റിട്ടയര്‍മെന്‍റ് ആഘോഷം: ഒന്നിച്ചിരുന്ന് തയ്ച്ച 1000 മാസ്കും ആഘോഷച്ചെലവും സംഭാവന ചെയ്ത് കുടുംബം
അച്ഛനും അമ്മയും സഹോദരിയുമുൾപ്പെടെയുള്ളവർ മാസ്ക് നിർമ്മാണത്തിൽ പങ്കാളികളായി എന്ന് സരൂപ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി കേരളം മുന്നോട്ടുപോവുകയാണ്. അതിന്‍റെ ഭാഗമായി മറ്റിടങ്ങളെ അപേക്ഷിച്ച് കൊവിഡിനെ കാര്യമായി ചെറുക്കാനും സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. സര്‍ക്കാറും തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യ പ്രവര്‍ത്തകരുമടക്കമുള്ള സൈന്യം അഹോരാത്രം പ്രവര്‍ത്തനനിരതരാണ്. ഇവര്‍ക്ക് പിന്തുണയുമായി സമൂഹത്തിന്‍റെ നാനാ ഭാഗത്തുനിന്നും സ്വമനസുകളുടെ സഹായമെത്തുന്നതും കേരളത്തിന് കരുത്താവുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആടിനെ വിറ്റുകിട്ടുന്ന പണം നല്‍കിയും ആകെയുള്ള വസ്തു നല്‍കിയും ഇവര്‍ നല്‍കുന്ന പിന്തുണ ഏറെ വലുതാണ്.
അത്തരത്തില്‍ തങ്ങളാല്‍ കഴിയുന്നത് ചെയ്ത തൃത്താല ബ്ലോക്ക് പഞ്ചായത്ത് ബിഡിഒയുടെയും കുടുംബത്തിന്‍റെയും സംഭാവന ശ്രദ്ധേയമാവുകയാണ്. മെയ് 31ന് റിട്ടയര്‍ ചെയ്യുന്ന പരിപാടിക്കായി നീക്കിവച്ച തുകയായ 15000 രൂപയും മകളുടെ ജെആർഎഫില്‍ നിന്ന് ലഭിച്ച 5000 രൂപയും ഒപ്പം കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് തയ്ച്ചെടുത്ത ആയിരം മാസ്കുകളുമാണ് ഈ കുടുംബം പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സീന് കൈമാറിയത്.
സരൂപിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
അങ്ങനെ അതങ്ട് ഗംഭീരായി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ. ആയ അമ്മ മേയ് 31 ന് സർവീസിൽ നിന്നും വിരമിക്കുകയാണ്. റിട്ടയർമെന്റ് പരിപാടിക്കായി നീക്കിവെച്ച 15000 രൂപയും എന്റെ ജെ.ആർ.എഫ്. ൽ നിന്നും 5000 രൂപയും പിന്നെ അച്ഛനും അമ്മേം ഞങ്ങൾ രണ്ടു മക്കളും കൂടി ഞങ്ങടെ 2 തയ്യൽ മഷീനുകളിലായി 1000 മാസ്‌ക് തയിച്ചതും നമ്മുടെ ബഹു. പട്ടാമ്പി എം. എൽ. എ. മുഹമ്മദ് മുഹ്‌സിന് കൈമാറി.
ലോകം മുഴുവൻ കൊറോണക്കെതിരെ പോരാടുകയാണ്, നമ്മുടെ കൊച്ചു കേരളം ലോകത്തിനു മുഴുവൻ മാതൃകയാകും വിധം മുന്നോട്ടുപോവുകയാണ്. സാമൂഹിക അകലം പാലിച്ചു, മാസ്‌ക് ധരിച്ച്, സാനിടൈയ്‌സർ ഉപയോഗിച്ച്, സർക്കാർ നിയന്ത്രണങ്ങൾ എല്ലാം പാലിച്ചു, കേരളത്തിന്റെ പൊതുസമൂഹവും അതിനു കരുത്തുപകരുന്ന സർക്കാരും ഒന്നായി നിന്നു ഇതിനെ മറികടക്കുക തന്നെ ചെയ്യും. ഈ ഒരവസരത്തിൽ ഞങ്ങളാൽ കഴിയുന്നത് ഞങ്ങളും ചെയ്യുന്നു.
"ഞാൻ കുറച്ച് മാസ്‌ക് അടിക്കാൻ പോവാണ്.. ഓഫീസില് വരുന്നവർക്കൊക്കെ കൊടുക്കാം, പിന്നെ ഇനി അങ്ങോട്ടു നമുക്കും ആവശ്യം വരുമല്ലോ" ഇങ്ങനെ പറഞ്ഞു തുണി വാങ്ങികൊണ്ടുവന്നു തയ്യൽ തുടങ്ങിയത് അമ്മയാണ്. "റിട്ടയർമെന്റ് പരിപാടികളൊന്നും നടത്താനാവുന്ന സാഹചര്യമല്ലല്ലോ.. എന്തായാലും മാസ്‌ക് അടിക്കുകയാണ്, എന്നാപ്പിന്നെ ഒരു 500 എണ്ണം തയ്ച്ചു സർക്കാരിലേക്ക് കൊടുക്കുന്നതായാലോ റിട്ടയർമെന്റ് പരിപാടി" എന്നു ഞാനോരഭിപ്രായം പറഞ്ഞു. ഇതാ വരുന്നു പല നിറത്തിലുള്ള തുണികളുമായി അമ്മ. പിന്നെ 3 ആഴ്ച തുടർച്ചയായി കുടുംബം മുഴുവൻ മാസ്‌ക് തയ്ക്കൽ തന്നെ. 500 എണ്ണം അവാറായപ്പോൾ എല്ലാവർക്കും ആവേശമായി. "എന്നാപ്പിന്നെ 1000 എണ്ണം ആക്കി നമ്മുടെ എം.എൽ.എ ക്കു കൊടുക്കാം" എന്ന് അച്ഛൻ.
പ്രധാന അധ്യാപകനായി വിരമിച്ചു വിശ്രമ ജീവിതം നയിക്കുന്ന അച്ഛനും ക്യാംപസ് അടച്ചിരിക്കുന്നതുകൊണ്ട് ചുമ്മാ വീട്ടിലിരിക്കുന്ന ഞാനും ചേച്ചിയും പകൽ സ്മയത്ത് കുറേ എണ്ണം തയിച്ചു. അമ്മയാണ് എന്നെ അത്ഭുതപ്പെടുത്തിയത്, രാവിലെ 9.30 ക്ക് ഓഫിസിൽ പോയി 6 മണി ക്ക് തിരിച്ചെത്തിയാൽ പിന്നെ രാത്രി 12 മണിവരെ അമ്മ കഠിനാധ്വാനം ആണ്. ഞങ്ങൾ 3 പേരും കൂടി തൈയിച്ചതിനെക്കാൾ കൂടുതൽ തൈയിച്ചെടുക്കും.. ഈ പ്രതിസന്ധിഘട്ടത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇത്രയെങ്കിലും ചെയ്യാനായത്തിൽ വലിയ സന്തോഷം..