തകരാറിലായ കാര്‍ പൊരിവെയിലത്ത് കഴുതയേക്കൊണ്ട് കെട്ടിവലിപ്പിച്ച് കാറുടമ, രൂക്ഷ വിമര്‍ശനം
ഷോറൂം ജീവനക്കാരെ പരിഹസിക്കാന്‍ ഉദ്ദേശമിട്ട് ചെയ്ത പ്രവര്‍ത്തി സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ രൂക്ഷമായ വിമര്‍ശനമാണ് കാറുടമ നേരിടുന്നത്.
ഉദയ്പൂര്‍: തകരാറിലായ എസ്യുവി കഴുതയെ കൊണ്ട് കെട്ടിവലിപ്പിച്ച് കാറുടമ. കാര്‍ വാങ്ങി മാസങ്ങള്‍ക്കുള്ളില്‍ തകരാറിലായി, സഹായത്തിനായി ഷോറൂമില്‍ വിളിച്ചപ്പോള്‍ ലഭിച്ച പ്രതികരണത്തില്‍ കലിപ്പിലായതിന് പിന്നാലെയാണ് കാറുടമയുടെ വിചിത്ര നടപടി. പുത്തന്‍ കാര്‍ വാങ്ങിയതിന് പിന്നാലെ തന്നെ കാറിന് സ്ഥിരമായി തകരാര്‍ വരാന്‍ തുടങ്ങിയതോടെയാണ് ഉദയ്പൂര്‍ സ്വദേശി എസ്യുവി കഴുതയെക്കൊണ്ട് കെട്ടിവലിപ്പിച്ചത്. ചെണ്ടയും മറ്റും കൊട്ടിയായിരുന്നു ഈ കെട്ടിവലിപ്പിക്കല്‍.
ഷോറൂം ജീവനക്കാരെ പരിഹസിക്കാന്‍ ഉദ്ദേശമിട്ട് ചെയ്ത പ്രവര്‍ത്തി സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ രൂക്ഷമായ വിമര്‍ശനമാണ് കാറുടമ നേരിടുന്നത്. ട്രാഫിക് ബ്ലോക്കിനിടയിലും പൊരി വെയിലിലുമാണ് കഴുതയെ കൊണ്ട് എസ്യുവി കെട്ടിവലിപ്പിച്ചത്. ഉദയ്പൂര്‍ സ്വദേശിയായ രാജ് കുമാര്‍ ഗായറി എന്നയാളാണ് ചെവ്വാഴ്ച കാര്‍ കഴുതയേക്കൊണ്ട് കെട്ടിവലിപ്പിച്ചത്. 17 ലക്ഷത്തിലധികം മുടക്കി വാങ്ങിയ കാര്‍ സ്ഥിരമായി കേട് വരാന്‍ തുടങ്ങിയതിന് പിന്നാലെയാണ് കടുത്ത കൈ സ്വീകരിച്ചതെന്നാണ് രാജ് കുമാര്‍ പ്രതികരിക്കുന്നത്.
നിരവധി തവണ തള്ളി സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചിട്ടും സാധ്യമാകാതെ വന്നതോടെയാണ് ഇത്തരമൊരു നടപടിയിലേക്ക് കടന്നതെന്നാണ് യുവാവ് പ്രതികരിക്കുന്നത്. എന്നാല്‍ രൂക്ഷ വിമര്‍ശനമാണ് മൃഗസ്നേഹികള്‍ നടത്തുന്നത്. കഴുതയ്ക്കുള്ള വിവേകം പോലും മനുഷ്യന് ഇല്ലാതെ പോയെന്നാണ് വ്യാപകമാവുന്ന വിമര്‍ശനം.