'സെന്‍കുമാറിനും മുരളീധരനും കെട്ടിപ്പിടിച്ചുമ്മ'; ചൈനയില്‍ നിന്നൊരു മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥന്‍റെ കുറിപ്പ്

കൊറോണയുടെ ഈ ജന്മനാട്ടിൽ ഇപ്പോൾ അഞ്ചു ഡിഗ്രിയാണ് താപമെങ്കിലും പണിയെടുക്കുന്ന എഞ്ചിൻ റൂമിൽ പലയിടത്തും നാല്പതിനും അമ്പതിനും ഒക്കെ ഇടയിലാണ് ചൂട്. ഇവിടെ വന്നു എന്ന ഒരൊറ്റ കാരണം കൊണ്ട് ഇനി പതിനാലു ദിവസത്തേക്ക് മറ്റൊരു രാജ്യത്തെ തുറമുഖത്തും ഞങ്ങൾക്ക് ഇറങ്ങാൻ കഴിയില്ല.

malayali merchant navy officers note from china went viral for disclosing fake claims of TP senkumar and K Muraleedharan

ഉയര്‍ന്ന താപനിലയില്‍ കൊറോണ വൈറസ് നിലനില്‍ക്കാന്‍ സാധിക്കില്ലെന്ന ബിജെപി നേതാവ് ടി പി സെന്‍കുമാറിന്‍റേയും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍റേയും അവകാശവാദത്തെ പരിഹസിച്ച് ചൈനയില്‍ നിന്ന് മലയാളിയായ മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥന്‍. ചൈനയിലെ ഷാങ് ഡോങ് പ്രവിശ്യയിലെ ഒരു പ്രധാന തുറമുഖനഗരമായ ജിങ് ടൗവ്വില്‍ നിന്നാണ് നിരഞ്ജന്‍ എന്ന മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥന്‍റെ കുറിപ്പ്. പൂർണമായും അടച്ചുപൂട്ടപ്പെട്ട വു ഹാനിൽ നിന്ന് അതിനു മുമ്പ് വന്ന പിന്നീട് രോഗം സ്ഥിരീകരിച്ച ഒരാൾ രണ്ടു മണിക്കൂറോളം ഇവിടുത്തെ സബ് വേയിലെ നാലു ലൈനുകളിൽ യാത്ര ചെയ്തിട്ടുണ്ട് എന്ന അറിവിൽ ഒന്നര മാസം മുമ്പ് പൂർണമായും സ്തംഭിച്ചു പോയ നഗരമാണിത്.

ഇവിടെ വന്നു എന്ന ഒരൊറ്റ കാരണം കൊണ്ട് ഇനി പതിനാലു ദിവസത്തേക്ക് മറ്റൊരു രാജ്യത്തെ തുറമുഖത്തും ഞങ്ങൾക്ക് ഇറങ്ങാൻ കഴിയില്ല. കൊറോണയുടെ ഈ ജന്മനാട്ടിൽ ഇപ്പോൾ അഞ്ചു ഡിഗ്രിയാണ് താപമെങ്കിലും പണിയെടുക്കുന്ന എഞ്ചിൻ റൂമിൽ പലയിടത്തും നാല്പതിനും അമ്പതിനും ഒക്കെ ഇടയിലാണ് ചൂട്. ശ്രീ.കെ.മുരളീധരൻ പറഞ്ഞ ഇരുപത്തൊമ്പത് ഡിഗ്രിയിലും കൂടുതൽ. ഇനി പോകുന്ന, ഇപ്പോൾത്തന്നെ നിരവധി കൊറോണ ബാധിതരുള്ള സിംഗപ്പൂരിലും അതിനു മുകളിലാണ് ചൂട്.

