'അപാകതകളുണ്ടാകാം, എന്നാൽ അവർ ചെയ്യുന്ന സേവനങ്ങൾ കൂടി അറിയണം'; പൊതു​ഗതാ​ഗത സംവിധാനത്തെക്കുറിച്ച് കുറിപ്പ്

ഒമാനിൽ നിന്നും നാട്ടിലെത്തിയ ആലപ്പുഴ സ്വദേശിയായ മജീഷ് എന്ന യുവാവാണ് പൊതു​ഗതാ​ഗത സംവിധാനം എങ്ങനെയാണ് തനിക്ക് പിന്തുണ നൽകിയതെന്ന് വിശദീകരിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ടിരിക്കുന്നത്. 

man explains about public transportation facility on facebook post

തിരുവനന്തപുരം: വിദേശങ്ങളിൽ നിന്നെത്തുന്ന പ്രവാസികളെ ക്വാറന്റീൻ കേന്ദ്രങ്ങളിലെത്തിക്കാൻ പൊതു​ഗതാ​ഗത സംവിധാനമാണ് സർക്കാർ സജ്ജീകരിച്ചിരിക്കുന്നത്. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ നാട്ടിലെത്തുന്ന പ്രവാസികളെ സർക്കാർ പരി​ഗണിക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്നുണ്ട് ഈ ഫേസ്ബുക്ക് കുറിപ്പിൽ. ഒമാനിൽ നിന്നും നാട്ടിലെത്തിയ ആലപ്പുഴ സ്വദേശിയായ മജീഷ് എന്ന യുവാവാണ് പൊതു​ഗതാ​ഗത സംവിധാനം എങ്ങനെയാണ് തനിക്ക് പിന്തുണ നൽകിയതെന്ന് വിശദീകരിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ടിരിക്കുന്നത്. 

 ''അതായത് കണ്ണൂർ മുതൽ ആലപ്പുഴ വരെയുള്ള ഏറ്റവും കുറഞ്ഞ ദൂരം 350 കിലോമീറ്റർ ആണ് ഞങ്ങൾ വന്ന വഴി വച്ചു നോക്കിയാൽ. മലപ്പുറം മുതൽ ആലപ്പുഴ വരെ വെറും മൂന്ന് യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോഴത്തെ ഡീസൽ ചാർജും, ജീവനക്കാരുടെ വേതനവും തുടങ്ങി പല സംഗതികൾ എടുത്തു നോക്കിയാലും മിനിമം 10000 രൂപയെങ്കിലും ആ ഒറ്റ ട്രിപ്പിൽ സർക്കാരിന് ചിലവായിക്കാണും. എന്നിട്ടും അഞ്ചു പൈസ ഞങ്ങളിൽ നിന്നും മേടിച്ചിട്ടില്ല അവർ. ടിക്കറ്റ് ചാർജ് കൊടുക്കണമല്ലോ എന്ന് കരുതി ATMൽ നിന്നും എടുത്ത ആയിരം രൂപ ഞങ്ങൾക്ക് ചെലവഴിക്കേണ്ടി വന്നില്ല.'' മജീഷ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നു.

പാളിച്ചകളും അപാകതകളും സർക്കാരിനും പൊതുഗതാഗത വകുപ്പിനും ഉണ്ടാകാമെന്നും എന്നാൽ  എങ്കിലും അവർ ചെയ്യുന്ന സേവനങ്ങൾ കൂടി എന്റെ ചുറ്റുമുള്ളവർ അറിയുന്നതിന് വേണ്ടിയാണ് ഈ പോസ്റ്റ് എന്ന് കൂട്ടിച്ചേർത്താണ് മജീഷ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

പബ്ലിക് ട്രാൻസ്‌പോർട്ട് ബസ് സർവീസുകൾ നേരിടുന്ന വലിയൊരു പ്രതിസന്ധി ആണ് ഫ്യൂവൽ എഫിഷ്യൻസി. മിക്ക സംസ്ഥാനങ്ങളിലും സർക്കാർ സെറ്റ് ചെയ്തു വച്ചിരിക്കുന്ന മൈലേജ് കൈവരിച്ചാൽ ഡ്രൈവർക്ക് ഇൻസെന്റീവ്‌സ് ലഭിക്കുമെന്നും വായിച്ചിട്ടുണ്ട്. അന്തർസംസ്ഥാന ബസ് സർവീസുകൾക്ക് KSRTC നിശ്ചയിച്ചിരുന്നത് 5 കിലോമീറ്റർ ആണ്. ഇന്റർസിറ്റി സർവീസുകൾക്ക് ഒരുപക്ഷേ അതിലും താഴെ ആയിരിക്കാം.

