റഷ്യക്കാരനായ മുതലാളിയുടെ 58 കോടിയുടെ ആഢംബര നൗക മുക്കാന്‍ ശ്രമിച്ച് യുക്രൈന്‍ ജോലിക്കാരന്‍
Ukrainian Sailor : സ്പാനീഷ് സിവില്‍ ഗാര്‍ഡാണ് കഴിഞ്ഞ ശനിയാഴ്ച ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജറാക്കിയ ഇയാള്‍ താന്‍ ചെയ്ത പ്രവര്‍ത്തിയില്‍ പാശ്ചാത്തപിക്കുന്നില്ലെന്ന് കോടതിയെ അറിയിച്ചു.
മാന്‍ഡ്രിഡ്: റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് നവികനായ യുക്രൈനി (Ukrainian Sailor) റഷ്യന്‍ മുതലാളിക്ക് വരുത്താന്‍ നോക്കിയത് കോടികളുടെ നഷ്ടം. ടാറസ് ഓസ്തപ്ചുക്ക് ( Taras Ostapchuk) എന്ന 55 കാരനാണ് റഷ്യക്കാരനായ മുതലാളിയുടെ 58 കോടിയുടെ ആഢംബര ഉല്ലാസ നൗക (yacht) കടലില്‍ മുക്കാനുള്ള ശ്രമത്തിനിടെ അറസ്റ്റിലായത്. ഇയാള്‍ ഈ ഉല്ലാസ നൌകയില്‍ ഷിപ്പ് എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നുവെന്നാണ് ബിബിസി റിപ്പോര്‍ട്ട് പറയുന്നത്. സ്പെയിനിലെ (Spain) മലോര്‍ക്കയില്‍ വച്ചായിരുന്നു സംഭവം.
സ്പാനീഷ് സിവില്‍ ഗാര്‍ഡാണ് കഴിഞ്ഞ ശനിയാഴ്ച ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജറാക്കിയ ഇയാള്‍ താന്‍ ചെയ്ത പ്രവര്‍ത്തിയില്‍ പാശ്ചാത്തപിക്കുന്നില്ലെന്ന് കോടതിയെ അറിയിച്ചു. എഞ്ചിന്‍ റൂമിലേക്കുള്ള വാള്‍വുകള്‍ തുറന്നുവിട്ട് ആഢംബര ഉല്ലാസ നൗക മുക്കാനുള്ള ശ്രമമാണ് ഇയാള്‍ നടത്തിയത്. ഇതില്‍ എഞ്ചിന്‍ റൂമിന് കാര്യമായ തകരാര്‍ സംഭവിച്ചുവെന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റിന്‍റെ റിപ്പോര്‍ട്ട് പറയുന്നത്.
'ഞാന്‍ ചെയ്ത പ്രവര്‍ത്തിയില്‍ ഇനിക്ക് പാശ്ചാത്തപമില്ല, ഇനിയും അവസരം കിട്ടിയാല്‍ ഇത് തന്നെ ചെയ്യും' ഇയാള്‍ കോടതിയില്‍ പറഞ്ഞതായി മയോറിക്ക ഡെയ്ലി ബുള്ളറ്റില്‍ റിപ്പോര്‍ട്ട് പറയുന്നു. തന്‍റെ റഷ്യന്‍ മുതലാളി ഒരു ആയുധ വ്യാപാരിയാണെന്നും യുക്രൈന്‍ ജനങ്ങളെ കൊല്ലാന്‍ അയാള്‍ ആയുധം വില്‍ക്കുന്നതിനാലാണ് ഇത് ചെയ്തതെന്നും ഇയാള്‍ പറഞ്ഞു.
പത്ത് വര്‍ഷത്തോളമായി തന്‍റെ മുതലാളിക്ക് വേണ്ടി ഞാന്‍ ജോലി ചെയ്യുന്നു. ടിവിയില്‍ യുദ്ധത്തിന്‍റെ ദൃശ്യങ്ങള്‍ കണ്ട ശേഷം. കീവിലെ ഒരു കെട്ടിടത്തില്‍ റഷ്യന്‍ ഹെലികോപ്റ്റര്‍ കണ്ടു. അത് തന്‍റെ മുതലാളിയുടെ കന്പനിയുടെ ഹെലികോപ്റ്ററായിരുന്നു. അവര്‍ നിരപരാധികളെ ആക്രമിക്കുകയാണ്. - ഓസ്തപ്ചുക്ക് കാരണം വെളിപ്പെടുത്തുന്നു. അതേ സമയം സ്പെയിനില്‍ നിന്നും ജാമ്യം കിട്ടി പുറത്തിറങ്ങിയാല്‍ ഉടന്‍ യുക്രൈയിനിലേക്ക് പോയി റഷ്യയ്ക്കെതിരായ യുദ്ധത്തില്‍ പങ്കെടുക്കും എന്നാണ് ടാറസ് ഓസ്തപ്ചുക്ക് പറയുന്നത്.
റഷ്യന്‍ കമ്പനിയായ റോസോറോനി എക്സ്പോര്‍ട്ട് സിഇഒ അലക്സാണ്ടര്‍ മിജീവിന്‍റെ ഉടമസ്ഥതയിലുള്ള 156 അടി നീളമുള്ള ലേഡി അനസ്തേഷ്യ എന്ന ഉല്ലാസ നൌകയാണ് മുക്കാന്‍ ശ്രമിച്ചത്. പ്രധാനമായും പ്രതിരോധ ഉത്പന്നങ്ങളായ ആയുധങ്ങള്‍, കപ്പലുകള്‍, ടാങ്ക്, സായുധ വാഹനങ്ങള്‍ ഇവയുടെ കയറ്റുമതി ചെയ്യുന്ന സ്ഥാപനമാണ് റോസോറോനി എക്സ്പോര്‍ട്ട്സ്.