അതു കൊണ്ട് ഈ വഴികളിലൊക്കെ പോയി എന്തുകൊണ്ടും സുരക്ഷിതനായ എനിക്ക് നാട്ടിൽ എയർപ്പോർട്ടിൽ എത്തിയ ഉടനെ ശ്രീ മുരളീധരനേയും സെൻ കുമാറിനേയും ഒന്ന് കെട്ടിപ്പിടിക്കണം എന്നുണ്ട്. ഒന്നുകൂടി ഒരു സുരക്ഷിതത്വബോധം തോന്നാനാണ് എന്നാണ് നിരഞ്ജന്‍റെ പരിഹാസം. നിപ്പയും ഇപ്പോൾ കൊറോണയും നേരിടേണ്ടി വന്നപ്പോൾ കേരളത്തിലെ പൊതുജനാരോഗ്യരംഗത്ത് ഏറെ ക്ഷമതയോടെ പ്രവർത്തിച്ചവരെയും അതിനെ ഏറ്റവും ഫലപ്രദമായി ഏകോപിപ്പിച്ച ആരോഗ്യമന്ത്രിയുടെ ടീമിനേയും അപമാനിക്കുന്ന ഒന്നാണ് കൊറോണയൊക്കെ ചൂടത്ത് ആവിയായിപ്പോയതാണ് എന്ന കെ മുരളീധരന്റെ പ്രസ്താവനയും സെൻ കുമാറിന്റെ പ്രചാരണവുമെന്നും നിരഞ്ജന്‍ കൂട്ടിച്ചേര്‍ക്കുന്നു.

മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥനായ നിരഞ്ജന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

കെ.മുരളീധരനും ടി.പി.സെൻ കുമാറിനും കെട്ടിപ്പിടിച്ചുമ്മ

മുകളിലെഴുതിയത് ഒരു ആഗ്രഹമാണ്. അങ്ങനെ ഒരു ആഗ്രഹം തോന്നാനുള്ള പശ്ചാത്തലം ഈ പടത്തിൽ കാണുന്ന പശ്ചാത്തലത്തിലെ നഗരമാണ്. ഇത് ജിങ് ടൗ (Qing dao എന്ന് ഇംഗ്ലീഷിൽ) ചൈനയിലെ ഷാങ് ഡോങ് പ്രവിശ്യയിലെ ഒരു പ്രധാന തുറമുഖനഗരം. കഴിഞ്ഞ ഒരാഴ്ചയായി ഇവിടെയാണ്.

കൊറോണ വൈറസിന്റെ ഉറവിടമായി കരുതുന്ന ഹുബൈ പ്രവിശ്യയിലെ വു ഹാനിൽ നിന്ന് ആയിരം കിലോമീറ്ററോളം ദൂരെയാണ് ജിങ് ടൗ. പൂർണമായും അടച്ചുപൂട്ടപ്പെട്ട വു ഹാനിൽ നിന്ന് അതിനു മുമ്പ് വന്ന പിന്നീട് രോഗം സ്ഥിരീകരിച്ച ഒരാൾ രണ്ടു മണിക്കൂറോളം ഇവിടുത്തെ സബ് വേയിലെ നാലു ലൈനുകളിൽ യാത്ര ചെയ്തിട്ടുണ്ട് എന്ന അറിവിൽ ഒന്നര മാസം മുമ്പ് പൂർണമായും സ്തംഭിച്ചു പോയ നഗരമാണിത്. വു ഹാൻ പതിനൊന്നു മണിക്കൂറിലധികം ഡ്രൈവ് വേണ്ട ദൂരത്തിലായിട്ടു പോലും. ചൈനയുടെ വ്യാവസായിക ഭൂപടത്തിൽ മുഖ്യസ്ഥാനമുള്ള ഈ നഗരം പ്രവർത്തനരഹിതമായാലുള്ള ആഘാതം ഊഹിക്കാവുന്നതേ ഉള്ളൂ.

