രാഹുൽ ഗാന്ധിയുടെ വീഡിയോയിലെ ആ മനോഹര ചിത്രം പകർത്തിയത് ഈ ഫോട്ടോഗ്രാഫർ...
വീഡിയോയിൽ രാഹുലിന്റെ പുറകിലെ ഫോട്ടോഗ്രാഫ്. നീലാകാശത്തിനു കീഴിൽ മഞ്ഞുമൂടിക്കിടക്കുന്ന ഭൂപ്രദേശത്തിന്റേതാണ് ആ ചിത്രം. ഈ ചിത്രം ആര് പകർത്തിയതാണെന്നാണ് ട്വിറ്ററിൽ നടന്ന അന്വേഷണം.
ദില്ലി: കൊവിഡ് പ്രതിരോധത്തിലെ കേന്ദ്രസർക്കാരിന്റെ നടപടികളെ വിമർശിച്ചുകൊണ്ടുള്ള വീഡിയോ കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പുറത്തുവിട്ടിരുന്നു. കൊവിഡിന്റെ മൂന്നാം തംരംഗത്തെ കേന്ദ്രം നേരിടാൻ പോകുന്നതിനെ വിമർശിച്ചുകൊണ്ടുള്ള ആ വീഡിയോയിൽ ശ്രദ്ധയാകർഷിച്ച മറ്റൊന്നുകൂടിയുണ്ട്. വീഡിയോയിൽ രാഹുലിന്റെ പുറകിലെ ഫോട്ടോഗ്രാഫ്. നീലാകാശത്തിനു കീഴിൽ മഞ്ഞുമൂടിക്കിടക്കുന്ന ഭൂപ്രദേശത്തിന്റേതാണ് ആ ചിത്രം. ഈ ചിത്രം ആര് പകർത്തിയതാണെന്നാണ് ട്വിറ്ററിൽ നടന്ന അന്വേഷണം.
ഒടുവിൽ ആളെ കണ്ടെത്തി. റെയ്ഹാൻ രാജീവ് വദ്രയുടേതാണ് ആ ചിത്രം. 20 കാരനായ റെയ്ഹാൻ, പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വദ്രയുടെയും മകനാണ്. ആർക്കിടെക്ട് സീതു മഹാജൻ കോഹ്ലി തന്റെ ട്വീറ്റൽ ഇത് റെയ്ഹാന്റേതല്ലേ എന്ന സംശയം ഉന്നയിക്കുകയും അത് തന്റേതാണെന്ന് റെയ്ഹാൻ സമ്മതിക്കുകയും ചെയ്തു.
ഇൻസ്റ്റഗ്രാമിൽ റെയ്ഹാന് ഫോട്ടോഗ്രഫി പേജുണ്ട്. 10000 ഓളം പേർ റെയ്ഹാനെ ഫോളോ ചെയ്യുന്നുണ്ട്. എവറസ്റ്റ് കൊടുമുടിയിൽ നിന്ന് റെയ്ഹാനെടുത്ത ചിത്രമാണ് രാഹുൽ ഗാന്ധിയുടെ വീഡിയോയിൽ കണ്ടതെന്നും പിന്നീട് വ്യക്തമായി. രാജസ്ഥാനിലെ റന്തമ്പോ ദേശീയ ഉദ്യാനത്തിൽ നിന്നുള്ള മനോഹര ചിത്രങ്ങളും മാസങ്ങൾക്ക് മുമ്പ് റെയ്ഹാൻ പങ്കുവച്ചിരുന്നു.