തൃശ്ശൂര്‍ മേയറും സുരേഷ് ഗോപിയും ചോദിച്ച് വാങ്ങിയ ബഹുമാനം; 2021ല്‍ വൈറലായ 'സല്യൂട്ട്'


പൊലീസ് സല്യൂട്ട് തരുന്നില്ലെന്ന മേയറുടെ പരാതിയും പരിഭവും കെട്ടടങ്ങുമ്പോഴാണ്  പൊലീസുകാരനെ കൊണ്ട് നിര്‍ബന്ധിച്ച് സല്യൂട്ട് ചെയ്യിച്ച സുരേഷ് ഗോപി എംപിയുടെ നടപടി വിവാദമാകുന്നത്.

police not salute me says thrissur mayor and suresh gopi mp 2021 viral news

2021ല്‍ ഏറെ ചര്‍ച്ചയായ വാര്‍ത്തകളിലൊന്നാണ് സല്യൂട്ട്  വിവാദം. തൃശ്ശൂര്‍ മേയറും,  സുരേഷ് ഗോപി എംപിയുമാണ് സല്യൂട്ട് വിവാദത്തിലെ താരങ്ങള്‍. തന്നെ ജില്ലയിലെ പൊലീസുകാര്‍ വേണ്ടവിധം ബഹുമാനിക്കുന്നില്ലെന്ന പരാതിയുമായി തൃശ്ശൂര്‍ മേയര്‍ എം കെ വര്‍ഗ്ഗീസ് രംഗത്തെത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം.  ഔദ്യോഗിക വാഹനത്തിൽ പോകുമ്പോൾ പൊലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് നൽകുന്നില്ലെന്നായിരുന്നു മേയറുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി മേയര്‍ ഡിജിപിക്ക് പരാതിയും കൊടുത്തു. ഇതോടെ സംഭവം പുറത്തറിഞ്ഞു, മേയര്‍ക്കെതിരെ ട്രോളുകളിറങ്ങി, വാര്‍ത്ത വൈറലുമായി.

പ്രോട്ടോക്കോൾ പ്രകാരം ഗവർണറും മുഖ്യമന്ത്രിയും കഴിഞ്ഞാൽ മേയറാണ് വലുത്. എന്നിട്ടും പൊലീസുകാര്‍ തനിക്ക് സല്യൂട്ട് തരുന്നില്ലെന്ന് മേയറുടെ പരിഭവം. എന്നാല്‍ കോർപ്പറേഷൻ പരിധിയിലെ ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ മാത്രമാണ് പ്രോട്ടോകോൾ പ്രകാരം മേയർ മൂന്നാം സ്ഥാനത്തുള്ളത്. എന്നാൽ സല്യൂട്ട് നൽകേണ്ട വ്യക്തികളുടെ ലിസ്റ്റിൽ മേയർ ഇല്ലെന്നായിരുന്നു പൊലീസ് മറുപടി.  അങ്ങനെ നിര്‍ബന്ധിച്ച് സല്യൂട്ട് അടിപ്പിക്കുന്നത് അല്‍പ്പത്തരമല്ലേ മേയറേ എന്ന് സോഷ്യല്‍ മീഡിയ ഒന്നടങ്കം ചോദിച്ചിട്ടും മേയര്‍ അടങ്ങിയില്ല. പരിഭവം പരാതികളായി വാര്‍ത്തകളില്‍ നിറഞ്ഞു. ഇതോടെ മേയര്‍ക്ക് തുരുതുരാ സല്യൂട്ട് നല്‍കി പ്രതിപക്ഷ അംഗങ്ങളുടെ പരിഹാസവുമുണ്ടായി. 

പോസ്റ്ററിലുള്ള തന്‍റെ ഫോട്ടോയ്ക്ക് വലുപ്പം കുറഞ്ഞെന്ന തൃശ്ശൂര്‍ മേയറുടെ പരാതിയും വൈറലായിരുന്നു. പൂങ്കുന്നം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ബോര്‍ഡില്‍ തന്റെ ഫോട്ടോ എം.എല്‍.എ.യുടെ ഫോട്ടോയെക്കാള്‍ ചെറുതായെന്നായിരുന്നു മേയര്‍ വര്‍ഗ്ഗീസിന്‍റെ പരിഭവം. ഫോട്ടോയുടെ വലുപ്പം കുറഞ്ഞതില്‍ പ്രതിഷേധിച്ച് മേയര്‍ അവിടത്തെ വിജയദിനാഘോഷം ബഹിഷ്‌കരിക്കുകയും ചെയ്തു. ഫോട്ടോയുടെ വലുപ്പത്തിന്‍റെ പേരില്‍ ഒരു ചടങ്ങ് തന്നെ ഉപേക്ഷിച്ച മേയര്‍  സോഷ്യല് മീഡിയയില്‍ വലിയ വിമര്‍ശനത്തിന് ഇരയായിരുന്നു.\

പൊലീസ് സല്യൂട്ട് തരുന്നില്ലെന്ന മേയറുടെ പരാതിയും പരിഭവും കെട്ടടങ്ങുമ്പോഴാണ്  പൊലീസുകാരനെ കൊണ്ട് നിര്‍ബന്ധിച്ച് സല്യൂട്ട് ചെയ്യിച്ച സുരേഷ് ഗോപി എംപിയുടെ നടപടി വിവാദമാകുന്നത്. സെപ്തംബര്‍ നാണ് സംഭവം. തന്നെ കണ്ടിട്ടും പൊലീസ് ജീപ്പില്‍ നിന്നുമിറങ്ങാതിരുന്ന ഒല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്ഐയെ സുരേഷ്ഗോപി തന്‍റെ അടുത്തേക്ക് വിളിപ്പിച്ച് സല്യൂട്ട് ചോദിച്ച് വാങ്ങുകയായിരുന്നു. അടുത്ത് വന്ന എസ്ഐയോട് 'ഞാനൊരു എംപി ആണ്, സല്യൂട്ട് ഒക്കെ ആവാം' എന്ന് സുരേഷ് ഗോപി പറഞ്ഞു. 

ഇതോടെ എസ് ഐ സല്യൂട്ട് നല്‍കി. ഞാന്‍ മേയറല്ലെന്നും ശീലങ്ങളൊന്നും മറക്കരുതെന്നും സുരേഷ് ഗോപി എസ്ഐയെ ഓര്‍മിപ്പിച്ചു. പൊലീസുകാരനെ കൊണ്ട് നിര്‍ബന്ധിച്ച് സല്യൂട്ട് ചെയ്യിപ്പിച്ചതിനെതിരെയും വലിയ വിമര്‍ശനങ്ങളുയര്‍ന്നു. സുരേഷ് ഗോപിക്കെതിരെ പൊലീസ് അസോസിയേഷനും യൂത്ത് കോണ്‍ഗ്രസും രംഗത്തു വന്നു. എംപിയ്ക്ക് സല്യൂട്ട് നല്‍കേണ്ടെന്നായിരുന്നു പൊലീസ് അസോസിയേഷന്‍റെ നിലപാട്. സല്യൂട്ട് വിവാദം  വലിയ ചര്‍ച്ചയായതോടെ താന്‍ സല്യൂട്ട് ചെയ്യാൻ നിർബന്ധിച്ചിട്ടില്ലെന്നും വളരെ സൗഹൃദത്തോടെയാണ് പെരുമാറിയതെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.  

Latest Videos
Follow Us:
Download App:
  • android
  • ios