അംഗോളയിൽ നിന്ന് ലോഡ് ചെയ്ത രണ്ടു ലക്ഷത്തി എൺപതിനായിരം ടൺ ക്രൂഡോയിലുമായാണ് ഞങ്ങൾ ഇവിടെ എത്തിയത്. ഇവിടെയുള്ള റിഫൈനറികളുടെ പ്രവർത്തനം ഏറെ നാൾ നിലച്ചതുകൊണ്ടും പെട്രോളിയം ഉൽപ്പന്നങ്ങളുടെ നീക്കം കുറഞ്ഞതുകൊണ്ടും ഇവിടെ കാത്തു കിടക്കുന്ന കപ്പലുകളിലെ എണ്ണ ശേഖരിക്കാൻ സ്ഥലമില്ലാത്ത അവസ്ഥയിലാണ് ഈ നഗരം. നാലു ദിവസം നങ്കൂരമിട്ടു കിടന്ന ശേഷം ഞങ്ങളുടെ കപ്പൽ ടെർമിനലിൽ ബെർത്ത് ചെയ്തത് ഇത് ബ്രിട്ടീഷ് പെട്രോളിയത്തിന്റെ കാർഗോ ആണ് എന്ന മുൻഗണന കൊണ്ട് മാത്രമാണ്. സാധാരണ ഗതിയിൽ പരമാവധി 36 മണിക്കൂർ കൊണ്ട് പമ്പ് ചെയ്ത് തീർക്കാവുന്നതിനു പകരം ഒരാഴ്ചയോളം നിന്നാലേ ഞങ്ങളുടെ ഓപ്പറേഷൻ കഴിയൂ. എണ്ണസംഭരണ ടാങ്കുകൾ കാലിയാവുന്ന മുറയ്ക്ക് മെല്ലെമെല്ലെയാണ് പമ്പിങ്.

കൊറോണയ്ക്കെതിരെ പൂർണമായ പ്രതിരോധം സ്വീകരിച്ചുകൊണ്ടാണ് ഇവിടെ ടെർമിനലിൽ ഉള്ളത്. കഴിയുന്നതും കുറച്ച് ചൈനക്കാരാണ്, അതും പരിശോധനകൾ കഴിഞ്ഞ് ആരോഗ്യസ്ഥിതിക്ക് കുഴപ്പമൊന്നുമില്ല എന്ന് ഉറപ്പുവരുത്തിയവർ മാത്രമാണ് കപ്പലിൽ വന്നത്. ഏതാണ്ട് അമേരിക്കൻ തുറമുഖങ്ങളിൽ ഉള്ളതിനേക്കാൾ കർശനമായി പതിവുള്ള ഇമിഗ്രേഷൻ, കസ്റ്റംസ് പരിശോധനകൾ പോലും വളരെ ചുരുക്കം ആളുകൾ വന്ന് എളുപ്പത്തിൽ തീർത്തുപോയി. മുഴുവൻ കപ്പൽ ജീവനക്കാരുമായി നേരിൽ കാണുകപോലും ചെയ്യാതെ. കപ്പലിൽ നടക്കേണ്ടിയിരുന്ന ഓയിൽ മേജർമാരുടെ പരിശോധനകൾക്ക് എല്ലാ ഏജൻസികളും വിസമ്മതിച്ചു. പുറത്തു നിന്ന് ഒരു വിധത്തിലുള്ള ഭക്ഷ്യവസ്തുക്കളും പ്രവേശിപ്പിച്ചില്ല. ഒരു സ്റ്റോറും എടുത്തില്ല. ഈ പ്രശ്നമൊന്നും ഇല്ലായിരുന്നെങ്കിൽ ഇവിടെ നിന്ന് ഞങ്ങൾ അഞ്ചു പേർ അവധിക്ക് വരേണ്ടതായിരുന്നു. ഇവിടെ വന്നു എന്ന ഒരൊറ്റ കാരണം കൊണ്ട് ഇനി പതിനാലു ദിവസത്തേക്ക് മറ്റൊരു രാജ്യത്തെ തുറമുഖത്തും ഞങ്ങൾക്ക് ഇറങ്ങാൻ കഴിയില്ല. ഇവിടെ നിന്ന് പോകുന്ന സിംഗപ്പൂരിൽ എത്തുമ്പോൾ പതിനാലു ദിവസം പൂർത്തിയാവില്ല എന്ന കാരണം കൊണ്ട് അവിടെ നടക്കേണ്ട വാർഷിക സർവേക്ക് വരാൻ ക്ലാസിഫിക്കേഷൻ സൊസൈറ്റിയായ DNV ഇതിനകം തന്നെ വിസമ്മതം അറിയിച്ചു.

