മത്സരത്തിൽ വിജയിക്കാനായില്ല, പക്ഷെ സമൂഹമാധ്യമങ്ങളിലൂടെ ആളുകളുടെ മനസ്സ് നിറയ്ക്കുകയാണീ പെൺകുട്ടി-വീഡിയോ
ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന ഭിന്നശേഷിക്കാരിയായ പെൺകുട്ടി, മറ്റുള്ളവരേക്കാൾ പിന്നിലായിട്ടും ഒരടി പോലും പിന്നോട്ടില്ലാതെ മുന്നിലേക്ക് കുതിക്കുന്നതാണ് വീഡിയോ.
അസാധ്യമായത് എന്നൊന്നില്ലെന്ന് കേട്ട് വളർന്നവരാണ് നമ്മൾ. ഒരു കാര്യം നേടണമെന്ന് തീരുമാനിച്ച് ഉറപ്പിച്ചാൽ, അതിനുവേണ്ടി കഠിനമായി പരിശ്രമിച്ചാൽ എന്തും സാധ്യമാകുമെന്ന് മുതിർന്നവർ നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്. അത്തരത്തിൽ കഠിനമായ പരിശ്രമത്തിലൂടെ തന്റെ ആഗ്രഹം സഫലീകരിച്ചിരിക്കുകയാണ് ഒരു പെൺകുട്ടി. പരിശ്രമത്തെക്കാൾ വലുതല്ലാ തേൽവി എന്ന് കാട്ടിത്തരുന്ന പെൺകുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന ഭിന്നശേഷിക്കാരിയായ പെൺകുട്ടി, മറ്റുള്ളവരേക്കാൾ പിന്നിലായിട്ടും ഒരടി പോലും പിന്നോട്ടില്ലാതെ മുന്നിലേക്ക് കുതിക്കുന്നതാണ് വീഡിയോ. ഓട്ടമത്സരത്തില്‍ പങ്കെടുക്കാൻ ട്രാക്കിൽ നിൽക്കുന്ന ആറു പെണ്‍കുട്ടികളില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ആറു പേരിൽ ഏറ്റവും അവസാനം നിൽക്കുന്ന പെൺകുട്ടി ക്രച്ചസ് ധരിച്ചാണ് ട്രാക്കിൽ നിൽക്കുന്നത്. ഓടാനുള്ള വിസിലടി ലഭിച്ചപ്പോൾ മറ്റു കുട്ടികൾക്കൊപ്പം നമ്മുടെ താരവും കുതിച്ചു പാഞ്ഞു.
ഇതിനിടയിൽ തന്നെ വളരെ പിന്നിലാക്കി മറ്റു കുട്ടികൾ കുതിച്ചുപാഞ്ഞപ്പോൾ തെല്ലും നിരാശയില്ലാതെ പെൺകുട്ടി അവർക്കൊപ്പം എത്താനായി കുതിച്ചു പായുകയായിരുന്നു. മത്സരത്തിന്റെ അവസാനം ഫിനിഷിങ് പോയിൻ്റിൽ എത്തുന്നതുവരെ വളരെ ആവേശത്തോടെയായിരുന്നു പെൺകുട്ടി ഓടിയത്. തന്നെ കൊണ്ട് കഴിയുന്നത്ര വേഗത്തിൽ ക്രച്ചസും ധരിച്ച് ഓടുന്ന പെൺകുട്ടി എല്ലാവരുടെയും മനസ്സ് നിറച്ചിരിക്കുകയാണ്.
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസറായ സുശാന്ത് നന്ദയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. 'അസാധ്യം എന്നത് വെറുമൊരു ഒഴിവുകഴിവു മാത്രമാണ്' എന്ന അടിക്കുറിപ്പോടെയായിരുന്നു സുശാന്ത് വീഡിയോ പങ്കുവച്ചത്. മത്സരത്തിൽ വിജയിച്ചില്ലെങ്കിലും പെൺകുട്ടി സമൂഹമാധ്യമത്തിലൂടെ ആളുകളുടെ കയ്യടിയും ആരവും ഏറ്റുവാങ്ങുകയാണ്.