15 രൂപയുടെ പേരിൽ കണ്ടക്ടറെ ബസ്സിനുള്ളിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച് യുവാവ്, സിസിടിവി ദൃശ്യങ്ങൾ
ബസ് കൂലി മുഴുവനായും നൽകാൻ ആവശ്യപ്പെട്ടതിൽ പ്രകോപിതനായ യുവാവ് കണ്ടക്ടറെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
ഭോപ്പാൽ (മധ്യപ്രദേശ്) : ബസ്സ് കൂലിയുടെ പേരിലുണ്ടായ തർക്കത്തിൽ ബസ് കണ്ടക്ടറെ തല്ലുന്ന യാത്രക്കാരന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം നടക്കുന്നത്. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും ബസ്സിനുള്ളിൽ ഘടിപ്പിച്ച സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
ബസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തിൽ നഗരത്തിലെ ജഹാംഗീരാബാദ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. 25 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ബസ് കണ്ടക്ടറും എൻസിസി കേഡറ്റും യൂണിഫോമിൽ യാത്രക്കൂലിയെ ചൊല്ലി തർക്കിക്കുകയാണ്. 10 രൂപ നൽകിയ യാത്രക്കാരനോട് 15 രൂപ നൽകാൻ കണ്ടക്ടർ ആവശ്യപ്പെട്ടു. എന്നാൽ ഇത് കേൾക്കാൻ യാത്രക്കാരൻ തയ്യാറായില്ല.
കണ്ടക്ടർ പറയുന്നത് കേൾക്കാതെ ബസ് സ്റ്റോപ്പിൽ ഇറങ്ങാൻ പോയ യാത്രക്കാരനോട് കണ്ടക്ടർ മുഴുവൻ പണവും നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ കണ്ടക്ടർ പണം ചോദിച്ചതിൽ പ്രകോപിതനായ യാത്രക്കാരൻ കയ്യേറ്റത്തിന് ശ്രമിച്ചു. ഇതിനിടെ ബസ് കണ്ടക്ടർ അയാളെ പിന്നിലേക്ക് തള്ളിയിട്ടു. ഇതോടെ യാത്രക്കാരൻ കണ്ടക്ടറെ തല്ലാൻ ആരംഭിച്ചു.
മറ്റ് യാത്രക്കാർ പരിഭ്രാന്തരായി നോക്കിനിൽക്കെ അയാൾ കണ്ടക്ടറെ ക്രൂരമായി മർദ്ദിച്ചു. കുറച്ച് സമയത്തിന് ശേഷം, അയാൾ ബസ്സിൽ നിന്ന് ഇറങ്ങി. ബസ് സർവീസ് നടത്തുന്നവർ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കൈമാറുകയും എൻസിസി കേഡറ്റിനെതിരെ എഫ്‌ഐആർ ഫയൽ ചെയ്യുകയും ചെയ്തു. ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, എൻസിസി കേഡറ്റിനെതിരെ ഐപിസി സെക്ഷൻ 323, 504 എന്നിവ പ്രകാരം ജഹാംഗീരാബാദ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് എൻഡിടിവിയോട് പറഞ്ഞു.