പറഞ്ഞുവന്നത് വിദൂരമായ സാധ്യതകളെപ്പോലും കണക്കിലെടുത്തുകൊണ്ട് അന്താരാഷ്ട്രതലത്തിൽ പലയിടത്തും നടക്കുന്ന മുൻകരുതലുകളെക്കുറിച്ചാണ്. ഞങ്ങൾ കപ്പൽ ജീവനക്കാരടക്കം. അതോടൊപ്പം ഇങ്ങനെയൊരു അസുഖം കൊണ്ട് നാടിനുണ്ടാകാവുന്ന സാമ്പത്തിക് ആഘാതങ്ങളെക്കുറിച്ചും.

ചൈനയെപ്പോലൊരു രാഷ്ട്രം ദുരന്തങ്ങളെ നേരിടുന്നത് ആദ്യമായല്ല. നാവികജീവിതത്തിനിടയിൽ പല തവണ വന്ന ചൈനീസ് തുറമുഖങ്ങളിലേയും മാസങ്ങളോളം ചിലവിട്ട ഷിപ്പ് യാർഡ് ജോലികളിലേയും അനുഭവങ്ങൾ വെച്ചു കൊണ്ട് പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്ന ഒരു കേന്ദ്രീകൃതസംവിധാനത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് മതിപ്പുണ്ടായിട്ടുണ്ട്. ചൈനീസ് ഭാഷ വളരെയധികം പ്രയത്നം ഉപയോഗിക്കേണ്ട ഒന്നാണ്. ഒരു കാര്യം വിശദമാക്കുന്നതിന് ഉപയോഗിക്കേണ്ട ഭാഷ കുറച്ചധികമുണ്ട്. അതുകൊണ്ട് വളരെ കുറച്ചു വാചകങ്ങളിൽ കഴിയുന്നതും എക്കണോമിക്കായി വളരെ പെട്ടെന്ന് കാര്യം പറയുക, വളരെ ചെറിയ ചോദ്യങ്ങളിൽ കഴിയുന്നത്ര കാര്യങ്ങൾ മനസ്സിലാക്കുക എന്നതാണ് ഒരു ചൈനീസ് സംസ്കാരം.റെഡി മെയ്ഡ് പഴമൊഴികൾ ഏറ്റവും കൂടുതൽ ഉള്ളതും ഒരു പക്ഷെ അതു കൊണ്ടാവണം. ഡെങ് സിയാവോ പിങ്ങിന് “പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെപ്പിടിച്ചാൽ മതി” എന്നു മാത്രമേ പറയേണ്ടി വന്നുള്ളൂ. ബാക്കിയുള്ളത് ജനം ഊഹിച്ച് കണ്ടറിഞ്ഞു ചെയ്തു. സാംസ്കാരിക വിപ്ലവത്തിന്റെ കാലത്ത് കർഷകർക്കൊപ്പം പാടത്തെ പണിക്കു പറഞ്ഞയക്കപ്പെട്ട ലിയു ഷുവാൻസി പിന്നീട് ഐ.ബി.എമ്മിന്റെ പി.സി ഡിവിഷൻ വാങ്ങിച്ച ലെനോവോ എന്ന കമ്പനി സ്ഥാപിച്ചതൊക്കെ അങ്ങനെയൊരു ഊഹത്തിന്റെ പുറത്താവണം. അമേരിക്കൻ ശൂന്യാകാശസംരംഭങ്ങളുടെയൊക്കെ ഭാഗമായിരുന്ന ഇംഗർസോൾ എന്ന കമ്പനിയെ ചൈനീസ് ടേക്കോവർ എന്ന നാണക്കേടിൽ നിന്ന് രക്ഷിക്കാൻ യു.,എസ്.സെനറ്റിന് ഇടപെടേണ്ടി വന്ന അവസ്ഥ തന്നെ ഉണ്ടായതും അതുകൊണ്ടൊക്കെ ആവണം. അതുകൊണ്ടു തന്നെ ചൈന ഈ വിപത്തിൽ നിന്ന് കരകയറുമെന്ന് വിശ്വസിക്കാൻ മതിയായ കാരണങ്ങളുണ്ട്.

