മഴയിൽ മാളത്തിൽ വെള്ളം നിറഞ്ഞു; കുഞ്ഞുങ്ങളെ സുരക്ഷിതമായി വരാന്തയിലാക്കി എലിയമ്മ, വീഡിയോ വൈറൽ
'ദൈവത്തിന്റെ അതുല്യമായ സൃഷ്ടിയായ ഒരമ്മ, ഓരോ അമ്മയും മക്കളെ സംരക്ഷിക്കുന്നതിലുള്ള കരുതലും ജാഗ്രതയും മറ്റാർക്കുമില്ല,' തുടങ്ങി നിരവധി പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്.
സമൂഹമാധ്യമങ്ങൾ വ്യാപകമായതോടെ കൗതുകകരവും രസകരവുമായ നിരവധി വീഡിയോകളാണ് ഓരോ ദിവസവും പ്രത്യക്ഷപ്പെടുന്നത്. മനുഷ്യരെ പോലെ തന്നെ പലപ്പോഴും പക്ഷിമൃഗാദികളും താരങ്ങളാകാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സൈബർ ഉപഭോക്താക്കളുടെ ഹൃദയം കീഴടക്കിയിരിക്കുന്നത്.
ഒരു എലിയമ്മയാണ് ഈ വീഡിയോയിലെ താരം. ശക്തമായ മഴയിൽ തന്റെ മാളത്തിൽ വെള്ളം നിറഞ്ഞപ്പോൾ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുന്നതാണ് വീഡിയോ. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥനായ പർവീൻ കസ്വാനാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്.
രണ്ട് മിനിറ്റ് ദൈർഘ്യമുള്ളതാണ് വീഡിയോ. മഴ വെള്ളം മാളത്തിലേക്ക് നിറയുന്നതിന് മുമ്പായി എല്ലാ എലി കുഞ്ഞുങ്ങളെയും വീടിന്റെ വരാന്തയിൽ എലിയമ്മ കൊണ്ടുവയ്ക്കുന്നത് വീഡിയോയിൽ കാണാം. നിരവധി തവണ പടികൾ കയറിയും ഇറങ്ങിയുമാണ് ഈ എലിയമ്മയുടെ രക്ഷാപ്രവർത്തനം.
വീഡിയോ പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ നിരവധി പേരാണ് വീഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നത്. 'ദൈവത്തിന്റെ അതുല്യമായ സൃഷ്ടിയായ ഒരമ്മ, ഓരോ അമ്മയും മക്കളെ സംരക്ഷിക്കുന്നതിലുള്ള കരുതലും ജാഗ്രതയും മറ്റാർക്കുമില്ല,' തുടങ്ങി നിരവധി പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്.