സമ്മാനത്തുകയുടെ പകുതി ആ കുഞ്ഞിന്; നന്മയുടെ ആൾരൂപമായി മയൂർ ഷെൽക്ക; അഭിനന്ദനപ്രവാഹം
റെയിൽവേ അദ്ദേഹത്തിന് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. തനിക്ക് റെയിൽവേ പ്രഖ്യാപിച്ച സമ്മാനത്തുകയായ 50,000 രൂപയുടെ പകുതി താൻ രക്ഷിച്ച കുഞ്ഞിനാണെന്ന് മയൂർ വ്യക്തമാക്കുന്നു.
മുംബൈ: കാഴ്ചശക്തിയില്ലാത്ത അമ്മക്കൊപ്പം നടന്നു പോകവേ റെയിൽവേ ട്രാക്കിൽ വീണ പിഞ്ചുകുഞ്ഞിന് രക്ഷകനായി എത്തിയ മയൂർ ഷെൽക്കെ എന്ന റെയിൽവേ ഉദ്യോഗസ്ഥനെ തേടിയെത്തുന്ന അഭിനന്ദനങ്ങളും സമ്മാനങ്ങളും നിരവധിയാണ്. റെയിൽവേ അദ്ദേഹത്തിന് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. തനിക്ക് റെയിൽവേ പ്രഖ്യാപിച്ച സമ്മാനത്തുകയായ 50,000 രൂപയുടെ പകുതി താൻ രക്ഷിച്ച കുഞ്ഞിനാണെന്ന് മയൂർ വ്യക്തമാക്കുന്നു.
മുംബൈയിലെ വങ്കാനി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. കാഴ്ച ശക്തി കുറഞ്ഞ അമ്മയ്ക്കൊപ്പം സ്റ്റേഷനിലൂടെ നടന്നുപോവുകയായിരുന്ന കുട്ടി പെട്ടെന്ന് ട്രാക്കിലേക്ക് വീഴുകയായിരുന്നു. ട്രെയിനും അതേ ട്രാക്കിലൂടെ പാഞ്ഞെത്തി. ഈ കാഴ്ച കണ്ട് ട്രാക്കിലൂടെ റെയിൽവേ ജീവനക്കാരനായ മയൂർ ഓടിയെത്തി കുഞ്ഞിനെ ഫ്ലാറ്റ്ഫോമിലേക്ക് പിടിച്ചുകയറ്റുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ മന്ത്രി പീയൂഷ് ഗോയൽ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു.
'എനിക്ക് ലഭിച്ച സമ്മാനത്തുകയുടെ പകുതി ആ കുഞ്ഞിന്റെ വിദ്യാഭ്യാസത്തിന് വേണ്ടി നൽകുന്നു. ആ കുടുംബം സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് ബോധ്യമായി. അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം.' മയൂർ പറഞ്ഞു. അഞ്ചുവർഷമായി റെയിൽവേയിൽ പോയിന്റ്സ്മാനായി ജോലി ചെയ്യുകയാണ് മയൂർ ഷെൽക്ക.