62ാം വയസിലെ ആദ്യ വിമാനയാത്ര കുഞ്ഞിനേപ്പോലെ ആസ്വദിക്കുന്ന ഗംഗവ്വ, വീഡിയോ വൈറല്‍
ടേക്ക് ഓഫ് സമയത്ത് പേടി തോന്നിയെന്ന് തനത് ശൈലിയില്‍ ഗംഗവ്വ പറയുന്നുണ്ട്. ഭയന്ന് സീറ്റ് ബെല്‍റ്റ് മാറ്റാന്‍ ശ്രമിച്ചെന്നും വീഡിയോയില്‍ ഗംഗവ്വ പറയുന്നു
ഹൈദരബാദ്: 62ാം വയസില്‍ ആദ്യമായി വിമാനത്തില്‍ കയറുന്ന സന്തോഷത്തില്‍ തെലങ്കാനയിലെ പ്രമുഖ വ്ലോഗര്‍ മില്‍കുറി ഗംഗവ്വ. ബോര്‍ഡിംഗ് പാസ് എടുത്ത് വിമാനത്തിനുള്ളില്‍ കയറുന്നത് മുതല്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നതും അടക്കം മുഴുവന്‍ യാത്രയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. ടേക്ക് ഓഫ് സമയത്ത് പേടി തോന്നിയെന്ന് തനത് ശൈലിയില്‍ ഗംഗവ്വ പറയുന്നുണ്ട്. ഭയന്ന് സീറ്റ് ബെല്‍റ്റ് മാറ്റാന്‍ ശ്രമിച്ചെന്നും വീഡിയോയില്‍ ഗംഗവ്വ പറയുന്നു. വിമാന യാത്രയില്‍ ചെവി വേദനയുണ്ടാവുന്നതും എത്ര ഉയരത്തിലാണ് സഞ്ചരിക്കുന്നതും എന്നതടക്കം യാത്രയുടെ ഓരോ ചെറിയ വിവരവും അടക്കമുള്ള വീഡിയോ ഇതിനടകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഭാഷയെന്ന വെല്ലുവിളിയെ അതിജീവിച്ച് വ്ലോഗിംഗ് രംഗത്ത് സജീവമായിട്ടുള്ള ഗംഗവ്വയുടെ വീഡിയോകള്‍ കാണാത്തവര്‍ ചുരുക്കമായിരിക്കും. കാര്‍ഷിക രംഗത്ത് നിന്ന് വ്ലോഗിംഗ് രംഗത്തേക്ക് വന്ന ഈ അറുപത്തിരണ്ടുകാരിയെ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലാണ് പിന്തുടരുന്നത്. മൈ വില്ലേജ് ഷോ എന്ന വീഡിയോ സീരീസില്‍ പ്രധാനമായും ചിത്രീകരിക്കുന്നത് തെലങ്കാനയുടെ പ്രാദേശിക ജീവിതവും സംസ്കാരവുമാണ്. ജീവിതത്തില്‍ വിജയം നേടാന്‍ പ്രായമൊരു തടസമല്ലെന്ന് വ്യക്തമാക്കുന്ന ആളാണ് ഗംഗവ്വയെന്നാണ് സമൂഹമാധ്യമങ്ങളില്‍ വിഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണം.
മരുമകന്‍ ആരംഭിച്ച യുട്യൂബ് ചാനലിലൂടെയാണ് ഗംഗവ്വ താരമാകുന്നത്. ബിഗ്ബോസ് തെലുഗിലും ഗംഗവ്വ പങ്കെടുത്തിരുന്നു.