കൊറോണ എന്ന ആഗോളമായ ഒരു വിപത്ത് വന്ന് മുന്നിൽ നിൽക്കുമ്പോൾ ഡെങ് പറഞ്ഞ പോലെ പിണറായി വിജയനോ ശൈലജട്ടീച്ചറോ ഒരു കാര്യം പറഞ്ഞാൽ മുഖവിലയ്ക്കെടുക്കാൻ നമ്മൾ കൂട്ടാക്കില്ല എന്നാണല്ലോ സമീപദിവസങ്ങളിൽ പലരുടേയും പ്രതികരണങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. തൊടരുത് എന്ന് ശൈലജട്ടീച്ചറുടെ ആരോഗ്യവകുപ്പ് പല തവണ പറഞ്ഞാലും ടി.പി.സെങ്കുമാറിന് ആരുടെയെങ്കിലും അസ്ഥാനത്ത് പോയി ചൊറിഞ്ഞാലേ മതിയാവൂ. കെ.മുരളീധരന് എല്ലാ ചാനലിലും കാണാവുന്ന തന്റെ പല്ലിട കുത്തി മണപ്പിച്ച് സംസാരിച്ചാലേ പറ്റൂ. തുപ്പരുതെന്നു പറഞ്ഞാലും പലർക്കും നാടു നീളെ നടന്ന് വിഷം തന്നെ തുപ്പിയാലേ മതിയാവൂ.

ഇമ്മാതിരി ജന്മങ്ങളോട് ശത്രുത തോന്നിയിട്ട് കാര്യമില്ല എന്ന തോന്നലിലാണ് തലക്കെട്ടിൽ പറഞ്ഞ ആഗ്രഹം വന്നുപോയത്. കൊറോണയുടെ ഈ ജന്മനാട്ടിൽ ഇപ്പോൾ അഞ്ചു ഡിഗ്രിയാണ് താപമെങ്കിലും പണിയെടുക്കുന്ന എഞ്ചിൻ റൂമിൽ പലയിടത്തും നാല്പതിനും അമ്പതിനും ഒക്കെ ഇടയിലാണ് ചൂട്. ശ്രീ.കെ.മുരളീധരൻ പറഞ്ഞ ഇരുപത്തൊമ്പത് ഡിഗ്രിയിലും കൂടുതൽ. ഇനി പോകുന്ന, ഇപ്പോൾത്തന്നെ നിരവധി കൊറോണ ബാധിതരുള്ള സിംഗപ്പൂരിലും അതിനു മുകളിലാണ് ചൂട്. അതു കൊണ്ട് ഈ വഴികളിലൊക്കെ പോയി എന്തുകൊണ്ടും സുരക്ഷിതനായ എനിക്ക് നാട്ടിൽ എയർപ്പോർട്ടിൽ എത്തിയ ഉടനെ ശ്രീ മുരളീധരനേയും സെൻ കുമാറിനേയും ഒന്ന് കെട്ടിപ്പിടിക്കണം എന്നുണ്ട്. ഒന്നുകൂടി ഒരു സുരക്ഷിതത്വബോധം തോന്നാനാണ്.

