ജനിച്ച് എട്ടാം ആഴ്ചയില്‍ മകള്‍ നിവര്‍ന്നു നില്‍ക്കാന്‍ തുടങ്ങിയെന്ന വാദവുമായി മാതാപിതാക്കള്‍
ലണ്ടനിലെ കിംഗ്സ്വുഡ് സ്വദേശികളായ രക്ഷിതാക്കളാണ് അമ്പരപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളുമായി എത്തിയിരിക്കുന്നത്.
കിംഗ്സ്വുഡ്(ലണ്ടന്‍): എട്ട് ആഴ്ച മാത്രം പ്രായമുള്ള മകള്‍ക്ക് നിവര്‍ന്ന് നില്‍ക്കാന്‍ സാധിക്കുമെന്ന മാതാപിതാക്കളുടെ അവകാശവാദത്തില്‍ അമ്പരന്ന് സമൂഹമാധ്യമങ്ങള്‍. ലണ്ടനിലെ കിംഗ്സ്വുഡ് സ്വദേശികളായ രക്ഷിതാക്കളാണ് സമൂഹമാധ്യമങ്ങളെ അമ്പരപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളുമായി എത്തിയിരിക്കുന്നത്. 31 കാരനായ ടെസ്റ ഫിന്‍ ജോണ്‍സണ്‍ 23കാരിയായ കാമുകി എമിലി ഡെറിക് എന്നിവരാണ് എട്ട് ആഴ്ചമാത്രം പ്രായമുള്ള മകള്‍ ലുലായെക്കുറിച്ചുള്ള ഈ അവകാശവാദം ഉയര്‍ത്തിയിട്ടുള്ളത്.
ജനുവരി 31നാണ് ലുലായുടെ ജനനം. ഭാരക്കുറവോടെയാണ് ലുലാ ജനിച്ചത്. എട്ട് ആഴ്ച പ്രായമായതോടെ മകള്‍ സ്വന്തം കാലില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ ശ്രമിച്ചുതുടങ്ങിയെന്നും പതിനഞ്ച് ആഴച പിന്നിട്ടത്തോടെ ആരുടേയും സഹായമില്ലാതെ എഴുന്നേറ്റ് നില്‍ക്കുന്നുവെന്നുമാണ് ടെസ്റയും എമിലിയും അവകാശപ്പെടുന്നത്.
കമിഴുകയോ ഇരിക്കുകയോ ചെയ്യാതെ മകള്‍ എണീറ്റ് നില്‍ക്കുന്നതിന്‍റെ അമ്പരപ്പ് ഈ രക്ഷിതാക്കള്‍ക്ക് മാറുന്നില്ല. എഴുന്നേറ്റ് നില്‍ക്കാന്‍ ശ്രമിക്കുന്നത് കണ്ട് സഹായിക്കാന്‍ നോക്കിയപ്പോള്‍ തന്നെ അമ്പരപ്പിച്ചുകൊണ്ട് അവള്‍ നില്‍ക്കാന്‍ പഠിച്ചുവെന്നാണ് എമിലി പ്രാദേശിക മാധ്യമങ്ങളോട് പറയുന്നത്. ഇത്ര ചെറുപ്പത്തില്‍ ലുലാ എങ്ങനെ സ്വന്തം ഭാരം താങ്ങുന്നുവെന്ന് അറിയില്ലെന്നാണ് ഇവര്‍ പറയുന്നത്. ജനിച്ച് അഞ്ച് ദിവസം പിന്നിട്ടപ്പോഴാണ് ലുലായെ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുവന്നത്.
ആ സമയം മുതല്‍ തന്നെ മകള്‍ തല നേരെ പിടിക്കാന്‍ ശ്രദ്ധിച്ചിരുന്നതായി രക്ഷിതാക്കള്‍ അവകാശപ്പെടുന്നു. താന്‍ സ്ഥിരമായി കാണുന്ന വീഡിയോയായ സ്ട്രോംഗ്മാന്‍ കുഞ്ഞിനെ ചെറുപ്പത്തിലേ സ്വാധീനിച്ചെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. എഴുന്നേറ്റ് നിന്ന് ഏതാനും ചുവടുകള്‍ മാത്രമാണ് മകള്‍ നടക്കാറുള്ളതെന്നും ഇവര്‍ പറയുന്നു. സമൂഹമാധ്യമങ്ങളില്‍ മകളുടെ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരിണമാണ് ലഭിക്കുന്നതെന്ന് ഇവര്‍ പറയുന്നു. ചിലര്‍ രൂക്ഷ വിമര്‍ശനം നടത്തുന്നുണ്ടെന്നും ഇവര്‍ പറയുന്നു.