'മതമല്ല വലുത്, മനുഷ്യനാണ്'; പ്രതിഷേധ പരിപാടിക്കിടെ ക്ഷേത്രോത്സവ ഘോഷയാത്ര, അകമ്പടിയായി മുസ്ലിം സംഘടനകള്‍, വീഡിയോ
മുസ്ലിം സംഘടനകളുടെ പ്രതിഷേധ പരിപാടിക്കിടെ കടന്നുപോയ ക്ഷേത്രോത്സവ ഘോഷയാത്രയ്ക്ക് വാളണ്ടിയര്‍മാരായി മുസ്ലിം പ്രവര്‍ത്തകര്‍.
തൃശൂര്‍: മതമല്ല, മനുഷ്യനാണ് വലുതെന്ന യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി തൃശൂര്‍ സിറ്റി പൊലീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കേരളം എന്തുകൊണ്ടാണ് വ്യത്യസ്തവും മനോഹരവുമാകുന്നത് എന്നതിന് ഉദാഹരണമാണ് ഈ വീഡിയോ. പൗരത്വ നിയമ ഭേദഗതിക്കെതിരെ വിവിധ മുസ്ലിം സംഘടനകള്‍ തൃശൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെയാണ് സംഭവം.
ഭരണഘടനാ സംരക്ഷണവലയം എന്ന പേരില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി നടക്കുന്ന സമയത്ത് തന്നെയായിരുന്നു തൊട്ടടുത്ത ക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്രയും. ഘോഷയാത്ര കടന്നുപോകുന്നതിനുള്ള സൗകര്യം തേടി ക്ഷേത്ര ഭാരവാഹികള്‍ പ്രതിഷേധ പരിപാടിയുടെ സംഘാടകരെ സമീപിച്ചു. എന്നാല്‍ സൗകര്യം നല്‍കുന്നതിനൊപ്പം ഘോഷയാത്രയ്ക്ക് വാളണ്ടിയര്‍മാരായി മുമ്പില്‍ നിന്നതും പ്രതിഷേധത്തിനെത്തിയ മുസ്ലിം പ്രവര്‍ത്തകര്‍ തന്നെയാണ്.
Read More: ബൈക്ക് ഓടിക്കുമ്പോൾ കുളി; യുവാക്കൾക്കെതിരെ നടപടിയെടുത്ത് പൊലീസ്; വീഡിയോ കാണാം
തിടമ്പേന്തിയ ആനയും ചെണ്ടമേളക്കാരും ഭക്തരും നടന്നു നീങ്ങുമ്പോള്‍ ഇവര്‍ക്കൊപ്പം അകമ്പടിയായി പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുസ്ലിംകളും ചേരുന്ന വീഡിയോ തൃശൂര്‍ സിറ്റി പൊലീസ് ഫേസ്ബുക്കില്‍ പങ്കുവെക്കുകയായിരുന്നു. 'മതമല്ല; മനുഷ്യനാണ് വലുതെന്ന വലിയ പാഠമാണ് തൃശൂര്‍ നിവാസികള്‍ ഈ രാജ്യത്തിനു നല്‍കുന്നത്. തൃശൂര്‍ തന്നെയാണിഷ്ടാ കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം...'എന്ന കുറിപ്പോടെ പങ്കുവെച്ച വീഡിയോ വൈറലാകുകയാണ്.
"