കൂട്ടത്തിൽ പഴയൊരു കഥ കൂടി ഓർമ്മ വരുന്നു. മർച്ചന്റ് നേവിയിൽ കയറി ബോംബെയിലെ ഇന്ദിരാ ഡോക്സിൽ ട്രെയിനിങ് നടക്കുന്ന സമയത്ത് എനിക്ക് മലേറിയ ബാധിച്ചു. അവിടത്തെ ഡോക്ടറെ കണ്ടപ്പോൾ തികച്ചും സാധാരണം എന്ന പോലെ ക്ലോറോക്വിൻ ഗുളിക തന്നു. മൂന്നാം ദിവസം തന്നെ പനി മാറി പണിക്ക് പോകേണ്ടി വന്നു. ക്ഷീണമുണ്ടെങ്കിലും കഠിനമായ ജോലികളിൽ നിന്ന് മാറിനിൽക്കാൻ കഴിയുമായിരുന്നില്ല. അതൊക്കെ കഴിഞ്ഞ് അവധിക്ക് നാട്ടിലെത്തിയപ്പോൾ വീണ്ടും പനി വന്നു. ചെർപ്പുളശ്ശേരിയിലെ സർക്കാർ ആശുപത്രിയിൽ പോയി. ജോലിയെക്കുറിച്ച് ചോദിച്ചറിഞ്ഞപ്പോൾ തന്നെ ഡോക്ടർ രക്തപരിശോധനക്ക് വിട്ടു. റിസൾട്ടിൽ മലേറിയ വീണ്ടും വന്നതാണെന്ന് സ്ഥിരീകരിച്ചു. ഇനി ചികിത്സക്ക് താൻ കടമ്പഴിപ്പുറം ആസ്പത്രിയിലേക്ക് പോണം എന്നു പറഞ്ഞപ്പോൾ ഞാനൊന്ന് അമ്പരന്നു. മലേറിയ പൂർണമായും കേരളത്തിൽ നിർമ്മാർജനം ചെയ്തതാണ്. അതിന് ചില ചിട്ടവട്ടങ്ങളുണ്ട് താൻ അങ്ങട് പൊയ്ക്കോളൂ എന്ന് ഡോക്ടർ ആവർത്തിച്ചപ്പോൾ ഇതെന്ത് നാടകം എന്ന് ചിന്തിച്ച് കടമ്പഴിപ്പുറത്തേക്ക് ബസ്സു കയറി. അവിടുത്തെ ഡോക്ടറും നഴ്സും പരിശോധന കഴിഞ്ഞ് ഗുളികകൾ പൊതിഞ്ഞു തന്നു. രണ്ട് തരം മരുന്നുകൾ അപ്പോൾ തന്നെ കഴിപ്പിച്ചു. ഇനി നാളെ ഇവിടെ വന്ന് ഈ മരുന്ന് കഴിക്കണം എന്ന് പറഞ്ഞപ്പോൾ ഒരു അഭ്യസ്തവിദ്യനായ എഞ്ചിനീയറെ കളിയാക്കുന്നോ എന്ന മുറിപ്പെടലോടെ ഞാൻ വീട്ടിൽ നിന്ന് കഴിച്ചോളാം എന്നു പറഞ്ഞപ്പോൾ ഡോക്ടർ ചിരിച്ചു. “ഏയ് തനിക്ക് മനസ്സിലായില്ല. മലേറിയയെ അങ്ങനെ ഞങ്ങൾക്ക് വിടാൻ പറ്റില്ല. താൻ മരുന്ന് കഴിക്കുന്നു എന്ന് ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്തമുണ്ട് ഞങ്ങൾക്ക്” എന്നായി ഡോക്ടർ. “താൻ കഴിക്കും എന്നറിയാം.. പക്ഷെ ഇങ്ങനെ ചെയ്തേ പറ്റൂ” എന്ന് കേട്ടപ്പോൾ ഞാൻ വീണ്ടും അന്തം വിട്ടു. വീട്ടിൽ തിരിച്ചെത്തിയപ്പോൾ അതിലേറെ പുകിലായി. ഒരു വെള്ള ജീപ്പിൽ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ വീട്ടിലെത്തി. അച്ഛന്റേയും അമ്മയുടേയും രക്തസാമ്പിൾ എടുത്തു. അവിടെയും നിന്നില്ല. അഞ്ഞൂറു മീറ്റർ ചുറ്റളവിലുള്ള എല്ലാ വീട്ടിലുമുള്ള എല്ലാവരുടേയും ചോരയെടുത്തു. സൂചി കൊണ്ടവർക്കൊക്കെ ഗോപിമാഷുടെ മകൻ ബോംബെയിൽ നിന്ന് മലേറിയയും കൊണ്ട് വന്നിട്ടുണ്ട് എന്ന വിവരം വേദനയോടെ മനസ്സിലായി.

