'പൂച്ചയ്ക്കൊരു പേരിട്ടോട്ടെ..ആ ടീച്ചർ തന്നെ പേരിട്ടോ'; ഓണ്‍ലൈന്‍ ക്ലാസ് കുട്ടികള്‍ ആസ്വദിക്കുന്നത് ഇങ്ങനെ
ഓൺലൈന്‍ ക്ലാസ് ആദ്യ ദിവസം പിന്നിടുമ്പോൾ എങ്ങുനിന്നും മികച്ച അഭിപ്രായങ്ങളാണ് കേൾക്കുന്നത്. വിദ്യാർഥികൾക്കും അധ്യാപകർക്കും ഇതൊരു പുതിയ അനുഭവമായിരുന്നു.
തിരുവനന്തപുരം: കൊവിഡിനാല്‍ ലോക്കായി പോയ കുട്ടികള്‍ക്ക് എല്ലാവർഷവും നടക്കേണ്ട അധ്യയനവർഷാരംഭവും ഇത്തവണയില്ല. പതിവിലും വിപരീതമായി ഇത്തവണ ഓൺലൈന്‍ സംവിധാനത്തിലൂടെയാണ് അധ്യയനവർഷം ആരംഭിച്ചത്. സ്‌കൂളുകളിലേക്ക് സുഹൃത്തുക്കളുമായി കൂട്ടുകൂടി പോകാൻ സാധിക്കാത്തതിന്റെ വിഷമം എല്ലാ വിദ്യാർഥികൾക്കുമുണ്ട്. എന്നാൽ, അതോടൊപ്പം ഓണ്‍ലൈന്‍ വഴി ക്ലാസുകളിൽ പങ്കെടുക്കുന്നതിന്‍റെ ആകാംക്ഷയും.
ഓൺലൈന്‍ ക്ലാസ് ആദ്യ ദിവസം പിന്നിടുമ്പോൾ എങ്ങുനിന്നും മികച്ച അഭിപ്രായങ്ങളാണ് കേൾക്കുന്നത്. വിദ്യാർഥികൾക്കും അധ്യാപകർക്കും ഇതൊരു പുതിയ അനുഭവമായിരുന്നു. ക്ലാസുകൾ ആരംഭിക്കും മുൻപുള്ള ടെൻഷനെല്ലാം ഇപ്പോൾ പമ്പകടന്നെന്നാണ് വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും അഭിപ്രായപ്പെടുന്നത്.
ചെറിയ ക്ലാസിലെ കുട്ടികൾക്ക് സ്‌കൂളിൽ ക്ലാസെടുക്കുന്ന രീതിയാണ് ഏറെ ശ്രദ്ധേയമായത്. കഥകൾ പറഞ്ഞും പാട്ട് പഠിപ്പിച്ചും വിദ്യാർഥികളെ രസിപ്പിക്കുന്ന അധ്യാപകർ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഇത്തരത്തില്‍ ഒന്നാം ക്ലാസിലെ കുട്ടികളെ സ്വാഗതം ചെയ്ത് ക്ലാസ് എടുത്ത സായി ടീച്ചറുടെ ക്ലാസ് ആഘോഷമാക്കുന്ന കുട്ടിയുടെ വീഡിയോയാണ് ഒരു രക്ഷിതാവ് പോസ്റ്റ് ചെയ്തത്.
'പൂച്ചയ്ക്കൊരു പേരിട്ടോട്ടെ.. ടിവിയിലൂടെ സായി ടീച്ചറിന്റെ ചോദ്യം.‘ആ ടീച്ചർ തന്നെ പേരിട്ടോ.’തുള്ളിച്ചാടി അവന്റെ മറുപടി..’ ഓൺലൈൻ ക്ലാസുകൾ പൂർണ വിജയം എന്ന് തെളിയിക്കാൻ ഇൗ കുഞ്ഞ് ടിവിയുടെ മുന്നിൽ ഇരുന്ന് നടത്തുന്ന പ്രതികരണം മാത്രം മതിയാകും.
അത്രത്തോളം ആസ്വദിച്ച് ക്ലാസിൽ പങ്കെടുക്കുകയാണ് ഈ കുട്ടി. ഒരു ചിത്രം കയ്യിലെടുത്ത് ഇതെന്താണെന്ന് ചോദിക്കുമ്പോൾ കുട്ടി ടിവിയുടെ മുന്നിലിരുന്ന് അവൻ മറുപടി പറയുന്നതും കേൾക്കാം. വിഡിയോ കാണാം. രക്ഷിതാവ് പ്രമോദ് എസ് കൊല്ലമാണ് മകന്‍ പ്രയാഗിന്‍റെ വീഡിയോ ഷെയര്‍ ചെയ്തത്.