കുട്ടികളെ വളർത്താനുള്ള കഴിവ്, ഉയർന്ന രാജ്യസ്‌നേഹം; വിവാഹ പരസ്യത്തിലെ ’ ഡിമാൻഡുകൾ’ കണ്ട് കണ്ണ് തള്ളി സൈബർ ലോകം
പരസ്യം വൈറലായതിന് പിന്നാലെ നിരവധി പേരാണ് അഭിനവിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരിക്കുന്നത്. അഭിനവ് തന്റെ നിഴലിനെത്തന്നെ വിവാഹം കഴിക്കുന്നതാണ് നല്ലതെന്നാണ് ചിലര്‍ പറയുന്നത്.
യോജിച്ച ജീവിത പങ്കാളിയെ കണ്ടെത്താൻ വേണ്ടി പരസ്യങ്ങൾ നൽകുക പതിവാണ്. മാട്രിമോണിയല്‍ സൈറ്റുകളിലും പത്രങ്ങളിലുമാകും ഇത്തരം പരസ്യങ്ങള്‍ കുടുതലായും കാണാനാവുക. പ്രതിശ്രുത പങ്കാളിക്കുണ്ടാകേണ്ട ഗുണഗണങ്ങള്‍ സഹിതമായിരിക്കും ഈ പരസ്യങ്ങൾ. നിറം, ജാതി, മതം, ജോലി, വിദ്യാഭ്യാസം തുടങ്ങി വിവാഹ പരസ്യങ്ങളിൽ ഉൾപ്പെടുത്തുന്ന ഡിമാൻഡുകൾക്ക് പരിധിയില്ല.
ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നതും അത്തരത്തിലൊരു വിവാഹ പരസ്യമാണ്. വധുവിന്റെ വിദ്യാഭ്യാസ യോഗ്യതയ്‌ക്കോ ജോലിക്കോ ഈ വിവാഹ പരസ്യത്തിൽ പ്രസക്തിയില്ല. ബീഹാറില്‍ നിന്നുള്ള മുപ്പതുകാരനായ ഡോ. അഭിനവ് കുമാര്‍ എന്നയാളാണ് വധുവിനെ തേടുന്നത്. ഹിന്ദു ബ്രാഹ്മണ യുവതികളെ തേടുന്ന അഭിനവിന്റെ ഡിമാൻഡുകൾ എന്തൊക്കെയാണെന്നല്ലേ?
പുള്ളിക്കാരി വെളുത്ത് സുന്ദരിയായിരിക്കണം. നല്ല സ്വഭാവത്തിന് ഉടമയും വിശ്വാസയോഗ്യയും കരുതലുള്ളവളും ധീരയും കരുത്തയും പണക്കാരിയുമാകണം. ഇതിനൊല്ലാം പുറമേ ദേശസ്‌നേഹമുള്ളവളും രാജ്യത്തിന്റെ മിലിട്ടറി, കായിക മേഖലകളിലെ കഴിവുകള്‍ വളര്‍ത്താന്‍ താല്‍പര്യമുള്ളവളുമാകണം. കുട്ടികളെ വളര്‍ത്തുന്നതിലും പാചകത്തിലും മികവ് കാട്ടണം. ഇത്രയൊക്കെ ഡിമാൻഡുകൾ ഉണ്ടെങ്കിലും നിലവിൽ അഭിനവ് ജോലി ഒന്നും ചെയ്യുന്നില്ല എന്നതാണ് വാസ്തവം.
അഭിനവിന്റെ ഈ ഡിമാൻഡുകൾ കേട്ട് അന്തം വിട്ടിരിക്കുകയാണ് സൈബർ ലോകം എന്ന് പറയോണ്ടതില്ലല്ലോ. എന്തായാലും പരസ്യം വൈറലായതിന് പിന്നാലെ നിരവധി പേരാണ് അഭിനവിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരിക്കുന്നത്. അഭിനവ് തന്റെ നിഴലിനെത്തന്നെ വിവാഹം കഴിക്കുന്നതാണ് നല്ലതെന്നാണ് ചിലര്‍ പറയുന്നത്.