പിന്നെ മരുന്നു തീരുന്നതു വരെ നിത്യവും രാവിലത്തെ ശ്രേയസ്സ് പിടിച്ച് ഞാൻ കടമ്പഴിപ്പുറത്ത് പോകും. ചടങ്ങിന്റെ കൃത്യതയോടെ ഡോക്ടറുടെ മുമ്പിൽ നിന്ന് ഗുളിക കഴിക്കും. പത്തേമുക്കാലിന്റെ മയിലിന് തിരിച്ചുപോരും. ഗുളികയുടെ അവസാനദിവസം ഡോക്ടർ എന്റെ മലേറിയയെ പൂർണമായും ഉച്ചാടനം ചെയ്തതിന്റെ കടലാസുപണികൾ പൂർത്തിയാക്കി എന്നെക്കൊണ്ട് എവിടെയോ ഒപ്പും ഇടീച്ചു.
പിന്നെ ചോദിച്ചു
“മർച്ചന്റെ നേവീ ന്നൊക്കെ പറയുമ്പൊ താൻ ഒരുപാട് രാജ്യത്തൊക്കെ പൂവും അല്ലേ?”
“ഉവ്വ്” ഞാൻ കുറ്റബോധത്തോടെ സമ്മതിച്ചു.
“താനൊക്കെ നാട്ടിലിക്ക് വരാണ്ടിരിക്ക്യാണ് നല്ലത്” ഡോക്ടർ ഉപദേശിച്ചു.
ശരിയാണ് എന്ന് എനിക്കും തോന്നായ്കയില്ല.

