ആശ്രമത്തിനുള്ളിൽ പാമ്പുകൾക്ക് അഭയമൊരുക്കി മ്യാന്മാറിലെ ബുദ്ധ സന്ന്യാസി
പെരുമ്പാമ്പ്, അണലി, മൂർഖൻ എന്നിങ്ങനെയുള്ള എല്ലാവിധ പാമ്പുകൾക്കും ഈ ആശ്രമത്തിൽ അഭയമുണ്ട്. ബുദ്ധ സന്യാസിയായ വിലാത്തയാണ് തന്റെ ആശ്രമത്തിൽ പാമ്പുകൾക്കും താവളമൊരുക്കിയിരിക്കുന്നത്.
പെരുമ്പാമ്പ്, അണലി, മൂർഖൻ എന്നിങ്ങനെയുള്ള എല്ലാവിധ പാമ്പുകൾക്കും ഈ ആശ്രമത്തിൽ അഭയമുണ്ട്. ബുദ്ധ സന്യാസിയായ വിലാത്തയാണ് തന്റെ ആശ്രമത്തിൽ പാമ്പുകൾക്കും താവളമൊരുക്കിയിരിക്കുന്നത. ഷെയ്ക്ത തുഖ ടെറ്റൂ ആശ്രമത്തിലാണ് ഇവയ്ക്കെല്ലാം ഇടമുള്ളത്. കൊല്ലപ്പെടാനോ കരിഞ്ചന്തയിൽ വിൽക്കപ്പെടാനോ സാധ്യതയുള്ള പാമ്പുകളെയാണ് 69കാരനായ ഈ സന്യാസി സംരക്ഷിച്ചുപോരുന്നത്.
അഞ്ച് വർഷം മുമ്പാണ് ഈ അഭയകേന്ദ്രം ആരംഭിച്ചത്. സർക്കാർ ഏജൻസികളും കണ്ടുകിട്ടുന്ന പാമ്പുകളെ ഇവിടെയാണ് ഏൽപ്പിക്കുന്നതെന്ന് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. പ്രകൃതിദത്തമായ ആവാസവ്യവസ്ഥ പാലിച്ചാണ് പാമ്പുകളെ സംരക്ഷിക്കുന്നതെന്ന് സന്യാസി പറഞ്ഞു. കാട്ടിലേക്ക് മടങ്ങാൻ പാകമായെന്ന് ഉറപ്പുവരുന്നത് വരെയാണ് പാമ്പുകളെ ഇവിടെ പാർപ്പിക്കുക. ആരോഗ്യമായാൽ ഇവയെ കാട്ടിലേക്ക് വിടും.
പാമ്പുകളെ തുറന്നുവിടുമ്പോൾ അവർക്ക് സ്വാതന്ത്ര്യം ലഭിക്കുമെന്ന സന്തോഷമുണ്ടെങ്കിലും അവ ഇനിയും ആക്രമിക്കപ്പെടുമോ എന്ന ഭയമാണ് തനിക്കെന്ന് സന്യാസി റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അനധികൃതമായി പാമ്പുകളെ പിടികൂടി വിൽക്കുന്നവരുടെ ആഗോള കേന്ദ്രമാണ് മ്യാന്മാർ. ചൈനയിലേക്കും തായ്ലാന്റിലേക്കുമാണ് ഇവിടെ നിന്ന് പാമ്പുകളെ കടത്തുന്നത്.