ചെളിയിൽ താഴ്ന്ന് രണ്ട് ദിവസം, അനങ്ങുന്നത് കണ്ണും തുമ്പിക്കൈയും മാത്രം; ഒടുവിൽ ആനകൾക്ക് രക്ഷ
വരൾച്ചാ കാലത്ത് കെനിയയിൽ ഇത് സാധാരണമാണെന്ന് പോസ്റ്റിൽ പറയുന്നുണ്ടെങ്കിലും കണ്ട് നിൽക്കുന്നവരുടെ കണ്ണൊന്ന് നിറയ്ക്കും ഈ വീഡിയോ.
മൃഗങ്ങളും ചിലപ്പോൾ മനുഷ്യരെപ്പോലെ ഊരാക്കുടുക്കുകളിൽ ചെന്ന് ചാടിയേക്കും. ഒരു കൈ സഹായം നൽകിയാൻ മാത്രം പുറത്തുകടക്കാൻ കഴിയുന്ന അത്തരമൊരു കുരുക്കിൽപ്പെട്ട ആനകളുടെ ദൃശ്യങ്ങളാണ് കെനിയയിൽ നിന്ന് പുറത്തുവരുന്നത്. ഇങ്ങനെ ചെളിയിൽ കുടുങ്ങിപ്പോയ രണ്ട് ആനകളെ രക്ഷിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ ആളുകൾ ഏറ്റെടുത്തിരിക്കുകയാണ്.
ഷെൽഡ്രിക്ക് വൈൽഡ്ലൈഫ് ട്രസ്റ്റ് ആണ് നിസ്സഹായാരായ ആനകളുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വെള്ളക്കെട്ടിന് സമീപത്തെ ചെളിയിലാണ് ആനകൾ കുടുങ്ങിയത്. വെള്ളം കുടിക്കാനായി എത്തിയപ്പോൾ കുടുങ്ങിപ്പോയതാകാമെന്നാണ് കരുതുന്നത്. വരൾച്ചാ കാലത്ത് കെനിയയിൽ ഇത് സാധാരണമാണെന്ന് പോസ്റ്റിൽ പറയുന്നുണ്ടെങ്കിലും കണ്ട് നിൽക്കുന്നവരുടെ കണ്ണൊന്ന് നിറയ്ക്കും ഈ വീഡിയോ.
ചെളിയിൽ കുടുങ്ങിയാൽ പിന്നെ സഹായമില്ലാതെ ഇവര്‍ക്ക് എഴുന്നേറ്റ് നിൽക്കാൻ പോലുമാകില്ല. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ തുടര്‍ച്ചയായി നടത്തിയ ശ്രമങ്ങൾക്കൊടുവിൽ ആനകളെ രക്ഷപ്പെടുത്തി. ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. 70,000 ഓളം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകരെ ഒന്നടങ്കം പ്രശംസിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ. ചിലര്‍ ആനകളുടെ ആരോഗ്യത്തെ പറ്റിയും തിരക്കുന്നുണ്ട്.