ശാരീരിക വൈകല്യമുള്ള നായയെ നടുറോഡിൽ ഉപേക്ഷിച്ച് ഉടമ; രൂക്ഷവിമർശനവുമായി സമൂഹമാധ്യമങ്ങൾ
കറുപ്പ് നിറമുള്ള നായയെ കാറിനകത്തേക്ക് കയറ്റി വാതിലടയ്ക്കുകയും ശാരീരിക വൈകല്യമുള്ള നായയെ യുവതി ബലമായി റോഡിലേക്ക് തള്ളിയിട്ട ശേഷം നവാഹനത്തിൽ കയറി പോകുകയായിരുന്നു.
ശാരീരിക വൈകല്യമുള്ള വളർത്തുനായയെ നടുറോഡിൽ ഉപേക്ഷിച്ച് കടന്നുകളയുന്ന ഉടമയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പോർച്ചുഗലിലെ ക്രിസ്റ്റോ റേയിൽനിന്നാണ് ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. നഗരത്തിലെ സ്വകാര്യ ബസ് കമ്പനിയിൽ സ്ഥാപിച്ച സിസിടിവിയിലാണ് ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത്.
കാറിൽനിന്ന് പുറത്തിറങ്ങിയ സ്ത്രീ പിൻ സീറ്റിലുണ്ടായിരുന്ന രണ്ട് നായകളെ പുറത്തിറക്കുന്നു. കറുപ്പ് നിറമുള്ള ആരോഗ്യമുള്ള ഒരു നായയായിരുന്നു വാഹനത്തിൽ നിന്നും ആദ്യം ചാടിയിറങ്ങിയത്. ഇതിന് പിന്നാലെയാണ് മുൻകാലുകൾക്ക് വൈകല്യമുള്ള നായ പുറത്തേക്ക് ഇറങ്ങിയത്. തുടർന്ന് കറുപ്പ് നിറമുള്ള നായയെ കാറിനകത്തേക്ക് കയറ്റി വാതിലടയ്ക്കുകയും ശാരീരിക വൈകല്യമുള്ള നായയെ യുവതി ബലമായി റോഡിലേക്ക് തള്ളിയിട്ട ശേഷം നവാഹനത്തിൽ കയറി പോകുകയായിരുന്നു.
തന്നെ റോഡിലേക്ക് തള്ളിയിട്ട് കാറുമെടുത്ത് സ്ഥലംവിട്ട ഉടമയെ നിസ്സാഹായനായി നോക്കി നിൽക്കുന്ന നായ ഏവരുടെയും കണ്ണുനിറച്ചിരിക്കുകയാണ്. അനാ പോള ഷീറർ എന്ന യുവതിയാണ് ഫേസ്ബുക്കിലൂടെ വീഡിയോ പങ്കുവച്ചത്. ശാരീരിക വൈകല്യമുള്ള നായയെ യാതൊരു കാരുണ്യവുമില്ലാതെ റോഡിലേക്ക് വലിച്ചറിഞ്ഞ യുവതിക്കെതിരെ രൂക്ഷവിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. മനുഷ്യത്വരഹിതമായ പ്രവൃത്തിയാണ് യുവതിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്നും ആളുകൾ വിമർശിക്കുന്നു. യുവതി തെരുവിൽ ഉപേക്ഷിച്ച് പോയ നായയെ മൃഗസ്നേഹിയായ യുവാവ് നഗരത്തിലെ മൃഗസംരക്ഷണ കേന്ദ്രത്തിലെത്തിച്ചു.