ഇത്രയും പറഞ്ഞത് നമ്മുടെ സർക്കാരുകൾ പൊതുഗതാഗത സർവീസുകളിലെ ഇന്ധനക്ഷമത വർദ്ധിപ്പിക്കാൻ എത്രയേറെ ശ്രദ്ധിക്കുന്നു എന്നു ചൂണ്ടിക്കാട്ടി എന്റെ വിഷയത്തിലേക്ക് ശ്രദ്ധയാകർഷിക്കാൻ ആണ്.

ഞങ്ങൾ ഒമാനിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിൽ എത്തിയത് ജൂൺ 30നു രാത്രി 8 മണിക്ക് ആണ്. ടെസ്റ്റും മറ്റു അനുബന്ധ നടപടിക്രമങ്ങളും കഴിഞ്ഞു വെളിയിൽ ഉള്ള ട്രാവൽ ഡെസ്കിൽ എത്തുമ്പോൾ സമയം 10.30 മണി കഴിഞ്ഞിരുന്നു. ഞങ്ങൾക്ക് പോകേണ്ടത് ആലപ്പുഴക്ക് ആണെന്നും, വീട്ടിൽ കൈക്കുഞ്ഞുങ്ങളും പ്രായമായ മാതാപിതാക്കളും ഉള്ളതിനാലും അറ്റാച്ച്‌ഡ് ബാത്റൂമിന്റെ അഭാവത്തിലും, ഹോംക്വാറന്റൈൻ പ്രാപ്യമല്ല എന്നു അവരോടു പറഞ്ഞു. അപ്പോൾ അവിടെയുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥ രാത്രി കഴിക്കുവാൻ ഉള്ള ഭക്ഷണം കൊണ്ടു തന്നു "ഭക്ഷണം കഴിച്ചു ഒന്നു വെയ്റ്റ് ചെയ്യൂ, അപ്പോഴേക്കും വണ്ടി ശരിയാക്കാം" എന്നു പറഞ്ഞു. ഞങ്ങൾ ഭക്ഷണം കഴിച്ചു ഒന്നു വാഷ് റൂം വരെ പോയി വന്നപ്പോഴേക്കും ഞങ്ങൾക്ക് പോകുവാൻ ഉള്ള വണ്ടി ട്രാവൽ ഡെസ്കിൽ ഉള്ളവർ കാണിച്ചു തന്നു. ഒരു KSRTC ബസ്.

കയ്യിൽ ഉള്ള ഒമാനി റിയാൽ മാറുവാൻ നോക്കിയപ്പോൾ എക്‌സ്‌ചേഞ്ച് എല്ലാം അടഞ്ഞു കിടക്കുന്നു. ട്രാവൽ ഡെസ്കിന് അടുത്തുള്ള ഒരു ATMൽ പോയി ചെക്ക് ചെയ്തപ്പോൾ ബാലൻസ് ഉള്ളത് 1240 രൂപ. 500ന്റെ നോട്ട് മാത്രമേ അതിൽ നിന്നും എടുക്കാനും പറ്റുകയുള്ളൂ എന്നു ഡിസ്‌പ്ലേയിൽ മെസേജ് വന്നു. അങ്ങനെ 1000 രൂപ എടുത്തിട്ടു വന്നു, ലഗേജ് എല്ലാം എടുത്തു ബസ്സിൽ കയറ്റി വച്ചു.

അകത്ത് അധികം ആളൊന്നുമില്ല. 8 പേര് കഷ്ടിച്ചു കാണും ഉള്ളിൽ. പലരും പല സ്ഥലങ്ങളിൽ ആയി ഇരിക്കുന്നു. ബാഗുകൾ ഒക്കെ സീറ്റിലും താഴെയും ഒക്കെയായി വച്ചിരിക്കുന്നു. ഞങ്ങൾ കുറച്ചു മുന്നിലായി ഇരിപ്പുറപ്പിച്ചു. ഡ്രൈവിങ് ഏരിയയും പാസഞ്ചർ ഏരിയയും തമ്മിൽ വേർതിരിച്ചുകൊണ്ടു കട്ടിയുള്ള ട്രാൻസ്പരന്റ് പ്ലാസ്റ്റിക്/ഫൈബർ ഷീറ്റ് ഉപയോഗിച്ചു മറച്ചിരിക്കുന്നു.

