ട്രാഫിക് സിഗ്നലില്‍ അനാവശ്യമായി 'ഹോണ്‍' അടിക്കുന്നവരെ മര്യാദക്കാരാക്കാനുള്ള പൊലീസിന്‍റെ തന്ത്രം; വീഡിയോ വൈറല്‍
സിഗ്നലുകളില്‍ ഡെസിബല്‍ മീറ്റര്‍ പിടിപ്പിച്ചാണ് നീക്കം. പരീക്ഷണം ഏതാനും ട്രാഫിക് സിഗ്നലുകളില്‍ ഇതിനോടകം പരീക്ഷിച്ച് കഴിഞ്ഞു. 85 ഡെസിബലില്‍ കൂടുതല്‍ ശബ്ദം സിഗ്നലുകളില്‍ ഹോണ്‍ മുഴക്കിയാല്‍ ചുവന്ന സിഗ്നല്‍ മാറില്ല, ഗതാഗതക്കുരുക്ക് തുടരുകയും ചെയ്യും.
മുംബൈ: ട്രാഫിക് സിഗ്നല്‍ ചുവന്ന് കിടക്കുമ്പോഴും വാഹനങ്ങളുടെ ഹോണ്‍ അടിക്കാറുണ്ടോ? സിഗ്നല്‍ അടഞ്ഞ് കിടക്കുമ്പോള്‍ തുടര്‍ച്ചയായി ഹോണ്‍ മുഴക്കുന്നവരെ പാഠം പഠിപ്പിക്കാന്‍ വേറിട്ട മാര്‍ഗവുമായി മുംബൈ ട്രാഫിക് പൊലീസ്. ഗതാഗതക്കുരുക്കില്‍പ്പെടുമ്പോള്‍ അനാവശ്യമായി ഹോണ്‍ മുഴക്കുന്ന സാമ്പത്തിക തലസ്ഥാനത്തെ വാഹന ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും റോഡില്‍ പാലിക്കേണ്ട മര്യാദകള്‍ പഠിപ്പിക്കാനാണ് ഈ വേറിട്ട ശ്രമം.
സിഗ്നലുകളില്‍ ഡെസിബല്‍ മീറ്റര്‍ പിടിപ്പിച്ചാണ് നീക്കം. പരീക്ഷണം ഏതാനും ട്രാഫിക് സിഗ്നലുകളില്‍ ഇതിനോടകം പരീക്ഷിച്ച് കഴിഞ്ഞു. 85 ഡെസിബലില്‍ കൂടുതല്‍ ശബ്ദം സിഗ്നലുകളില്‍ ഹോണ്‍ മുഴക്കിയാല്‍ ചുവന്ന സിഗ്നല്‍ മാറില്ല, ഗതാഗതക്കുരുക്ക് തുടരുകയും ചെയ്യും. ഗതാഗതക്കുരുക്ക് മാറാന്‍ വാഹനങ്ങളിലുള്ളവര്‍ അനാവശ്യമായി ഹോണ്‍ അടിക്കുന്നത് നിര്‍ത്തേണ്ടി വരും. അല്ലാത്ത പക്ഷം സിഗ്നല്‍ പച്ച നിറത്തിലേക്ക് മാറില്ല.
അനാവശ്യമായി ഹോണ്‍ മുഴക്കുന്നവരെ ഉപദേശിച്ച് മടുത്തതോടെയാണ് ട്രാഫിക്ക് പൊലീസിന്‍റെ ഈ നീക്കം. പുതിയ നീക്കത്തെക്കുറിച്ച് വിശദമാക്കുന്ന ട്രാഫിക് പൊലീസ് മുന്നറിയിപ്പ് ഇതിനോടകം വൈറലായിക്കഴിഞ്ഞു. തുടര്‍ച്ചയായി ഹോണ്‍ മുഴക്കുന്നത് ശബ്ദമലിനീകരണത്തിന് മാത്രമല്ല ആളുകളുടെ കേള്‍വിയെ വരെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. 85 ഡെസിബെല്ലിന് അപ്പുറത്തേക്ക് ഹോണ്‍ ശബ്ദം എത്തുന്നതോടെ സിഗ്നല്‍ റീസ്റ്റാര്‍ട്ട് ആവുന്ന സംവിധാനമാണ് ഇവിടെ ഉപയോഗിക്കുന്നത്. രാജ്യത്തെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് അനാവശ്യമായി ഹോണ്‍ മുഴക്കുന്നത് മുംബൈ നഗരത്തില്‍ കൂടുതലാണ് എന്നാണ് നിരീക്ഷണം. ഹോങ്കിംഗ് ക്യാപിറ്റല്‍ എന്നാണ് മുംബൈ നഗരം അറിയപ്പെടുന്നത്.
തുടക്കത്തില്‍ ബാന്ദ്ര, പെഡ്ഡര്‍ റോഡ്, മറൈന്‍ ഡ്രൈവ് സിഗ്നലുകളിലാണ് ഡെസിബെല്‍ മീറ്റര്‍ ഘടിപ്പിക്കുന്നത്. നിരവധിപ്പേരാണ് മുംബൈ ട്രാഫിക് പൊലീസിന് പിന്തുണയുമായി എത്തുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്കും പിന്തുടരാവുന്നതാണ് ഈ മാതൃകയെന്നാണ് പ്രതികരണം. ഹോണ്‍ മുഴക്കിയാല്‍ വീണ്ടും കാത്തിരിക്കേണ്ടി വരുമെന്നതിനാല്‍ അനാവശ്യമായി ഹോണ്‍ അടിക്കുന്നവര്‍ മര്യാദ പാലിക്കുമെന്നാണ് പൊലീസിന്‍റെ നിരീക്ഷണം.