പരിശോധിച്ചപ്പോൾ ഡോക്ടർമാർ ഞെട്ടി; യുവാവിന്റെ വയറ്റിൽ 50 നാണയങ്ങൾ!, പുറത്തെടുത്തത് ശസ്ത്രക്രിയയില്ലാതെ
ആമാശയത്തിലെ ഫണ്ടസ് ഭാഗത്താണ് ഞങ്ങൾ നാണയങ്ങൾ കണ്ടെത്തിയത്. ശസ്ത്രക്രിയ നടത്താതെ പുറത്തെടുക്കാനാണ് ഡോക്ടർമാർ തീരുമാനിച്ചത്.
ജോധ്പുർ: രാജസ്ഥാനിലെ ജോധ്പുരിൽ യുവാവിന്റെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 50 നാണയങ്ങൾ (Coins). ശസ്ത്രക്രിയയില്ലാതെയാണ് (Surgery) ഇത്രയും നാണയങ്ങൾ പുറത്തെടുത്തത്. സംഭവം അപൂർവമാണെന്നും ഡോക്ടർമാർ (Doctors) പറഞ്ഞു. കടുത്ത വയറുവേദനയെ തുടർന്ന് വെള്ളിയാഴ്ചയാണ് മഥുരദാസ് മാത്തൂർ (40) എന്ന യുവാവിനെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്. വിദഗ്ധ പരിശോധനയ്ക്കായി ആശുപത്രിയിലെ ഗ്യാസ്ട്രോ എൻട്രോളജി (Gastro entrology) വിഭാഗത്തിലേക്ക് എത്തിച്ചു. എൻഡോസ്കോപ്പി പരിശോധനയ്ക്കിടെ, ഇയാളുടെ വയറ്റിൽ നിറയെ ലോഹക്കഷണങ്ങൾ കണ്ടതോടെ ഡോക്ടർമാർ ഞെട്ടി.
ആമാശയത്തിലെ ഫണ്ടസ് ഭാഗത്താണ് ഞങ്ങൾ നാണയങ്ങൾ കണ്ടെത്തിയത്. ശസ്ത്രക്രിയ നടത്താതെ പുറത്തെടുക്കാനാണ് ഡോക്ടർമാർ തീരുമാനിച്ചത്. ഇത് ഒരു വെല്ലുവിളിയായിരുന്നു. മനുഷ്യന്റെ അന്നനാളത്തിലൂടെ ഒരു സമയം ഒന്നോ രണ്ടോ നാണയങ്ങൾ മാത്രമേ പുറത്തെടുക്കാനാകൂ. എന്നാൽ രണ്ട് ദിവസമെടുത്ത് ഇത്രയും നാണയങ്ങൾ പുറത്തെടുത്തു- ഗ്യാസ്ട്രോ ഡിപ്പാർട്ട്‌മെന്റിലെ മുതിർന്ന ഡോക്ടർ സുനിൽ ദധിച്ച് പറഞ്ഞു.
മാനസിക വിഭ്രാന്തി മൂലമാണ് യുവാവ് നാണയങ്ങൾ വിഴുങ്ങിയതെന്ന് വീട്ടുകാർ ഡോക്ടർമാരോട് പറഞ്ഞു. ഇയാൾ നേരത്തെയും ഇത്തരത്തിൽ ചെയ്തിട്ടുണ്ടെന്ന് രോഗി പറഞ്ഞു. ഗ്യാസ്‌ട്രോ ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ. നരേന്ദ്ര ഭാർഗവയുടെ മേൽനോട്ടത്തിൽ ഒരു സംഘം ഡോക്ടർമാരാണ് രണ്ട് ദിവസത്തെ പ്രയത്നത്തിന് ശേഷം എല്ലാ നാണയങ്ങളും പുറത്തെടുത്തത്. സാധാരണയായി കുട്ടികളിലാണ് ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും മുതിർന്ന ഒരാളുടെ വയറ്റിൽ നിന്ന് ഇത്രയും നാണയങ്ങൾ കണ്ടെത്തുന്നത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു മാനസിക രോഗവിദഗ്ദ്ധനെ സന്ദർശിക്കാനും ശരീരത്തിന് ദോഷം വരുത്തുന്ന കാര്യങ്ങൾ കഴിക്കുന്നത് ഒഴിവാക്കാനും ഞങ്ങൾ അദ്ദേഹത്തെ ഉപദേശിച്ചെന്നും ഡോക്ടർ പറഞ്ഞു.
പൊളിറ്റിക്കല്‍ സയന്‍സിന്‍റെ മാര്‍ക്ക് ലിസ്റ്റില്‍ 100 ൽ 151 മാർക്ക്! അധികൃതരുടെ വിശദീകരണമിങ്ങനെ...