രണ്ടു ബസ് ജീവനക്കാർ കയറി. അവർ കയ്യിലുള്ള ലിസ്റ്റ് നോക്കി ഏതൊക്കെ ആൾക്കാർ എങ്ങോട്ടൊക്കെ പോകണം എന്ന് കൺഫോം ചെയ്‌തു. രണ്ടു പേർ കോഴിക്കോട്, രണ്ടു പേർ മലപ്പുറം, ഒരാൾ അതിനിടയിൽ എവിടെയോ, പിന്നെ ഞങ്ങൾ ഉൾപ്പടെ മൂന്നു പേർ ആലപ്പുഴക്കും. ബസ് ഡോറുകൾ അടഞ്ഞു, 11:30 ആയപ്പോൾ ബസ് വിമാനത്താവളം വിട്ടു. കോഴിക്കോട്, മലപ്പുറം എന്നീ സ്ഥലങ്ങളിൽ ബസ് നിർത്തിയപ്പോൾ ജീവനക്കാർ ഭക്ഷണവും വെള്ളവും എല്ലാം കിറ്റിലാക്കി നമുക്ക് തരുവാൻ ഉണ്ടായിരുന്നു. അതെല്ലാം എയർപോർട്ടിൽ നിന്നെ കയ്യിൽ കിട്ടിയതിനാൽ വാങ്ങിച്ചില്ല. ഒരു തവണ മൂത്രപ്പുര ഉപയോഗിക്കേണ്ടി വന്നു. ബസ് ഇറങ്ങി വാഷ്റൂം വരെ കയറും തുണിയും ഉപയോഗിച്ചു വേർതിരിച്ച പാസേജ്. നല്ല ശുചിത്വം ഉണ്ടായിരുന്നു അവിടെയെല്ലാം.

തിരിച്ചു ബസ്സിൽ കയറി. മലപ്പുറം കഴിഞ്ഞപ്പോൾ ബാക്കിയുള്ള ആളുകളും ഇറങ്ങി. ബസ്സിൽ ഇപ്പോൾ ആകെയുള്ളത് ഞങ്ങൾ ആലപ്പുഴക്കുള്ള മൂന്നു യാത്രക്കാരും രണ്ടു ബസ് ജീവനക്കാരും. രാവിലെ ആലപ്പുഴ എത്തുന്നത് വരെ കുലുങ്ങിക്കുലുങ്ങി ഇരുന്നും കിടന്നുമുള്ള സുഖയാത്ര... ആലപ്പുഴ എത്തിയപ്പോൾ പുറകിൽ ഉണ്ടായിരുന്ന ആ ചങ്ങായിയോട് ആദ്യം ഇറങ്ങുവാൻ പറഞ്ഞു. ഞങ്ങളോട് അകത്തിരിക്കുവാനും. പുള്ളിയെ പറഞ്ഞു വിട്ട ശേഷം ഞങ്ങളെ വിളിച്ചു. കലക്ട്രേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ അവിടെ സന്നിഹിതരായിരുന്നു. സമയം 8 മണി ആകുന്നതെ ഉണ്ടായിരുന്നുള്ളൂ. അവർ ഞങ്ങൾക്ക് വേണ്ടി അവിടെ കാത്ത് നിൽക്കുക ആയിരുന്നുവെന്ന് സാരം. വേരിഫിക്കേഷൻ എല്ലാം കഴിഞ്ഞു ഞങ്ങളെ സർക്കാർ ക്വാറന്റൈനിലേക്ക് മാറ്റുവാൻ ഉള്ള സൗകര്യങ്ങളും ചെയ്തു ഞങ്ങളെ വണ്ടിയിൽ കയറ്റി വിട്ടു.

അതായത് കണ്ണൂർ മുതൽ ആലപ്പുഴ വരെയുള്ള ഏറ്റവും കുറഞ്ഞ ദൂരം 350 കിലോമീറ്റർ ആണ് ഞങ്ങൾ വന്ന വഴി വച്ചു നോക്കിയാൽ. മലപ്പുറം മുതൽ ആലപ്പുഴ വരെ വെറും മൂന്ന് യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോഴത്തെ ഡീസൽ ചാർജും, ജീവനക്കാരുടെ വേതനവും തുടങ്ങി പല സംഗതികൾ എടുത്തു നോക്കിയാലും മിനിമം 10000 രൂപയെങ്കിലും ആ ഒറ്റ ട്രിപ്പിൽ സർക്കാരിന് ചിലവായിക്കാണും. എന്നിട്ടും അഞ്ചു പൈസ ഞങ്ങളിൽ നിന്നും മേടിച്ചിട്ടില്ല അവർ. ടിക്കറ്റ് ചാർജ് കൊടുക്കണമല്ലോ എന്ന് കരുതി ATMൽ നിന്നും എടുത്ത ആയിരം രൂപ ഞങ്ങൾക്ക് ചെലവഴിക്കേണ്ടി വന്നില്ല.

പാളിച്ചകളും അപാകതകളും സർക്കാരിനും പൊതുഗതാഗത വകുപ്പിനും ഉണ്ടാകാം. എങ്കിലും അവർ ചെയ്യുന്ന സേവനങ്ങൾ കൂടി എന്റെ ചുറ്റുമുള്ളവർ അറിയണം എന്നതിനാൽ കുറിച്ചതാണിത്.

Latest Videos
Follow Us:
Download App:
  • android
  • ios