അന്നു ബോധ്യപ്പെട്ട, വിഖ്യാതമായ കേരളാ മോഡലിലെ പൊതുജനാരോഗ്യരംഗത്തെക്കുറിച്ചുള്ള വിശ്വാസം കൂടുതൽ ഉറച്ചിട്ടേയുള്ളൂ. ഐക്യകേരളത്തിലെ ആദ്യമന്ത്രിസഭയിലെ ആരോഗ്യമന്ത്രി ഒരു ഡോക്ടറായ എ.ആർ.മേനോനായിരുന്നു എന്നത് രസമുള്ള ഒരു യാദൃച്ഛികതയാണ്. കേരളത്തിന്റെ പൊതുജനാരോഗ്യസേവനത്തിന് അക്കാലം തൊട്ടു തന്നെ ഫലപ്രദവും വിപുലവുമായ ഒരു ശൃംഖല ഉണ്ട്. സേവനസന്നദ്ധരായ നേഴ്സുമാരും ഡോക്ടർമാരുമുണ്ട്. (എട്ടോ ഒമ്പതോ വയസ്സുള്ളപ്പോൾ മെനിഞ്ചൈറ്റിസ് ബാധിച്ച എന്നെ രോഗം തിരിച്ചറിഞ്ഞ് സമയത്ത് ചികിത്സ തന്ന് ജീവൻ പോവാതെ രക്ഷപ്പെടുത്തിയത് ചെർപ്പുളശ്ശേരി സർക്കാരാശുപത്രിയിലെ വേണു ഡോകടറാണ്. ഡോക്ടർ പെരിന്തൽമണ്ണക്ക് ട്രാൻസ്ഫറായപ്പോഴും പിന്നീടും ഡോക്ടറെ കൺസൾട്ട് ചെയ്യേണ്ടിവന്നിട്ടുണ്ട്. രണ്ടു വർഷം മുമ്പും ഇപ്പോൾ കലാപരിപാടികളും ചില്ലറ സിനിമാഭിനയവും ഒക്കെയായി നടക്കുന്ന ഡോക്ടറെ കണ്ട് എന്നെ ജീവിപ്പിച്ചിരുത്തിയതിൽ ഡോക്ടറോടുള്ള നന്ദി രേഖപ്പെടുത്തിയിരുന്നു) ഈ ശൃംഖലയുടെ ഭൗതികസാഹചര്യങ്ങൾ എപ്പോഴാണ് മെച്ചപ്പെടുന്നതെന്നും ഏറ്റവും നന്നായി മാനേജ് ചെയ്യപ്പേടുന്നത് എന്നും പരിശോധിച്ചാൽ ഫുൾ മാർക്ക് വീഴുന്നത് ഇടക്കിടെ വന്ന ഇടതുപക്ഷസർക്കാറുകൾക്കാണ് എന്നത് ഉറപ്പ്. (രണ്ടാം നായനാർ സർക്കാറിന്റെ കാലത്താണ് എനിക്ക് രണ്ടാം മലേറിയ വന്നത്. ശ്രീ.എ.സി.ഷണ്മുഖദാസ് ആരോഗ്യമന്ത്രിയായിരുന്ന കാലത്ത്). നിപ്പയും ഇപ്പോൾ കൊറോണയും നേരിടേണ്ടി വന്നപ്പോൾ കേരളത്തിലെ പൊതുജനാരോഗ്യരംഗത്ത് ഏറെ ക്ഷമതയോടെ പ്രവർത്തിച്ചവരെയും അതിനെ ഏറ്റവും ഫലപ്രദമായി ഏകോപിപ്പിച്ച ആരോഗ്യമന്ത്രിയുടെ ടീമിനേയും അപമാനിക്കുന്ന ഒന്നാണ് കൊറോണയൊക്കെ ചൂടത്ത് ആവിയായിപ്പോയതാണ് എന്ന ശ്രീ. കെ.മുരളീധരന്റെ പ്രസ്താവനയും സെൻ കുമാറിന്റെ പ്രചാരണവും.

പല രാജ്യങ്ങളിൽ പോയി നിരങ്ങി വരുന്ന, പണ്ട് താൻ നാട്ടിലേക്ക് വരണ്ട എന്ന് കടമ്പഴിപ്പുറം ആസ്പത്രിയിലെ ഡോക്ടറുടെ ഉപദേശം കേട്ട എനിക്ക് നിങ്ങളോടുള്ള പ്രതിഷേധം രേഖപ്പെടുത്താൻ ഒരു വഴിയേ കാണുന്നുള്ളൂ. നാട്ടിൽ വന്ന ഉടനെ, കഴിയുമെങ്കിൽ എയർപ്പോർട്ടിൽ നിന്നു തന്നെ, നിങ്ങൾ രണ്ടാളെയും ഒന്ന് കെട്ടിപ്പിടിക്കണം. രോഗവിമുക്തനാണ് എന്ന് ഉറപ്പുവരുത്താനാണ്. സങ്ങതി വിജയകരമായാൽ കെട്ടിപ്പിടിക്കുന്ന ദൈവത്തിന്റെ ഒഴിവിലേക്ക് രണ്ടാളുമായി.
29 ഡിഗ്രിയിൽ കൂടുതൽ ചൂടുമായി രണ്ടു പേരും വരില്ലേ… ബ്ലീസ്..!
-നിരഞ്ജൻ 11.03.2020

 

Latest Videos
Follow Us:
Download App:
  • android
  • ios