കുഞ്ഞിന് പാല്‍ നല്‍കാന്‍ ട്രെയിനിന് പിന്നാലെ പായുന്ന ഉദ്യോഗസ്ഥന്‍; 'റിയല്‍ ഹീറോ' എന്ന് വിളിച്ച് സോഷ്യല്‍ മീഡിയ

ഒരു കയ്യില്‍ സര്‍വ്വീസ് തോക്കും മറുകയ്യില്‍ പാല്‍പാക്കറ്റുമായാണ് അയാള്‍ ട്രെയിനിന് പിന്നാലെ പാഞ്ഞത്. 

railway cop run Towards Moving Train To Provide Milk For Infant

ഭോപ്പാല്‍: ട്രെയിനില്‍ അമ്മയ്ക്കൊപ്പം യാത്ര ചെയ്യുന്ന കുഞ്ഞിന് പാലുമായി ട്രെയിനിന് പിന്നാലെ പാഞ്ഞ് റെയില്‍വെ പൊലീസ് ഓഫീസര്‍. ട്രെയിന്‍ സ്റ്റേഷനിലെത്തിയപ്പോഴാണ് ഷഫിയ ഹാഷ്മി എന്ന സ്ത്രീ തന്‍റെ കുഞ്ഞിന് അല്‍പ്പം പാലുവാങ്ങാന്‍ ഭോപ്പാല്‍ റെയില്‍വെ സ്റ്റേഷനിലെ ആര്‍പിഎഫ് ജീവനക്കാരനോട് അപേക്ഷിച്ചത്.

ഇത് കേട്ടതും കുഞ്ഞിന് പാലുവാങ്ങാനായി അദ്ദേഹം കടയിലേക്ക് പോയി. പാലുമായി തിരിച്ചെത്തിയപ്പോഴേക്കും ട്രെയിന്‍ എടുത്തിരുന്നു. എന്തുചെയ്യണമെന്ന് ആലോചിക്കാന്‍ പോലും സമയമില്ലാത്തതിനാല്‍ ആ ഉദ്യോഗസ്ഥന്‍ ട്രെയിനിന് പിന്നാലെ പാഞ്ഞു. ഇന്ദര്‍ യാദവ്  എന്ന റെയില്‍വെ ഉദ്യോഗസ്ഥനാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ മനുഷ്യത്വത്തിന്‍റെ മറ്റൊരു പേരാകുന്നത്. 

ട്രെയിനെടുത്തപ്പോഴാണ് താന്‍ ഒരു നിമിഷം വൈകിയെന്ന് യാദവ് തിരിച്ചറിഞ്ഞത്. ഒരു കയ്യില്‍ സര്‍വ്വീസ് തോക്കും മറുകയ്യില്‍ പാല്‍പാക്കറ്റുമായാണ് അയാള്‍ ട്രെയിനിന് പിന്നാലെ പാഞ്ഞത്. അവസാനം ആ പാല്‍ ആ അമ്മയ്ക്കും കുഞ്ഞിനും നല്‍കി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാണ്. വീട്ടിലെത്തിയ ഹാഷ്മി യാദവിന് നന്ദി അറിയിച്ചു. 

ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ സഹായിക്കാനെത്തുംമുമ്പ് പാല്‍ കണ്ടെത്താനാകാതെ കുഞ്ഞിന് വെള്ളവും ബിസ്കറ്റുമാണ് നല്‍കിയിരുന്നതെന്ന് ഹാഷ്മി പറഞ്ഞു. നിങ്ങളാണ് തങ്ങളുടെ ജീവിതത്തിലെ ''യഥാര്‍ത്ഥ ഹീറോ'' എന്നും അവര്‍ പറഞ്ഞു. നിരവധി പേരാണ് അദ്ദേഹത്തെ പ്രശംസിച്ച് എത്തിയത്. 

Latest Videos
Follow Us:
Download App:
  • android
  • ios