'സ്വാതന്ത്ര്യം' ആഘോഷിക്കണം; വിവാഹമോചിതരായ പുരുഷന്മാരുടെ 'ഗെറ്റ് ടുഗെദര്‍', വമ്പന്‍ പരിപാടിയുമായി എന്‍ജിഒ

കുടുംബം, മാനസികം എന്നിങ്ങനെ പല പ്രശ്നങ്ങളോടും പോരാടി ഒരാൾക്ക് വിവാഹമോചനം എന്ന 'സ്വാതന്ത്ര്യം' ലഭിക്കുമ്പോൾ അത് ആഘോഷിക്കേണ്ടതുണ്ടെന്ന് സംഘാടകർ വാദിക്കുന്നു.

men get together for celebrating divorce

ഭോപ്പാല്‍: വിവാഹ മോചിതരായ പുരുഷന്മാരുടെ ഒത്തുചേരല്‍ സംഘടിപ്പിക്കാന്‍ എന്‍ജിഒ. നീണ്ട കാലത്തെ കോടതി നടപടികള്‍ക്ക് ശേഷം വിവാഹ മോചിതരായ 18 പുരുഷന്മാരുടെ ഒത്തുചേരലാണ് സംഘടിപ്പിക്കുന്നത്. വിവാഹമോചനത്തിന് ശേഷം അവരുടെ ജീവിതം അവസാനിച്ചിട്ടില്ലെന്നും ജീവിതകാലം മുഴുവൻ അവര്‍ക്ക് സന്തോഷത്തോടെ തന്നെ കഴിയാമെന്നുമുള്ള സന്ദേശമാണ് ഈ ഒത്തുചേരലിലൂടെ നല്‍കാന്‍ ശ്രമിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ആളുകളെ ഈ ഒത്തുചേരല്‍ 'പ്രചോദിപ്പിക്കും' എന്നും സംഘാടകര്‍ അവകാശപ്പെടുന്നു.

പുരുഷന്മാര്‍ക്ക് സഹായം നല്‍കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഭായ് വെല്‍ഫയര്‍ സൊസൈറ്റിയാണ് ഒത്തുചേരല്‍ സംഘടിപ്പിച്ചിട്ടുള്ളത്. വിവാഹമോചനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ നേരിടുന്ന പുരുഷന്മാര്‍ക്ക് സഹായം നല്‍കുന്നതിന് വേണ്ടിയാണ് ഈ എന്‍ജിഒ പ്രവര്‍ത്തിക്കുന്നത്. സാമ്പത്തികം, സാമൂഹികം, കുടുംബം, മാനസികം എന്നിങ്ങനെ പല പ്രശ്നങ്ങളോടും പോരാടി ഒരാൾക്ക് വിവാഹമോചനം എന്ന 'സ്വാതന്ത്ര്യം' ലഭിക്കുമ്പോൾ അത് ആഘോഷിക്കേണ്ടതുണ്ടെന്ന് സംഘാടകർ വാദിക്കുന്നു.

വിവാഹ മോചന കേസുകളില്‍ പ്രശ്നം നേരിടുന്ന പുരുഷന്മാരുടെ കേസുകള്‍ക്കായാണ് പോരാടുന്നത്. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ രണ്ടര വർഷത്തിനിടെ 18 പുരുഷന്മാർ തങ്ങളുടെ ജീവിതം ദുസഹമാക്കിയ വിവാഹത്തിൽ നിന്ന് മോചിതരായെന്നാണ് സംഘാടകര്‍ പറയുന്നത്. ഹെൽപ്പ് ലൈനിലൂടെ അവരെ മാനസികമായി ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. കോടതിയില്‍ വലിയ നിയമപോരാട്ടമാണ് നടക്കുന്നത്. ഒട്ടുമിക്ക കേസുകളിലും സെറ്റിൽമെന്റിനായി വലിയ തുക നൽകേണ്ടി വരും.

അതിനാൽ, ഇവര്‍ വളരെയധികം സമ്മർദ്ദങ്ങളിലൂടെയാണ് കടന്നുപോയിട്ടുള്ളത്. അവരുടെ പുതിയ ജീവിതത്തിൽ പുതിയ ആവേശത്തോടെ മുന്നോട്ട് പോകാൻ ഇത്തരമൊരു ഒത്തുചേരിന്‍റെ ആവശ്യകതയുണ്ടെന്ന് സംഘാടക സമിതി അംഗമായ സാഖി മുഹമ്മദ് പറഞ്ഞു. വിവാഹമോചനത്തിന് ശേഷം നിരവധി ആളുകൾക്ക് പല തരത്തിലുള്ള വെല്ലുവിളികൾ നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരമൊരു ഒത്തുചേരല്‍ പുതുതായി ജീവിതം ആരംഭിക്കാനുള്ള അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നും സാഖി അഹമ്മദ് കൂട്ടിച്ചേര്‍ത്തു.

ഒരു ദിവസം മാത്രം ഭാര്യയുമായി ജീവിച്ചവര്‍ മുതല്‍ 30 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ചവര്‍ വരെ ഒത്തുചേരലില്‍ പങ്കെടുക്കുന്ന 18 പേരില്‍ ഉള്‍പ്പെടുന്നുണ്ട്. ഒരു ദിവസം മാത്രം ദാമ്പത്യം നീണ്ടുനിന്ന ഒരാള്‍ക്ക് വിവാഹമോചനം ലഭിക്കാന്‍ ഒരു വര്‍ഷമാണ് എടുത്തതെന്ന് സംഘാടകര്‍ പറ‌ഞ്ഞു. വിവാഹ മോചിതരായ പുരുഷന്മാരുടെ ഒത്തുചേരലിന്‍റെ ക്ഷണക്കത്ത് വൈറലായിട്ടുണ്ട്. മുൻ പങ്കാളികളുടെ പേരുകൾ വെളിപ്പെടുത്തില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് ഒത്തുചേരല്‍ സംഘടിപ്പിക്കുന്നത്.

ചെറിയ രീതിയിലാണ് നടത്താന്‍ പദ്ധതിയിട്ടിരുന്നതെങ്കിലും ക്ഷണക്കത്ത് വൈറലായതോടെ വലിയ പിന്തുണയാണ് ലഭിക്കുന്നത്. അതുകൊണ്ട് വലിയ രീതിയില്‍ തന്നെ ചടങ്ങ് സംഘടിപ്പിക്കാനാണ് തീരുമാനമെന്ന് സാഖി അഹമ്മദ് പറഞ്ഞു. അതേസമയം, വിഷയത്തെ കുറിച്ച് പഠിച്ച ശേഷം പ്രതികരിക്കാമെന്നാണ് വനിത കമ്മീഷന്‍റെ പ്രതികരണമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഭാര്യ ഭർത്താവിന്റെ ഓഫീസിൽ ചെന്ന് ഭർത്താവിനെ ചീത്ത വിളിക്കുന്നത് ക്രൂരത, വിവാഹമോചനം അനുവദിച്ച് കോടതി
 

Latest Videos
Follow Us:
Download App:
  • android
  • ios