക്ര്യൂക്കോവ് (43) എന്നിവരാണ് മരിച്ച പൈലറ്റുമാര്‍. ഈ വിമാനത്തിലെ കോക്പിറ്റിലെ വായു മര്‍ദ്ദത്തില്‍ കാര്യമായ വ്യത്യാസം ഉണ്ടായിരുന്നെന്നും പൈലറ്റുമാര്‍ രണ്ടുപേരും അപകട സമയത്ത് ബോധരഹിതരായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരന്നു. സുഖോയ് 34 ഫൈറ്റർ ബോംബർ യെസ്‌ക് നഗരത്തിലെ ഒരു അപ്പാർട്ട്‌മെന്‍റ് കെട്ടിടത്തിലേക്ക് പൊട്ടിത്തെറിച്ച് വീണതിനെ തുടര്‍ന്ന് 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.